വിക്ഷേപണത്തിന് പിന്നാലെ പൊട്ടിത്തെറിച്ചു; സ്റ്റാർഷിപ്പ് റോക്കറ്റ് പരീക്ഷണപ്പറക്കൽ പരാജയം
ഇലോൺ മസ്കിന്റെ ബഹിരാകാശ കമ്പനിയായ സ്പേസ് എക്സിന്റെ സൂപ്പർ ഹെവി റോക്കറ്റ് സ്റ്റാർഷിപ്പിന്റെ ആദ്യ പരീക്ഷണ പറക്കൽ പരാജയം. വിക്ഷേപണത്തിന് തൊട്ടുപിന്നാലെ റോക്കറ്റ് പൊട്ടിത്തെറിച്ചു. ലോഞ്ച് പാഡിൽ നിന്ന് ഉയർന്ന് മിനിറ്റുകൾക്കകമാണ് ദൗത്യം പരാജയപ്പെട്ടത്. ലോകത്തിലെ ഏറ്റവും കരുത്തുറ്റ വിക്ഷേപണ വാഹനമെന്നാണ് സ്റ്റാർഷിപ്പെന്നാണ് സ്പേസ് എക്സിന്റെ അവകാശവാദം.
ടെക്‌സാസിലെ ബൊക്ക ചിക്കയിലുള്ള സ്‌പേസ് എക്‌സിന്റെ സ്‌പേസ് പോർട്ടായ സ്റ്റാർബേസിൽ നിന്ന് ഇന്ത്യൻ സമയം വൈകീട്ട് 7.03 നാണ് ഭീമാകാരമായ റോക്കറ്റ് കുതിച്ചുയർന്നത്. വിക്ഷേപണം നടന്ന മൂന്ന് മിനിറ്റിനുള്ളിൽ ആദ്യഘട്ടം വേർപിരിയണം. എന്നണ് ഷെഡ്യൂൾ പ്രകാരം വേർപിരിയൽ ഉണ്ടായില്ല, മറിച്ച് റോക്കറ്റ് പൊട്ടിത്തെറിക്കുകയായിരുന്നു. അതേസമയം പരീക്ഷണങ്ങളിലൂടെ മാത്രമേ വിജയം കൈവരിക്കാൻ സാധിക്കുകയുള്ളൂവെന്നും ഇന്നത്തെ പരീക്ഷണ പറക്കൽ സ്റ്റാർഷിപ്പിന്റെ വിശ്വാസ്യത മെച്ചപ്പെടുത്താൻ സഹായിക്കുമെന്നും സ്‌പേസ്എക്‌സ് ട്വീറ്റ് ചെയ്തു.
ആദ്യപരീക്ഷണത്തിൽ നിന്ന് പലകാര്യങ്ങളും പഠിക്കാനായെന്നും മാസങ്ങൾക്കകം തന്നെ സ്റ്റാർഷിപ്പിന്റെ ആദ്യ വിക്ഷേപണം ഉണ്ടാകുമെന്നും ഇലോൺ മസ്ക് പ്രതികരിച്ചു. ഏപ്രിൽ 13 നായിരുന്നു സ്റ്റാർഷിപ്പ് സൂപ്പർ ഹെവിയുടെ ആദ്യ ഭ്രമണപഥ വിക്ഷേപണ പരീക്ഷണം നിശ്ചയിച്ചത്. സാങ്കേതിക തകരാറിനെ തുടർന്നായിരുന്നു ഇത്.
ബൂസ്റ്റർ പ്രഷറൈസേഷൻ സിസ്റ്റത്തിലെ വാൽവിലെ തകരാറിനെ തുടർന്നാണ് ഏപ്രിൽ 13 ന് വിക്ഷേപണം മാറ്റിവച്ചത്. റോക്കറ്റ് വിക്ഷേപണത്തിനായുള്ള അവസാനവട്ട ഒരുക്കങ്ങൾ നടക്കവെയാണ് തകരാർ കണ്ടെത്തിയത്. ടെക്സസിലെ ബൊക്ക ചിക്കയിൽ നിന്ന് വിക്ഷേപണം ചെയ്യാൻ മിനിറ്റുകൾ ശേഷിക്കവെയാണ് പ്രവർത്തനം നിർത്തിവയ്ക്കാൻ തീരുമാനിച്ചത്. രണ്ടാം ശ്രമം പരാജയപ്പെട്ടതോടെ ഇനി കൂടുതൽ പ്രശ്നപരിഹാരം ആവശ്യമാണ്.
ഗ്രഹാന്തര പര്യവേഷണം ലക്ഷ്യമിട്ട് സ്‌പേസ് എക്‌സ് നിര്‍മിച്ച കൂറ്റന്‍ റോക്കറ്റാണ് സ്റ്റാര്‍ഷിപ്പ്. വര്‍ഷങ്ങളെടുത്ത നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കും പരീക്ഷണങ്ങള്‍ക്കും ശേഷമാണ് സ്‌പേസ് എക്‌സ് വിക്ഷേപണത്തിനൊരുങ്ങിയത്. ഉപഗ്രഹങ്ങളും പേടകങ്ങളും മാത്രമല്ല, മനുഷ്യനെയും വഹിക്കാന്‍ സാധിക്കുന്ന കൂറ്റന്‍ വിക്ഷേപണവാഹനമാണിത്. ചന്ദ്രനിലേക്കും ചൊവ്വയിലേക്കും ആളുകളെ എത്തിക്കാന്‍ കഴിയുന്ന റോക്കറ്റിന്, നാസയുടെ സ്‌പേസ് ലോഞ്ച് സിസ്റ്റത്തേക്കാള്‍ കരുത്തുണ്ടെന്നാണ് സ്‌പേസ് എക്‌സ് അവകാശപ്പെടുന്നത്. അമേരിക്കന്‍ ഫെഡറല്‍ ഏവിയേഷന്‍ അഡ്മിനിസ്‌ട്രേഷന്‌റെ ലൈസന്‍സ് ലഭിച്ചതോടെയാണ് വിക്ഷേപണം പ്രഖ്യാപിച്ചത്.