ഉദ്വേഗവും ഉൾപ്പുളകവും നിറഞ്ഞ നിമിഷങ്ങൾ; ഓർമയിലെ ചന്ദ്രയാൻ-2 ലാൻഡിങ്

ഉദ്വേഗവും ഉൾപ്പുളകവും നിറഞ്ഞ നിമിഷങ്ങൾ; ഓർമയിലെ ചന്ദ്രയാൻ-2 ലാൻഡിങ്

ചന്ദ്രയാൻ ദൗത്യത്തിന്റെ നിർണായകഘട്ടമായ സോഫ്റ്റ് ലാൻഡിങ് ഒരിക്കൽ കൂടി ശാസ്ത്രപ്രേമികളെ ആവേശം കൊള്ളിക്കാൻ പോകുകയാണ്
Updated on
3 min read

2019 സെപ്റ്റംബർ ആറ്. വൈകീട്ട് ബെംഗളൂരുവിലെ ഐഎസ്ആർഒ സെന്ററിലേക്ക് പുറപ്പെട്ടത്, പിറ്റേദിവസം രാജ്യം ഉണർന്നെണീക്കുക ഓരോ പൗരനും അഭിമാനം നൽകുന്ന വാർത്തയിലേക്കാകുമെന്ന തികഞ്ഞ പ്രതീക്ഷയോടെയായിരുന്നു. ഇന്ത്യയെ അപൂർവനേട്ടത്തിന്റെ ഭാഗമാക്കുന്ന ബഹിരാകാശക്കുതിപ്പ് പ്രേക്ഷകരിലേക്കെത്തിക്കുന്ന മാധ്യമപ്രവർത്തകരുടെ കൂട്ടത്തിൽ ഇടം പിടിച്ചതിൽ സന്തോഷവും അഭിമാനവും തോന്നി.

ഉദ്വേഗവും ഉൾപ്പുളകവും നിറഞ്ഞ നിമിഷങ്ങൾ; ഓർമയിലെ ചന്ദ്രയാൻ-2 ലാൻഡിങ്
'പരാജയം പാഠമായി'; ചന്ദ്രയാൻ-2 ൽ നിന്ന് ചന്ദ്രയാൻ 3 ലേക്കുള്ള മാറ്റം

ആ ചരിത്ര നിമിഷം ബഹിരാകാശ ശാസ്ത്രജ്ഞരോടൊപ്പം വീക്ഷിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി എത്തുമെന്നതിനാൽ മാധ്യമപ്രവർത്തകർക്ക് വലിയ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നു. ദൂരദർശൻ വാർത്താസംഘത്തിനും വാർത്താ ഏജൻസിയായ എഎൻഐയ്ക്കും മാത്രമായിരുന്നു പ്രധാനമന്ത്രിയും ശാസ്ത്രജ്ഞരും ഇരിക്കുന്ന ഇടത്തേക്ക് പ്രവേശനം. ബാക്കി മാധ്യമങ്ങൾക്ക് തൊട്ടടുത്ത് മറ്റൊരു സജ്ജീകരണമാണ് ഒരുക്കിയിരുന്നത്. ഇവിടെ വലിയ സ്‌ക്രീനിൽ ചന്ദ്രോപരിതലത്തിലെ ഇന്ത്യയുടെ കാൽവയ്പ് കാണാൻ സൗകര്യമുണ്ടായിരുന്നു. ഈ വലിയ സ്ക്രീൻ പശ്ചാത്തലമാക്കിയായിരുന്നു മാധ്യമപ്രവർത്തകർ തത്സമയ റിപ്പോർട്ടിങ് നടത്തിയത്.

മാതൃഭൂമി ന്യൂസിനെ പ്രതിനിധീകരിച്ചായിരുന്നു ഞാനും ക്യാമറാമാൻ വിനോദ് മോറാഴയും ഐഎസ്ആർഒ സെന്ററിൽ എത്തിയത്. ചന്ദ്രയാൻ-2 ചന്ദ്ര ഉപരിതലത്തെ സ്പർശിക്കാൻ ഇനി മണിക്കൂറുകൾ മാത്രം. 130 കോടി ഇന്ത്യക്കാരുടെ പ്രതീക്ഷകൾ. ചുമതല വാർത്താ റിപ്പോർട്ടിങ് ആണെങ്കിലും ഏതൊരു പൗരനെയും പോലെ ആകാംക്ഷയിലൂടെയും ഉദ്വേഗത്തിലൂടെയും പ്രതീക്ഷയിലൂടെയും കടന്നുപോയ നിമിഷങ്ങൾ.

ഉദ്വേഗവും ഉൾപ്പുളകവും നിറഞ്ഞ നിമിഷങ്ങൾ; ഓർമയിലെ ചന്ദ്രയാൻ-2 ലാൻഡിങ്
അഭിമാനമാകാൻ ചന്ദ്രയാൻ-3; കാത്തിരിപ്പിൽ രാജ്യം

ചന്ദ്രനിൽ സോഫ്റ്റ് ലാൻഡിങ് വിജയിച്ചാൽ റഷ്യയ്ക്കും അമേരിക്കയ്ക്കും ചൈനയ്ക്കുമൊപ്പം നമ്മുടെ മാതൃരാജ്യവും ഇടംപിടിക്കുന്നതിന്റെ അഭിമാന നിമിഷത്തിന് സാക്ഷിയാകാൻ പോകുന്നതിന്റെ ഉൾപ്പുളകം. വാർത്താ അവതാരകയുടെ ചോദ്യങ്ങൾക്ക് മറുപടി നൽകിയും ഐഎസ്ആർഒ സെന്റർ കടന്നുപോകുന്ന ഉദ്വേഗത്തിന്റെ നിമിഷങ്ങൾ പ്രേക്ഷകരിലേക്കെത്തിച്ചും അവസാന മണിക്കൂറുകൾ കടന്നു പോകുന്നു. ഐഎസ്ആർഒ മേധാവി കെ ശിവനും നമ്മുടെ ബഹിരാകാശ ശാസ്ത്രജ്ഞരുടെ വൻ പടയും ഞങ്ങൾക്ക് നേരെയുള്ള സ്‌ക്രീനിൽ തെളിയുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി ശാസ്ത്രജ്ഞരോട് സംസാരിക്കുന്നു.

ഉദ്വേഗവും സമ്മർദവും മുഖത്ത് നിഴലിക്കുന്നുണ്ടെങ്കിലും ഐഎസ്ആർഒ മേധാവി കെ ശിവനും സംഘവും പ്രധാനമന്ത്രിയുടെ സംശയങ്ങൾക്ക് ഉത്തരം നൽകുന്നു.

സോഫ്റ്റ് ലാൻഡിങ് വിജയ സാധ്യത 37 ശതമാനം മാത്രമായിരുന്നെങ്കിലും ചന്ദ്രയാൻ-2 പേടകം 45 ദിവസം പിന്നിട്ട യാത്രയിലെവിടെയും ഒരു തടസം പോലും നേരിട്ടില്ലെന്നത് എല്ലാവരുടെയും ആത്മവിശ്വാസം കൂട്ടുന്നതായിരുന്നു. 2019 ജൂലൈ 22ന് ശ്രീഹരിക്കോട്ടയിൽനിന്ന് കുതിച്ചുയർന്ന ഇന്ത്യൻ പ്രതീക്ഷകളുടെ ആ സ്വർണ വർണ പേടകം ഭൂമിയുടെയും ചന്ദ്രന്റെയും ഭ്രമണപഥങ്ങളിലെ ദിശാമാറ്റങ്ങൾ ഉൾപ്പെടെയുള്ള അതി നിർണായകഘട്ടങ്ങളെല്ലാം താണ്ടിയതായിരുന്നു ആത്മവിശ്വാസം ചന്ദ്രനോളം ഉയർത്തിയത്.

പേടകം ചന്ദ്രനെ വലംവയ്ക്കാൻ തുടങ്ങിയതോടെ ലാൻഡർ സോഫ്റ്റ് ലാൻഡിങ്ങിനായി അക്ഷരാർത്ഥത്തിൽ ഒരുങ്ങിയിരുന്നു. ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിൽ സൂര്യരശ്മികൾ പതിയുന്ന ആ ദിനത്തിനായുള്ള കാത്തിരിപ്പ്. ഭൂമിയിലെ 14 ദിവസത്തിന് തുല്യമായ ചന്ദ്രനിലെ ഒരു ദിവസം തുടങ്ങുകയാണ്. ചന്ദ്രോപരിതലത്തിൽ സോഫ്റ്റ് ലാൻഡിങ് നടത്തുന്ന വിക്രം ലാൻഡറിൽനിന്ന് പ്രഗ്യാൻ റോവർ പുറത്തുവന്ന് വിവിധ പരീക്ഷണങ്ങൾ നടത്തുമെന്നായിരുന്നു ഐഎസ്ആർഒയുടെ കണക്കുകൂട്ടൽ.

ലാൻഡർ ദക്ഷിണ ധ്രുവം ലക്ഷ്യമാക്കി നീങ്ങുന്നതിന്റെ ഗ്രാഫിക്സ് അനിമേഷൻ മാധ്യമപ്രവർത്തകരുടെ മുന്നിലെ സ്ക്രീനിൽ തെളിയുന്നു. കൂടുതൽ ചൂടുപിടിച്ച തത്സമയ റിപ്പോർട്ടിങ്. കൈകൾ കൂപ്പി ശ്വാസമടക്കി പിടിച്ചിരിക്കുന്ന ഐഎസ്ആർഒ മേധാവിയും ഇടയ്ക്കിടെ സ്‌ക്രീനിൽ തെളിയുന്നു. എന്താണ് സ്‌ക്രീനിൽ കാണുന്നതെന്ന് ഇംഗ്ലീഷിലും ഹിന്ദിയിലുമായി ഒരു ശാസ്ത്രജ്ഞൻ വിവരിക്കുന്നുണ്ട്. അതാണ് ഏറ്റവും കൃത്യമായ വിവരമെന്നതിനാൽ അത് പിന്തുടർന്നാണ് ഞങ്ങളുടെ തത്സമയ റിപ്പോർട്ടിങ്.

ചന്ദ്രോപരിതലത്തിലേക്ക് ലാൻഡർ ഇറങ്ങിക്കൊണ്ടേയിരിക്കുകയാണ്, പ്രവേഗം നിയന്ത്രിക്കുന്ന നിർണായക ഘട്ടം താണ്ടുകയാണ്‌. ലാൻഡറിന് ഉപരിതലവുമായി വലിയ ദൂരമില്ല. ഉറക്കമിളച്ച് രാജ്യം ടെലിവിഷന് മുന്നിലാണ്. നമ്മളെത്തിപ്പിടിക്കാൻ പോകുന്ന ആ വലിയ നേട്ടത്തെക്കുറിച്ചോർത്തപ്പോൾ റിപ്പോർട്ടിങ്ങിനിടെ സന്തോഷം കൊണ്ട് കണ്ണുകൾ നിറഞ്ഞു. ഐഎസ്ആർഒ സെന്ററിൽ കയ്യടികൾ ഉയർന്നു.

ഉദ്വേഗവും ഉൾപ്പുളകവും നിറഞ്ഞ നിമിഷങ്ങൾ; ഓർമയിലെ ചന്ദ്രയാൻ-2 ലാൻഡിങ്
ചന്ദ്രയാൻ മൂന്ന് തയ്യാർ; ഇനി കാത്തിരിപ്പിന്റെ ദിവസങ്ങൾ

പ്രതീക്ഷിക്കാതെ പെട്ടെന്നൊരു നിശബ്ദത അവിടമാകെ പരന്നു. സ്‌ക്രീനിൽ കാണിച്ചുകൊണ്ടിരുന്ന ഗ്രാഫിക്സ് നിലച്ചിരിക്കുന്നു, മുന്നോട്ടുചലിക്കുന്നതായി സൂചിപ്പിക്കുന്ന പാതയിൽനിന്ന് പേടകം അനങ്ങുന്നില്ല. സമയം സെപ്റ്റംബർ ഏഴിന് പുലർച്ചെ 1.51. ഐഎസ്ആർഒ സെന്റർ മൂകമായി. ശാസ്ത്രജ്ഞരുടെ മുഖത്ത് നിരാശ പടർന്നു. എന്താണ് സംഭവിക്കുന്നതെന്ന ന്യൂസ് ഡെസ്കിൽനിന്നുള്ള ചോദ്യങ്ങൾക്ക് വ്യക്തമായ ഉത്തരം നൽകാനാവാതെ മാധ്യമപ്രവർത്തകരും കുഴങ്ങി. നിരാശ ഞങ്ങളിലേക്കും പടർന്നു. ഒടുവിൽ ആ നിമിഷത്തിലെ ഏറ്റവും മോശം വാർത്ത അധികം വൈകാതെ ഞങ്ങൾക്ക് പ്രേക്ഷകരോട് പങ്കുവയ്ക്കേണ്ടി വന്നു.

മൗനം വെടിഞ്ഞ് ഐ എസ് ആർ ഒ മേധാവിയും അക്കാര്യം വെളിപ്പെടുത്തി: "വിക്രം ലാൻഡറുമായുള്ള ആശയവിനിമയം നഷ്ടപ്പെട്ടിരിക്കുന്നു. ആശയവിനിമയം പുനഃസ്ഥാപിക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്. സോഫ്റ്റ് ലാൻഡിങ് പരാജയപ്പെട്ടിരിക്കുന്നു. സോഫ്റ്റ് ലാൻഡിങ്ങിന് പകരം വിക്രം ലാൻഡർ ചന്ദ്രോപരിതലത്തിൽ ഇടിച്ചിറങ്ങിയതായി കരുതുന്നു."

ഐഎസ്ആർഒ സെന്ററിൽനിന്ന് യാത്ര പറഞ്ഞിറങ്ങിയ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് മുന്നിൽ ഐഎസ്ആർഒ മേധാവി പൊട്ടിക്കരഞ്ഞു. അദ്ദേഹത്തെ ചേർത്തുപിടിച്ച് പ്രധാനമന്ത്രി ആശ്വസിപ്പിച്ചു.

ചന്ദ്രയാൻ ദൗത്യത്തിന്റെ ഏറ്റവും നിർണായകഘട്ടമായ സോഫ്റ്റ് ലാൻഡിങ് ഒരിക്കൽ കൂടി ആവേശം കൊള്ളിക്കാൻ പോകുകയാണ് ശാസ്ത്ര പ്രേമികളെ. 14ന് വിക്ഷേപിക്കുന്ന മൂന്നാം ദൗത്യത്തില്‍ സോഫ്റ്റ് ലാൻഡിങ് ഉറപ്പാണെന്ന് ഐഎസ്ആർഒ വാക്കുതരുമ്പോൾ രാജ്യത്തിന്റെ പ്രതീക്ഷകൾ പ്രപഞ്ചത്തോളം വലുതാകുകയാണ്.

ഉദ്വേഗവും ഉൾപ്പുളകവും നിറഞ്ഞ നിമിഷങ്ങൾ; ഓർമയിലെ ചന്ദ്രയാൻ-2 ലാൻഡിങ്
ചന്ദ്രയാൻ 3 വിക്ഷേപണ വാഹനവുമായി സംയോജിപ്പിച്ചു
logo
The Fourth
www.thefourthnews.in