ചന്ദ്രനെ ചുറ്റാൻ ഇവർ നാല് പേർ; ആർട്ടിമിസ് 2 വിലെ ബഹിരാകാശ യാത്രികരെ പ്രഖ്യാപിച്ച് നാസ

ചന്ദ്രനെ ചുറ്റാൻ ഇവർ നാല് പേർ; ആർട്ടിമിസ് 2 വിലെ ബഹിരാകാശ യാത്രികരെ പ്രഖ്യാപിച്ച് നാസ

മൂന്ന് അമേരിക്കക്കാരും ഒരു കനേഡിയൻ ബഹിരാകാശ സഞ്ചാരിയുമാണ് ആർട്ടിമിസ് 2 മിഷനിലുണ്ടാകുക
Updated on
3 min read

നാസയുടെ ചാന്ദ്ര ദൗത്യമായ ആർട്ടിമിസ് 2 വിലെ ബഹിരാകാശ യാത്രികരെ പ്രഖ്യാപിച്ചു. മൂന്ന് അമേരിക്കക്കാരും ഒരു കനേഡിയൻ ബഹിരാകാശ സഞ്ചാരിയുമാണ് ആർട്ടിമിസ് 2 മിഷനിലുണ്ടാകുക. മിഷൻ കമാൻഡർ റീഡ് വൈസ്മാൻ, വിക്ടർ ഗ്ലോവർ, കനേഡിയൻ ബഹിരാകാശ ഏജൻസി ബഹിരാകാശയാത്രികൻ ജെറമി ഹാൻസെൻ, നാസ മിഷൻ സ്പെഷ്യലിസ്റ്റ് ക്രിസ്റ്റീന കോച്ച് എന്നിവരാണ് ചാന്ദ്ര ദൗത്യത്തിന്റെ ഭാഗമാകുന്നത്. ഹൂസ്റ്റണിലെ നാസയുടെ ജോൺസൺ സ്‌പേസ് സെന്ററിന് സമീപമുള്ള എല്ലിംഗ്ടൺ ഫീൽഡിൽ നടന്ന പരിപാടിക്കിടെയാണ് സംഘാംഗങ്ങളെ വെളിപ്പെടുത്തിയത്.

മനുഷ്യരാശി ചാന്ദ്ര പര്യവേക്ഷണം നടത്താന്‍ തുടങ്ങിയതിനുശേഷം ചന്ദ്രനെ ചുറ്റുന്ന ആദ്യത്തെ വനിത ബഹിരാകാശ സഞ്ചാരിയായി ക്രിസ്റ്റീന കോച്ച് മാറും. അപ്പോളോ ദൗത്യങ്ങള്‍ക്ക് ശേഷം മനുഷ്യരാശിയെ വീണ്ടും ചന്ദ്രനില്‍ ഇറങ്ങുന്നതിലേക്ക് ഒരു ചുവട് അടുപ്പിക്കുന്ന ദൗത്യമാണിത്. അപ്പോളോ ദൗത്യത്തിന്റെ 50-ാം വാർഷികത്തിലാണ് നാസ ചന്ദ്രനിലേക്ക് വീണ്ടും മനുഷ്യരെ അയയ്ക്കുന്നത്. ആളില്ലാ ദൗത്യം ആർട്ടിമിസ് ഒന്നിന്റെ വിജയത്തെ തുടർന്നാണ് അടുത്ത വർഷം നവംബറിൽ, നാസ ആർട്ടിമിസ് 2 വിക്ഷേപിക്കാനൊരുങ്ങുന്നത്.

ചന്ദ്രനെ ചുറ്റാൻ ഇവർ നാല് പേർ; ആർട്ടിമിസ് 2 വിലെ ബഹിരാകാശ യാത്രികരെ പ്രഖ്യാപിച്ച് നാസ
ചാന്ദ്രയാത്രയ്ക്ക് ഒരുങ്ങുന്ന ബഹിരാകാശ സഞ്ചാരികളെ അടുത്തമാസം അറിയാം

വിക്ഷേപണ വാഹനവും ഒറിയോണ്‍ പേടകവും ഈ ദൗത്യത്തില്‍ വിജയകരമായിരുന്നു. ഓറിയോണിനെ ഭൂമിക്ക് ചുറ്റുള്ള ഭ്രമണപഥത്തില്‍ നിന്ന് ചന്ദ്രന്റെ സ്വാധീനത്തിലുള്ള ഭ്രമണപഥത്തിലേക്ക് വിക്ഷേപിക്കുകയും വീണ്ടും ഭൂമിയുടെ അന്തരീക്ഷത്തിലേക്ക് തിരിച്ചിറക്കുകയുമായിരുന്നു ആർട്ടിമിസ് ഒന്നിന്റെ പ്രധാന ലക്ഷ്യം. ഇപ്പോള്‍ ആർട്ടിമിസ് 2 ലൂടെ ലക്ഷ്യമിടുന്നത് മനുഷ്യരെ ചന്ദ്രന്റെ ഭ്രമണപഥത്തില്‍ എത്തിക്കുക എന്നതാണ്. പത്ത് ദിവസത്തെ ചാന്ദ്രദൗത്യമാണ് ആർട്ടിമിസ് 2. എന്നാൽ ഈ ദൗത്യത്തിൽ ബഹിരാകാശ സഞ്ചാരികൾ ചന്ദ്രനിൽ കാല് കുത്തുകയില്ല. ബഹിരാകാശ സഞ്ചാരികൾ ഓറിയോൺ പേടകത്തിൽ ഇരുന്ന് ചന്ദ്രനെ ചുറ്റി ഭൂമിയിലേക്ക് മടങ്ങും. ആർട്ടിമിസിന്റെ മൂന്നാം ദൗത്യത്തില്‍ മനുഷ്യരെ ചന്ദ്രാേപരിതലത്തിലിറക്കും. ഈ ദൗത്യത്തിന് ശേഷം ചന്ദ്രനിൽ ഒരു ഔട്ട്‌പോസ്റ്റ് നിർമിക്കാനുള്ള ശ്രമമാണ് നാസ നടത്തുന്നത്. ചന്ദ്രനെ ഇടത്താവളമാക്കി ചൊവ്വയിലേക്കുള്ള യാത്രയാണ് ആർട്ടിമിസിലൂടെ നാസ ലക്ഷ്യമിടുന്നത്. ഇതിന്റെ ആദ്യ ഘട്ടമാണ് ചന്ദ്രനിലേക്ക് മനുഷ്യനെയും വഹിച്ചുള്ള യാത്ര.

ചന്ദ്രനെ ചുറ്റാൻ ഇവർ നാല് പേർ; ആർട്ടിമിസ് 2 വിലെ ബഹിരാകാശ യാത്രികരെ പ്രഖ്യാപിച്ച് നാസ
അരനൂറ്റാണ്ടിന് ശേഷം മനുഷ്യനെ ചന്ദ്രനിലിറക്കാൻ നാസ ; ദൗത്യത്തിൽ ആദ്യമായി വനിതയും; ആദ്യ പരീക്ഷണ പറക്കൽ ഓഗസ്റ്റ് 29 ന്

ഫ്ലോറിഡയിലെ കെന്നടി സ്പെയ്സ് സെന്ററിൽ നിന്ന് സ്പേസ് ലോഞ്ച് സിസ്റ്റം റോക്കറ്റിൽ വിക്ഷേപിക്കപ്പെടുന്ന ഓറിയോൺ ബഹിരാകാശ പേടകത്തിലാണ് സംഘാംഗങ്ങൾ സഞ്ചരിക്കുക. ഭൂമിക്ക് ചുറ്റും രണ്ട് വ്യത്യസ്ത ഭ്രമണപഥങ്ങളിൽ സഞ്ചരിച്ച് 10,300 കിലോമീറ്റർ അകലെ ചന്ദ്രന്റെ സമീപം എത്തും. പരീക്ഷണങ്ങൾക്ക് മറ്റുമായി 10 ദിവസമാണ് ദൗത്യത്തിന്റെ കാലാവധി. ശേഷം ഭൂമിയിലേക്ക് തിരിച്ചിറങ്ങി പസഫിക് സമുദ്രത്തിൽ ലാൻഡ് ചെയ്യും.

1968 മുതല്‍ 1972 വരെ 24 ബഹിരാകാശ സഞ്ചാരികളെ നാസ ചന്ദ്രനിലേക്ക് അയച്ചു. അതില്‍ പന്ത്രണ്ട് പേര്‍ ചന്ദ്രോപരിതലത്തില്‍ ഇറങ്ങി. ജീന്‍ സെര്‍നനായിരുന്നു ചന്ദ്രോപരിതലത്തില്‍ അപ്പോളോ ദൗത്യത്തിലൂടെ അവസാനമായി ചന്ദ്രനില്‍ കാലുകുത്തിയ മനുഷ്യന്‍. ചന്ദ്രനുചുറ്റും തിരിച്ചും 10 ദിവസം കൊണ്ട് ആര്‍ട്ടെമിസ് 2, 2.3 ദശലക്ഷം കിലോമീറ്റര്‍ യാത്ര ചെയ്യുമെന്നാണ് കണക്കുകൂട്ടല്‍. 

നാസയുടെ റീഡ് വൈസ്മാനാണ് ആർട്ടെമിസ് 2 ദൗത്യത്തിന്റെ കമാൻഡർ. വൈസ്മാൻ 2014 ൽ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ താമസിക്കുകയും ജോലി ചെയ്യുകയും ചെയ്തിട്ടുണ്ട്. അതിനുമുൻപ്, അദ്ദേഹം ബഹിരാകാശ പര്യവേഷണത്തെ അനുകരിക്കുന്ന 16 ദിവസത്തെ അണ്ടർവാട്ടർ ദൗത്യമായ NEEMO21 എന്ന കടലിനടിയിലെ ഗവേഷണ ദൗത്യത്തിന് നേതൃത്വം നൽകി. നാസയുടെ ബഹിരാകാശയാത്രികരുടെ തലവനായും പ്രവർത്തിച്ചിട്ടുണ്ട്.

ചന്ദ്രനുചുറ്റും ഓറിയോൺ നാവിഗേറ്റ് ചെയ്യുന്ന ആർട്ടെമിസ് 2 ന്റെ പൈലറ്റായി വിക്ടർ ഗ്ലോവർ പ്രവർത്തിക്കും. നേരത്തെ നാസയുടെ സ്‌പേസ് എക്‌സ് ക്രൂ-1 ദൗത്യത്തിന്റെ പൈലറ്റായിരുന്നു ഗ്ലോവർ. 40-ലധികം വ്യത്യസ്ത വിമാനങ്ങളിൽ അദ്ദേഹം 3,000-ലധികം ഫ്ലൈറ്റ് മണിക്കൂർ ലോഗിൻ ചെയ്തിട്ടുണ്ട്.

ദൗത്യത്തിൽ കനേഡിയൻ ബഹിരാകാശ ഏജൻസിയുടെ പ്രതിനിധിയാണ് ജെറമി ഹാൻസെൻ. ബഹിരാകാശ ഏജൻസിയിൽ ചേരുന്നതിന് മുൻപ് അദ്ദേഹം ഒരു ഫൈറ്റർ പൈലറ്റായിരുന്നു. ബഹിരാകാശ യാത്രികരുടെ പരിശീലനത്തിലും ദൗത്യ പ്രവർത്തനങ്ങളിലും അദ്ദേഹം നാസയുമായി ചേർന്ന് പ്രവർത്തിച്ചിട്ടുണ്ട്. എന്നാൽ ഇത് അദ്ദേഹത്തിന്റെ ആദ്യത്തെ ബഹിരാകാശ ദൗത്യമായിരിക്കും.

നാസയുടെ ബഹിരാകാശ സഞ്ചാരി ക്രിസ്റ്റീന കോച്ച് ആർട്ടെമിസ് 3 യുടെ മിഷൻ സ്പെഷ്യലിസ്റ്റ് ആയിരിക്കും. 2019 ൽ ബഹിരാകാശ നിലയം സന്ദർശിച്ച കോച്ച്, അവിടെ ചരിത്രത്തിലെ ആദ്യത്തെ സ്ത്രീ ബഹിരാകാശ നടത്തത്തിന്റെ ഭാഗമായിരുന്നു. നാസയുടെ ഗോദാർഡ് സ്‌പേസ് ഫ്‌ളൈറ്റ് സെന്ററിൽ ഇലക്ട്രിക്കൽ എഞ്ചിനീയറായാണ് അവർ കരിയർ ആരംഭിച്ചത്.

logo
The Fourth
www.thefourthnews.in