ആകാശത്ത് അത്യപൂര്‍വ കാഴ്ചയൊരുങ്ങും; അഞ്ച് ഗ്രഹങ്ങള്‍ നേർരേഖയിൽ
പ്രപഞ്ചം മനുഷ്യനെന്നും കൗതുകമാണ്. ആ കൗതുകം ഏറ്റുന്ന പകരുന്ന കാഴ്ചകള്‍ ഏറെയുണ്ട് നമുക്ക് ചുറ്റും. അങ്ങനെയൊരു അപൂര്‍വ കാഴ്ച ആകാശത്ത് ഒരുങ്ങുന്നു എന്നാണ് ജ്യോതിശാസ്ത്രജ്ഞര്‍ നല്‍കുന്ന സൂചന. മാര്‍ച്ച് അവസാനത്തോടെ അഞ്ച് ഗ്രഹങ്ങളെ നേര്‍രേഖയില്‍ കാണാനാകും.
മാര്‍ച്ച് 27 നാണ് ഈ ഗ്രഹങ്ങള്‍ കൃത്യമായി ഒരേ രേഖയില്‍ എത്തുന്നത്. ബുധന്‍, വ്യാഴം, ശുക്രന്‍, ചൊവ്വ, യുറാനസ് എന്നീ ഗ്രഹങ്ങളാണ് നേർരേഖയില്‍ എത്തുക. അന്ന് രാത്രി നക്ഷത്ര സമൂഹങ്ങളെയും ചന്ദ്രനേയും സാധാരണ പോലെ കാണാൻ സാധിക്കും. എന്നാൽ ഗ്രഹങ്ങളുടെ അപൂർവ കാഴ്ച എല്ലായിടങ്ങളിലും ദൃശ്യമാകണമെന്നില്ല. ഭൂമിയിൽ നിന്ന് ആ കാഴ്ച ശരിക്കും കാണാൻ മാര്‍ച്ച് 28 വരെ കാത്തിരിക്കണം. സൂര്യാസ്തമയത്തിന് തൊട്ട് പിന്നാലെ പടിഞ്ഞാറൻ ചക്രവാളത്തിലാകും ഇവ ദൃശ്യമാകുക. കടല്‍ത്തീരം പോലെ വലിയ തടസങ്ങളില്ലാത്ത ഇടങ്ങളില്‍ കൂടുതല്‍ കൃത്യതയോടെ ഇവ തെളിയും.
അസ്തമയത്തിന് ശേഷം കുറച്ച് സമയം മാത്രമേ ഇത് കാണാൻ സാധിക്കൂ. ബുധൻ, വ്യാഴം എന്നീ ഗ്രഹങ്ങൾ വേഗത്തിൽ തന്നെ ചക്രവാള സീമകഴിഞ്ഞ് അസ്തമിക്കും. സൂര്യാസ്തമയത്തിന് ശേഷം ഏതാണ്ട് 30 മിനുറ്റ് മാത്രമേ ഇവ ദൃശ്യമാകൂ. ഈ രണ്ട് ഗ്രഹങ്ങളും നന്നായി തിളങ്ങുമെങ്കിലും ബൈനോക്കുലർ ഉപയോഗിച്ചാൽ മാത്രമേ ഇവ ശരിക്കും കാണാനാകൂ. വ്യാഴത്തിന്റെ വലതുവശത്തായാകും ബുധൻ കാണപ്പെടുക. കുറച്ച് ദിവസങ്ങൾക്ക് ശേഷം വ്യാഴം ആകാശത്ത് നിന്ന് അപ്രത്യക്ഷമാകുമെങ്കിലും ബുധൻ തുടർന്നും ദൃശ്യമാകും. ശുക്രൻ ആണ് ആകാശത്ത് ഏറ്റവും എളുപ്പത്തിൽ കണ്ടെത്താനാകുന്നത്.
സൂര്യാസ്തമയത്തിന് തൊട്ട് പിന്നാലെ ആദ്യം കാണുന്ന ഗ്രഹവും ശുക്രനാണ്. നഗ്ന നേത്രങ്ങളിലൂടെ യുറാനസിനെ കാണുകയാണ് ഏറ്റവും പ്രയാസം. എന്നാൽ ബൈനോക്കുലർ ഉപയോഗിക്കുകയാണെങ്കിൽ ഈ പ്രശ്നം പരിഹരിക്കപ്പെടും. അർധ ചന്ദ്രനാണ് ആ ദിവസം ആകാശത്ത് തെളിയുക. ചന്ദ്രന്റെ ഇടതു വശത്ത് മുകളിലായി ചൊവ്വാ ഗ്രഹത്തെ കാണാനാകും. കഴിഞ്ഞ കുറച്ച് ആഴ്ചകള്‍ക്ക് മുൻപും കഴിഞ്ഞ വര്‍ഷവും സമാന രീതിയില്‍ ഗ്രഹങ്ങളുടെ സഞ്ചാര ദിശ നേര്‍ രേഖയിലായിരുന്നു.