സസ്യങ്ങളെ ബാധിക്കുന്ന ഫംഗസ് മനുഷ്യനില്‍; ലോകത്താദ്യമായെന്ന് ഗവേഷകർ

സസ്യങ്ങളെ ബാധിക്കുന്ന ഫംഗസ് മനുഷ്യനില്‍; ലോകത്താദ്യമായെന്ന് ഗവേഷകർ

കൊൽക്കത്തയിലെ ഒരു പ്ലാന്റ് മൈക്കോളജിസ്റ്റിലാണ് 'കോണ്ട്രോസ്റ്റെറിയം പർപൂറിയം' എന്ന ഫംഗസ് കണ്ടെത്തിയത്
Updated on
1 min read

ലോകത്താദ്യമായി സസ്യങ്ങളെ ബാധിക്കുന്ന ഫംഗസ് ബാധ മനുഷ്യരിൽ കണ്ടെത്തിയതായി റിപ്പോർട്ട്. കൊൽക്കത്തയിലെ ഒരു പ്ലാന്റ് മൈക്കോളജിസ്റ്റിലാണ് സസ്യങ്ങളെ ബാധിക്കുന്ന ഫംഗസ് കണ്ടെത്തിയത്. മെഡിക്കൽ മൈക്കോളജി കേസ് റിപ്പോർട്ട്സ് ജേണലിൽ പ്രസിദ്ധീകരിച്ച റിപ്പോർട്ടിലാണ് ഈ വെളിപ്പെടുത്തല്‍. റോസ് ചെടികളിൽ സാധാരണയായി കാണപ്പെടുന്ന 'കോണ്ട്രോസ്റ്റെറിയം പർപൂറിയം' എന്ന ഫംഗസാണ് 61 വയസുള്ള മൈക്കോളജിസ്റ്റില്‍ കണ്ടെത്തിയത്. വിയലെറ്റ് ഫംഗസെന്നാണ് ഇത് സാധാരണയായി അറിയപ്പെടുന്നത്. സസ്യങ്ങളുമായി അടുത്ത സമ്പർക്കം പുലർത്തുമ്പോൾ സസ്യ അണുബാധകൾ ശ്വസനത്തിലൂടെ മനുഷ്യരിലേക്ക് പടരുമെന്ന് ഗവേഷകർ അഭിപ്രായപ്പെട്ടു.

തൊണ്ടവേദന, ചുമ, ക്ഷീണം, ആഹാരം ഇറക്കാന്‍ കഴിയാത്ത അവസ്ഥ തുടങ്ങിയ ലക്ഷണങ്ങളുണ്ടായിരുന്നെന്ന് റിപ്പോർട്ടില്‍ പറയുന്നു

കൊൽക്കത്തയിലെ കൺസൾട്ടന്റ് അപ്പോളോ മൾട്ടിസ്പെഷ്യാലിറ്റി ഹോസ്പിറ്റലിലെ ഗവേഷകരായ ഡോ. സോമ ദത്ത, ഡോ. ഉജ്ജയിനി റേ എന്നിവരാണ് റിപ്പോർട്ട് തയാറാക്കിയത്. പ്ലാന്റ് മൈക്കോളജിസ്റ്റായ അദ്ദേഹം തന്റെ ഗവേഷണ പ്രവർത്തനങ്ങളുടെ ഭാഗമായി വളരെക്കാലമായി കൂൺ, വിവിധ സസ്യ ഫംഗസ്, അഴുകിയ സസ്യങ്ങള്‍ എന്നിവയോട് അടുത്ത് പ്രവർത്തിച്ചിരുന്നതായി റിപ്പോർട്ടില്‍ പറയുന്നു. മാത്രമല്ല, അദ്ദേഹത്തിന് പ്രമേഹം, എച്ച്ഐവി അണുബാധ, വൃക്കരോഗം എന്നിവയുടെ യാതൊരു ലക്ഷണങ്ങളും ഉണ്ടായിരുന്നില്ലെന്നും അവർ വ്യക്തമാക്കിയിട്ടുണ്ട്.

തൊണ്ടവേദന, ചുമ, ക്ഷീണം, ആഹാരം ഇറക്കാന്‍ കഴിയാത്ത അവസ്ഥ തുടങ്ങിയ ബുദ്ധിമുട്ടുകള്‍ ഇദ്ദേഹത്തിനുണ്ടായിരുന്നതായി റിപ്പോർട്ടില്‍ പറയുന്നു. തുടർന്ന് മാക്രോസ്കോപ്പിക്, മൈക്രോസ്കോപ്പിക് മോർഫോളജി എന്നീ സാങ്കേതിക വിദ്യകള്‍ ഉപയോഗിച്ച് നടത്തിയ പരിശോധനയിലാണ് ഫംഗസിനെ കണ്ടെത്തിയത്. എന്നാല്‍, അണുബാധയുടെ സ്വഭാവം, പടരാനുള്ള സാധ്യത മുതലായവ കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്ന് അവർ വ്യക്തമാക്കി.

സസ്യങ്ങളെ ബാധിക്കുന്ന ഫംഗസ് മനുഷ്യനില്‍; ലോകത്താദ്യമായെന്ന് ഗവേഷകർ
'ചൊവ്വ'യിൽ ജീവിക്കാൻ അവർ നാല് പേർ

രോഗിയുടെ കഴുത്തില്‍ കാണപ്പെട്ട മുഴ ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തശേഷം സാമ്പിളുകള്‍ വിദഗ്ധ പരിശോധനയ്ക്ക് അയക്കുകയായിരുന്നുവെന്ന് റിപ്പോർട്ടിൽ പറയുന്നു. ആന്റി ഫംഗല്‍ മരുന്നുകളാണ് അദ്ദേഹത്തിന് നല്‍കിയിരുന്നതെന്നും രണ്ട് വർഷത്തോളം അദ്ദേഹത്തെ നിരീക്ഷിച്ചിരുന്നതായും ഡോക്ടർമാർ കൂട്ടിച്ചേർത്തു. അണുബാധ വീണ്ടും ഉണ്ടാകാനുള്ള സാധ്യത വളരെ കുറവാണെന്നും അദ്ദേഹമിപ്പോള്‍ ആരോഗ്യവാനാണെന്നും അവർ അറിയിച്ചിട്ടുണ്ട്.

logo
The Fourth
www.thefourthnews.in