ഗഗന്‍യാന്‍: ആദ്യ ആളില്ലാ  ദൗത്യത്തിന് ഇനി മാസങ്ങള്‍ മാത്രം; രണ്ടാം വിക്ഷേപണത്തിൽ വ്യോംമിത്രയും, തലയോട്ടി രൂപകല്പന തിരുവനന്തപുരത്ത്

ഗഗന്‍യാന്‍: ആദ്യ ആളില്ലാ ദൗത്യത്തിന് ഇനി മാസങ്ങള്‍ മാത്രം; രണ്ടാം വിക്ഷേപണത്തിൽ വ്യോംമിത്രയും, തലയോട്ടി രൂപകല്പന തിരുവനന്തപുരത്ത്

തിരുവനന്തപുരം വിക്രം സാരാഭായ് ബഹിരാകാശ കേന്ദ്രത്തിലെ ഇനേര്‍ഷ്യല്‍ സിസ്റ്റംസ് യൂണിറ്റാണ് വ്യോംമിത്രയുടെ തലയോട്ടിക്ക് അന്തിമരൂപം നല്‍കിയിരിക്കുന്നത്
Updated on
2 min read

ഇന്ത്യന്‍ മണ്ണില്‍നിന്ന് ഇന്ത്യക്കാരെ ബഹിരാകാശത്ത് എത്തിക്കുകയെന്ന ലക്ഷ്യത്തിലേക്ക് അടുക്കുകയാണ് ഐഎസ്ആര്‍ഒ. നിലവില്‍ നിശ്ചയിച്ചപോലെ കാര്യങ്ങള്‍ നടക്കുകയാണെങ്കില്‍ ഇന്ത്യന്‍ യാത്രികര്‍ ഗഗന്‍യാന്‍ ദൗത്യത്തിന്റെ ഭാഗമായി 2025 അവസാനത്തോടെ ബഹിരാകാശത്ത് എത്തും. അതിനു മുന്നോടിയായി ഗഗന്‍യാന്‍ 1 (ജി1), ഗഗന്‍യാന്‍ 2 (ജി2) എന്നീ രണ്ട് ആളില്ലാ പരീക്ഷണദൗത്യങ്ങളും ഐഎസ്ആര്‍ഒ ആവിഷ്‌കരിച്ചിട്ടുണ്ട്.

യഥാര്‍ഥ ഗഗന്‍യാന്‍ ദൗത്യപേടകത്തിന്റെ അതേ വലുപ്പത്തിലും മാതൃകയിലുള്ളതായിരിക്കും ഇരു പരീക്ഷണദൗത്യങ്ങളിലും ഉപയോഗിക്കുന്ന പേടകങ്ങള്‍. ഈ വര്‍ഷം അവസാനത്തോടെയാണ് ആദ്യ ആളില്ലാ പരീക്ഷണ ദൗത്യം. അടുത്തവര്‍ഷം ലക്ഷ്യമിട്ടിരിക്കുന്ന രണ്ടാമത്തെ പരീക്ഷണം റോബോട്ടിക് സ്വഭാവത്തിലുള്ള ഹ്യൂമനോയ്ഡിനെ അയച്ചുകൊണ്ടുള്ളതാണ്. അന്തിമദൗത്യത്തില്‍ പുറപ്പെടുന്ന ബഹിരാകാശയാത്രികരുടെ സുരക്ഷ പരിശോധിക്കുന്നതിനാണ് ആദ്യ രണ്ട് പരീക്ഷണങ്ങളും നടത്തുന്നത്.

വ്യോംമിത്ര എന്നാണ് സ്ത്രീരൂപത്തിലുള്ള ഹ്യൂമനോയ്ഡിന്റെ പേര്. ഇന്ത്യയില്‍ തന്നെ രൂപകല്‍പ്പന ചെയ്ത വ്യോംമിത്രയുടെ തലയോട്ടി എന്തായിരിക്കണമെന്നതിന് ഐഎസ്ആര്‍ഒ അന്തിമരൂപം നല്‍കിക്കഴിഞ്ഞതായാണു റിപ്പോര്‍ട്ടുകള്‍. തിരുവനന്തപുരം വിക്രം സാരാഭായ് ബഹിരാകാശ കേന്ദ്ര(വി എസ് എസ് സി)ത്തിലെ ഇനേര്‍ഷ്യല്‍ സിസ്റ്റംസ് യൂണിറ്റാണ് വ്യോംമിത്രയുടെ തലയോട്ടിക്ക് അന്തിമരൂപം നല്‍കിയിരിക്കുന്നത്. അതീവ കാഠിന്യമുള്ള അലൂമിനിയം അലോയ് ഉപയോഗിച്ച് നിര്‍മിച്ച തലയോട്ടി ഏകദേശം 800 ഗ്രാം ഭാരവും 200X200 മില്ലി മീറ്റര്‍ ചുറ്റളവുമുള്ളതാണ്.

ഗഗന്‍യാന്‍: ആദ്യ ആളില്ലാ  ദൗത്യത്തിന് ഇനി മാസങ്ങള്‍ മാത്രം; രണ്ടാം വിക്ഷേപണത്തിൽ വ്യോംമിത്രയും, തലയോട്ടി രൂപകല്പന തിരുവനന്തപുരത്ത്
സുനിത വില്യംസിന്റേയും ബച്ച് വില്‍മോറിന്റെയും മടക്കം 2025ല്‍; തിരിച്ചെത്തുക സ്പേസ്‌ എക്‌സ് പേടകത്തില്‍

വ്യോംമിത്രയുടെ ഏറ്റവും പ്രധാനപ്പെട്ട ഘടകങ്ങള്‍ ഉള്‍പ്പെടുന്നതാണ് പുതുതായി രൂപകല്‍പ്പന ചെയ്ത തലയോട്ടി. കാഠിന്യമുള്ളതാണെങ്കിലും ഭാരം കുറഞ്ഞതും അതീവ വഴക്കമുള്ളതുമാണ് ഈ അലൂമിനിയം അലോയ്. ഓട്ടോമോട്ടീവ് എന്‍ജിനുകളും എയ്റോസ്പേസ് ഘടകങ്ങളും നിര്‍മിക്കാന്‍ ഉപയോഗിക്കാറുള്ള ഇത്തരം അലോയ്ക്ക് ചൂടിനെ പ്രതിരോധിക്കാനുള്ള ഉയര്‍ന്ന കഴിവുമുണ്ട്.

റോക്കറ്റ് വിക്ഷേപണസമയത്ത് അതിശക്തമായ പ്രകമ്പനം സൃഷ്ടിക്കപ്പെടും. ഇതു പ്രതിരോധിക്കുന്നതിനായി, വ്യോംമിത്രയുടെ തല ഉറപ്പുള്ളതാക്കാന്‍ ഐഎസ്ആര്‍ഒ പ്രത്യേകം ശ്രദ്ധിച്ചിട്ടുണ്ട്. 3ഡി പ്രിന്റിങ് സാങ്കേതികവിദ്യയിലെന്നപോലെ പാളികളായാണ് വ്യോംമിത്രയുടെ തലയോട്ടി നിര്‍മിച്ചിരിക്കുന്നത്. ഇത് വ്യോംമിത്രയുടെ അന്തിമരൂപത്തിന്റെ മൊത്തം ഭാരം ഗണ്യമായി കുറയ്ക്കാന്‍ സഹായിക്കുന്നു. വിക്ഷേപണത്തിനുള്ള ഇന്ധനം കുറയ്ക്കുന്നതിനാണ് ഈ ശ്രമം. ഭാരമുള്ള വസ്തുവിനെ ബഹിരാകാശത്തെത്തിക്കാന്‍ കൂടുതല്‍ ഇന്ധനം ആവശ്യമാണ്.

എന്താണ് ഹ്യൂമനോയ്ഡുകള്‍?

മനുഷ്യന്റെ രൂപത്തിലുള്ള മനുഷ്യനല്ലാത്ത വസ്തുവാണ് ഹ്യൂമനോയ്ഡ്. ചലിക്കുന്ന കൈകളും ശരീരവും മുഖവും കഴുത്തുമുള്ളതാണ് വ്യോംമിത്ര. ഇത് മനുഷ്യരെ വഹിച്ചുള്ള ഗഗന്‍യാന്‍ ദൗത്യത്തിലെ സുരക്ഷ സംബന്ധിച്ച മുന്നൊരുക്കങ്ങളുടെ ഭാഗമായാണ് വ്യോംമിത്രയെ അയയ്ക്കുന്നത്. പേടകത്തിന്റെ കൂ കണ്‍സോളില്‍ ചില പ്രവര്‍ത്തനങ്ങള്‍ നടത്താനും വെര്‍ച്വല്‍ നിരീക്ഷണങ്ങള്‍ ഭൂമിയിലെ മിഷന്‍ കണ്‍ട്രോള്‍ ടീമിനെ അറിയിക്കാനുമുള്ള ഉത്തരവാദിത്തം ഐഎസ്ആര്‍ഒ വ്യോംമിത്രയ്ക്കു നല്‍കും. ബഹിരാകാശ യാത്ര മനുഷ്യരില്‍ ഉണ്ടാക്കുന്ന പ്രത്യാഘാതങ്ങള്‍ അളക്കുന്നതിനുള്ള റോബോട്ട് സാങ്കേതികവിദ്യയുടെ പ്രകടനത്തിലൂടെ ഐഎസ്ആര്‍ഒ വിലയിരുത്തും.

ഗഗന്‍യാന്‍: ആദ്യ ആളില്ലാ  ദൗത്യത്തിന് ഇനി മാസങ്ങള്‍ മാത്രം; രണ്ടാം വിക്ഷേപണത്തിൽ വ്യോംമിത്രയും, തലയോട്ടി രൂപകല്പന തിരുവനന്തപുരത്ത്
ദിനോസറുകളുടെ അന്തകനായത് ഈ ഛിന്നഗ്രഹം; ഉത്ഭവം കണ്ടെത്തി ശാസ്ത്രജ്ഞര്‍

ബഹിരാകാശ പേടകത്തിനുപുറത്തുള്ള പ്രശ്‌നങ്ങള്‍ പരിശോധിക്കുകയോ സോളാര്‍ പാനലുകള്‍ വൃത്തിയാക്കുകയോ പോലുള്ള മനുഷ്യര്‍ക്കു വളരെ അപകടകരമായ ജോലികള്‍ ചെയ്യാന്‍ ഈ ഹ്യൂമനോയ്ഡുകള്‍ വളരെ ഉപകാരപ്രദമാവും. ഇതുവഴി ബഹിരാകാശ പേടകത്തിലെ മനുഷ്യരുടെ അധ്വാനം കുറയ്ക്കുന്നതുവഴി അവര്‍ക്ക് ഗവേഷണത്തില്‍ മാത്രം ശ്രദ്ധകേന്ദ്രീകരിക്കാനാവും.

ഗഗന്‍യാന്‍ ദൗത്യം

ബഹിരാകാശയാത്രികരെ 400 കിലോമീറ്റര്‍ ഉയരത്തിലുള്ള ഭ്രമണപഥത്തിലെത്തിച്ച് മൂന്നു ദിവസത്തിനുശേഷം തിരിച്ചിറക്കാനാണ് ഗഗന്‍യാന്‍ ദൗത്യം ലക്ഷ്യമിടുന്നത്. ഭൂമിയെ 16 തവണ വലംവെച്ചശേഷം ബംഗാള്‍ ഉള്‍ക്കടലിലാണ് പേടകം സുരക്ഷിതമായി തിരിച്ചിറക്കുക. തുടര്‍ന്നു വീണ്ടെടുക്കും. വ്യോമസേനയിലെ ഗ്രൂപ്പ് ക്യാപ്റ്റന്മാരായ പ്രശാന്ത് ബാലകൃഷ്ണന്‍ നായര്‍, അജിത് കൃഷ്ണന്‍, അംഗദ് പ്രതാപ്, വിങ് കമാന്‍ഡര്‍ ശുഭാന്‍ശു ശുക്ല എന്നിവരെയാണു ഗന്‍യാന്‍ യാത്രികരായി തിരഞ്ഞെടുത്തിരിക്കുന്നത്. മനുഷ്യനെ വഹിച്ചുള്ള പ്രഥമ ദൗത്യത്തില്‍ ഇവരില്‍ എത്രപേരെയാണ് അയയ്ക്കുയെന്ന് ഐഎസ്ആര്‍ഒ ഇതുവരെ വ്യക്തമാക്കിയിട്ടില്ല. ഒന്നു മുതല്‍ മൂന്നുവരെ യാത്രികരെ അയ്ക്കാനാണു സാധ്യതയെന്നാണു റിപ്പോര്‍ട്ട്.

ദൗത്യത്തിനായി തിരഞ്ഞെടുക്കപ്പെട്ട നാലു പേരും റഷ്യയിലും തുടര്‍ന്ന് ഇന്ത്യയിലും വിവിധ കഠിനപരിശീലനങ്ങള്‍ പൂര്‍ത്തിയാക്കിയിരുന്നു. ശുഭാന്‍ശു ശുക്ലയും മലയാളിയായ പ്രശാന്ത് ബാലകൃഷ്ണന്‍ നായരും അന്താരാഷ്ട്ര ബഹിരാകാശ നിലയ(ഐഎഎസ്എസ്)ത്തിലേക്കുള്ള ദൗത്യത്തിന്റെ ഭാഗമായുള്ള നാസയുടെ പരിശീലനത്തിലാണ്. ശുഭാന്‍ശു ശുക്ലയാണ് വരാനിരിക്കുന്ന നാലംഗ ഐഎസ്എസ് ദൗത്യസംഘത്തിലേക്കു തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്. ശുഭാന്‍ശുവിന് ഏതെങ്കിലും സാഹചര്യത്തില്‍ പോകാന്‍ കഴിഞ്ഞില്ലെങ്കില്‍ മാത്രമാവും പ്രശാന്തിന് അവസരം ലഭിക്കുക.

ഗഗന്‍യാന്‍: ആദ്യ ആളില്ലാ  ദൗത്യത്തിന് ഇനി മാസങ്ങള്‍ മാത്രം; രണ്ടാം വിക്ഷേപണത്തിൽ വ്യോംമിത്രയും, തലയോട്ടി രൂപകല്പന തിരുവനന്തപുരത്ത്
അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് ആദ്യമായൊരു ഇന്ത്യക്കാരൻ; മലയാളി ഉൾപ്പെടെ രണ്ടുപേർ ഈയാഴ്ച പരിശീലനം ആരംഭിക്കും

ഗഗന്‍യാന്‍ ദൗത്യത്തിന്റെ ഭാഗമായുള്ള ആദ്യ ആളില്ലാ പരീക്ഷണം ഈ വര്‍ഷം അവസാനത്തോടെ നടക്കുമെന്നാണ് ഐഎസ്ആര്‍ഒ അറിയിച്ചിരിക്കുന്നത്. എല്‍വിഎം-3 (ലോഞ്ച് വെഹിക്കിള്‍ മാര്‍ക്ക്-3) റോക്കറ്റ് ഉപയോഗിച്ചാണ് വിക്ഷേപണം. പരീക്ഷണ പേടകത്തിന്റെ ക്രൂ മൊഡ്യൂള്‍ തിരുവനന്തപുരം വിക്രം സാരാഭായ് സ്പേസ് സെന്ററിലും സര്‍വിസ് മൊഡ്യൂള്‍ ബെംഗളുരു യുആര്‍ റാവു സാറ്റലൈറ്റ് സെന്ററിലും സംയോജിപ്പിച്ചുകൊണ്ടിരിക്കുകയാണ്. തുടര്‍ന്ന് ഉടന്‍ തന്നെ വിക്ഷേപണകേന്ദ്രമായ ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ ബഹിരാകാശ കേന്ദ്രത്തിലെത്തിക്കും. വിക്ഷേപണത്തിനായുള്ള എല്‍വിഎം-3 റോക്കറ്റും സംയോജനഘട്ടത്തിലാണ്.

logo
The Fourth
www.thefourthnews.in