ഗഗന്‍യാന്‍ പരീക്ഷണ വിക്ഷേപണം വിജയകരം;
 ചരിത്ര നേട്ടത്തിലേക്കുള്ള ആദ്യപടിയെന്ന് ഐ എസ് ആര്‍ ഒ

ഗഗന്‍യാന്‍ പരീക്ഷണ വിക്ഷേപണം വിജയകരം; ചരിത്ര നേട്ടത്തിലേക്കുള്ള ആദ്യപടിയെന്ന് ഐ എസ് ആര്‍ ഒ

രാവിലെ 8.45 ന് വിക്ഷേപിക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും തകരാര്‍ കണ്ടെത്തിയതിനെത്തുടര്‍ന്ന് വിക്ഷേപണസമയം മാറ്റുകയായിരുന്നു
Updated on
2 min read

ഇന്ത്യൻ മണ്ണിൽനിന്ന് ഇന്ത്യക്കാരെ ബഹിരാകാശത്തേക്ക് അയയ്ക്കുന്ന പ്രഥമ ദൗത്യമായ ഗഗൻയാന് മുന്നോടിയായുള്ള ക്രൂ എസ്‌കേപ്പ് സിസ്റ്റം ഉൾപ്പെടുന്ന ടെസ്റ്റ് വെഹിക്കിൾ അബോർട്ട് മിഷൻ -1 (ടിവി ഡി-1)പരീക്ഷണം വിജയം. റോക്കറ്റിന്റെ സഹായത്തോടെ വിക്ഷേപിച്ച് കടലിൽ വീഴ്ത്തിയ ക്രൂ മൊഡ്യൂൾ മാതൃക നാവികസേനയുടെ സഹായത്തോടെ ഐ എസ് ആർ ഒ വീണ്ടെടുത്തു.

ടിവി ഡി-1 ഇന്ന് രാവിലെ 8.45 ന് വിക്ഷേപിക്കാനായിരുന്നു ആദ്യം ലക്ഷ്യമിട്ടത്. എന്നാൽ സാങ്കേതികതരാര്‍ മൂലം വിക്ഷേപണം നിർത്തിവച്ചു. തുടർന്ന് പ്രശ്നം പരിഹരിച്ച് 10 മണിക്ക് വിക്ഷേപിക്കുകയായിരുന്നു.

2025ൽ നടക്കുന്ന ഗഗൻയാൻ വിക്ഷേപണത്തിനുശേഷം അബോർട്ട് ചെയ്യേണ്ടി വന്നാൽ യാത്രികരെ സുരക്ഷിതമായി തിരിച്ചെത്തിക്കുന്നത് ഉറപ്പാക്കുന്നതിനാണ് ക്രൂ എസ്‌കേപ്പ് സിസ്റ്റം പരീക്ഷിച്ചത്. ഇതിനായി അത്തരം സാഹചര്യം പരീക്ഷണ ദൗത്യത്തിൽ സൃഷ്ടിക്കുകയായിരുന്നു. റോക്കറ്റിന് അപ്രതീക്ഷിത തകരാർ സംഭവിച്ചാൽ ബഹിരാകാശയാത്രികർ ഇരിക്കുന്ന ക്രൂ മൊഡ്യൂളിനെ സുരക്ഷിതമായ ദൂരത്തേക്ക് വേഗത്തിൽ മാറ്റുന്ന തരത്തിലാണ് ഈ സംവിധാനം രൂപകൽപ്പന ചെയ്തിരിക്കുന്നത്.

വിക്ഷേപിച്ച് 61-ാം സെക്കൻഡിൽ റോക്കറ്റിൽനിന്ന് ക്രൂ എസ്‌കേപ്പ് സിസ്റ്റം വേർപെട്ടു. 91-ാം സെക്കൻഡിൽ 16 .9 കിലോമീറ്റർ ഉയരത്തിൽവച്ച്, ക്രൂ എസ്‌കേപ്പ് സിസ്റ്റത്തിൽനിന്ന് യാത്രികർ ഇരിക്കേണ്ട ക്രൂ മൊഡ്യൂൾ വേർപെട്ടു. തുടർന്ന് പാരച്യൂട്ടുകളുടെ സഹായത്തോടെ പ്രവേഗം കുറച്ച് ക്രൂ മൊഡ്യൂളിനെ ബംഗാൾ ഉൾക്കടലിൽ വീഴ്ത്തുകയായിരുന്നു.

ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്ററിൽനിന്ന് വിക്ഷേപിച്ച ടിവി ഡി-1ന്റെ വിക്ഷേപണം 9.51 മിനുട്ടിലാണ് വിജയകരമായി പൂര്‍ത്തിയായത്. പരീക്ഷണത്തിന്റെ എല്ലാ ഘട്ടവും വിജയമാണെന്ന് ഇസ്രോ ചെയർമാന്‍ എസ് സോമനാഥ് പറഞ്ഞു. പരീക്ഷണ വിജയം ചരിത്ര നേട്ടത്തിലേക്കുള്ള ആദ്യപടിയെന്നും ഐ എസ് ആര്‍ ഒ വ്യക്തമാക്കി.

2025ൽ യാത്രികരെ ബഹിരാകാശത്തേക്ക് അയക്കുന്നതിന് മുന്നോടിയായാണ് ആളില്ലാ വാഹനങ്ങളുടെ പരീക്ഷണ വിക്ഷേപണം നടത്താൻ തീരുമാനിച്ചത്. ഗഗൻയാൻ ദൗത്യത്തിന്റെ ഭാഗമായ ഡ്രോഗ് പാരച്യൂട്ട്, സർവിസ് മൊഡ്യുൾ പ്രൊപ്പൽഷൻ സംവിധാനം, സർവിസ് മൊഡ്യൂളുകളെ നിയന്ത്രിക്കുന്ന എൻജിനുകളുടെ പരീക്ഷണം എന്നിവ വിജയകരമായി പൂർത്തിയാക്കിയാണ് ഐ എസ് ആർ ഒ നിർണായകമായ ക്രൂ എസ്‌കേപ്പ് സംവിധാനത്തിന്റെ പരീക്ഷണ വിക്ഷേപണത്തിലേക്കു കടന്നത്.

logo
The Fourth
www.thefourthnews.in