ആന്റിബയോട്ടിക്കുകൾ പരാജയപ്പെടുന്നിടത്ത് പ്രതീക്ഷയേകി ജനിതകമാറ്റം വരുത്തിയ ബാക്ടീരിയ
ആൻ്റിബയോട്ടിക്കുകൾ കൊണ്ട് മാറാത്ത അസുഖങ്ങൾക്ക് പരിഹാരമായി ജനിതകമാറ്റം വരുത്തിയ ബാക്ടീരിയകൾ. എലികളിൽ നടത്തിയ പഠനത്തിലാണ് അണുബാധകളെ ചികിത്സിക്കാൻ ജനിതകമാറ്റം വരുത്തിയ ബാക്ടീരിയകൾക്ക് കഴിയുമെന്ന് കണ്ടെത്തിയത്. ആൻ്റിബയോട്ടിക്കുകളെ അതിജീവിക്കുന്ന അണുക്കളെ പ്രതിരോധിക്കാനുള്ള പഠനത്തിന്റെ ഭാഗമായാണ് പുതിയ കണ്ടെത്തൽ. ശ്വാസകോശ സംബന്ധമായ അണുബാധകളെ ചികിത്സിക്കുന്നതിലും ഈ കണ്ടെത്തല്‍ നിർണായകമാകും
അണുബാധയുടെ ഉറവിടത്തിൽ ചെന്ന് അവയെ ഇല്ലാതാക്കാൻ കോശഭിത്തികളിൽ (cellwall) ദ്വാരങ്ങളുണ്ടാക്കുന്നതാണ് പുതിയ ചികിത്സാരീതി. ഈ ദ്വാരങ്ങളിലൂടെ ആന്റിബയോട്ടിക്കുകള്‍ കൃത്യമായി അവയുടെ ലക്ഷ്യം നിർവഹിക്കുന്നു. ബാഴ്‌സലോണയിലെ സെന്റർ ഫോർ ജീനോമിക് റെഗുലേഷന്‍ നടത്തിയ ഗവേഷണത്തിൽ, ജനിതകമാറ്റം വരുത്തിയ ബാക്ടീരിയകൾ എലി ജീവിച്ചിരിക്കാനുള്ള സാധ്യത ഇരട്ടിയാക്കി. ഒറ്റത്തവണ തന്നെ ഉയർന്ന ഡോസ് നൽകുന്നത് ശ്വാസകോശത്തിൽ വിഷാംശത്തിന്റെ ലക്ഷണങ്ങളൊന്നും തന്നെ കാണിച്ചതുമില്ല. ചികിത്സ പൂർത്തിയായി നാല് ദിവസത്തിനുള്ളിൽ ശരീരത്തിലെ പ്രതിരോധ സംവിധാനം തന്നെ കുത്തിവച്ച ബാക്ടീരിയകളെ നീക്കം ചെയ്യും.
ആൻ്റിബയോട്ടിക് പ്രതിരോധശേഷിയുള്ള ബാക്ടീരിയകളെ പ്രതിരോധിക്കാൻ ഇത് വളരെ ഗുണം ചെയ്യുമെന്നാണ് ഇന്റർനാഷണൽ യൂണിവേഴ്‌സിറ്റി ഓഫ് കാറ്റലോണിയയിലെ ഡോ. മരിയ ലുക് വ്യക്തമാക്കുന്നത്. കണക്കുകൾ പ്രകാരം ആൻറിബയോട്ടിക് പ്രതിരോധശേഷിയുള്ള അണുബാധകളെ തുടർന്ന് ഓരോ വർഷവും കുറഞ്ഞത് 12.5 ലക്ഷം ആളുകളാണ് മരിക്കുന്നത്. ഇതിന് പ്രധാന കാരണമായ സ്യൂഡോമോണസ് എരുഗിനോസ (Pseudomonas aeruginosa)എന്ന ബാക്ടീരിയയെ ലക്ഷ്യമിട്ടാണ് ഏറ്റവും പുതിയ കണ്ടെത്തൽ.
മൈകോപ്ലാസ്മ ന്യുമോണിയെ (Mycoplasma pneumoniae) എന്ന ബാക്ടീരിയയെ ജനിതകമാറ്റം വരുത്തിയാണ് ഗവേഷണം നടത്തിയത്. രോഗം ഉണ്ടാക്കാനുള്ള മൈകോപ്ലാസ്മ ന്യുമോണിയെയുടെ കഴിവ് നീക്കം ചെയ്ത് സ്യൂഡോമോണസ് എരുഗിനോസയുടെ വളർച്ച നശിപ്പിക്കാൻ ശേഷിയുള്ളതാക്കി മാറ്റി. ജനിതകമാറ്റം വരുത്തിയ ഈ ബാക്ടീരിയയെ ശരീരത്തിലേക്ക് കടത്തിവിട്ട് അണുബാധ നിയന്ത്രിക്കുകയാണ് ഗവേഷകർ ചെയ്തത്.
സ്യൂഡോമോണസ് എരുഗിനോസ സൂക്ഷ്മാണുക്കളുടെ മെലിഞ്ഞ പാളികളായ ബയോഫിലിമുകളെ ഉണ്ടാക്കും. ശരീരത്തിന്റെ ഉള്ളിലുള്ള പ്രതലങ്ങളിൽ പറ്റിപ്പിടിച്ചിരിക്കുന്ന ബയോഫിലിമുകൾ ആൻ്റിബയോട്ടിക്കുകൾക്ക് എത്താൻ പറ്റാത്ത രീതിയിലുള്ള ഘടകങ്ങൾ ഉണ്ടാക്കുകയും തുടർന്ന് ഇത് അണുബാധയിലേക്ക് നയിക്കുകയും ചെയ്യും. മെക്കാനിക്കൽ വെന്റിലേറ്ററുകളുടെ സഹായത്തോടെ ശ്വസിക്കുന്ന രോഗികൾ ഉപയോഗിക്കുന്ന എൻഡോട്രക്കിയിക്കൽ ട്യൂബുകളുടെ (endotracheal tubes) ഉപരിതലത്തിലും ബയോഫിലിമുകൾ ഉണ്ടാകാറുണ്ട്.
ഇത് വെന്റിലേറ്റർ-അസോസിയേറ്റഡ് ന്യുമോണിയയ്ക്ക് (വിഎപി) കാരണമാകുന്നു. കോവിഡ് 19 കാരണം ഇൻട്യൂബേറ്റ് (intubation) ചെയ്യപ്പെട്ടവരിൽ പകുതിയോളം പേരെയും ബാധിക്കുന്ന അവസ്ഥയാണിത്. വിഎപി ബാധിക്കുന്ന എട്ട് രോഗികളിൽ ഒരാൾ മരിക്കുന്നു എന്നാണ് കണക്കുകൾ. ഈ അവസ്ഥയിൽ ജനിതകമാറ്റം വരുത്തിയ ബാക്ടീരിയ ഉപയോഗിച്ചുള്ള ചികിത്സയിലൂടെ കാര്യമായ മാറ്റമുണ്ടാക്കാൻ കഴിയുമെന്നാണ് ഗവേഷകരുടെ പ്രതീക്ഷ. ക്ലിനിക്കൽ ട്രയലുകളിലേക്ക് നീങ്ങുന്നതിന് മുമ്പ് കൂടുതൽ ഗവേഷണം നടത്താനാണ് സംഘത്തിൻ്റെ പദ്ധതി. ഭാവിയിൽ, ഒരു നെബുലൈസർ (nebuliser) ഉപയോഗിച്ച് രോഗിക്ക് ബാക്ടീരിയയെ ശ്വസിക്കാൻ പറ്റുന്ന രീതിയിലുള്ള ചികിത്സയും സംഘം വിഭാവനം ചെയ്യുന്നുണ്ട്.