ലണ്ടനേക്കാള്‍ വലിപ്പമുള്ള മഞ്ഞുമല! മുന്നറിയിപ്പുമായി ഗവേഷകര്‍

ലണ്ടനേക്കാള്‍ വലിപ്പമുള്ള മഞ്ഞുമല! മുന്നറിയിപ്പുമായി ഗവേഷകര്‍

കപ്പൽ ഗതാഗതം, മീൻ പിടുത്തം, ജീവജാലങ്ങളുടെ ആവാസ വ്യവസ്ഥ എന്നിവയെ ബാധിക്കുമെന്ന് ആശങ്ക
Updated on
2 min read

പുതിയതായി കണ്ടെത്തിയ A81, A76a മഞ്ഞുമലകള്‍ ഭീഷണിയാകുമെന്ന് ശാസ്ത്രലോകത്തിന്റെ മുന്നറിയിപ്പ്. കപ്പല്‍ ഗതാഗതം, മീന്‍ പിടുത്തം, സമുദ്രത്തിലെ ആവാസ വ്യവസ്ഥ എന്നിവയെ കാര്യമായി ബാധിക്കുമെന്ന ആശങ്കയാണ് ഗവേഷകര്‍ പങ്കുവയ്ക്കുന്നത്. A81 മഞ്ഞുമലയ്ക്ക് ലണ്ടന്റെ അത്രയും വലിപ്പം വരും. A76a അതിനേക്കാളും വലുതും.

നീളം കൂടി കട്ടി കുറഞ്ഞ മഞ്ഞുമലയായ A76aയുടെ വിസ്തൃതി 3,000 ചതുരശ്ര കിലോമീറ്ററിലധികമാണ്. 2021 മെയ് മാസത്തിൽ ഫിൽച്ച്നർ-റോൺ ഐസ് ഷെൽഫിൽ നിന്നാണ് ഇത് ഉത്ഭവിച്ചത്. അന്റാർട്ടിക്കയിലെ വെഡൽ കടലിൽ നിന്ന് തെക്കൻ അറ്റ്ലാന്റിക്കിലേക്ക് യാത്ര ചെയ്ത നിരീക്ഷക സംഘത്തിന് മഞ്ഞുമല തടസമുണ്ടാക്കിയതായാണ് റിപ്പോര്‍ട്ട്. ഏകദേശം 24 മണിക്കൂർ സമയമെടുത്ത് കറങ്ങി പോകേണ്ടി വന്നുവെന്നാണ് സമുദ്ര ഗവേഷകൻ പ്രൊഫസർ ജെറന്റ് ടാർലിങ് പറയുന്നത്.

റോയൽ റിസർച്ച് ഷിപ്പ് ഡിസ്കവറിയിൽ വച്ചാണ് ഗവേഷക സംഘം പുതിയ മഞ്ഞുമലകളുമായി ബന്ധപ്പെട്ട നിരീക്ഷണം നടത്തിയത്. ''ചില സ്ഥലങ്ങളിൽ വെച്ച് മഞ്ഞുമലയുടെ വളരെ അടുത്ത് ഞങ്ങള്‍ എത്തി. അത് വളരെ നല്ല ഒരു കാഴ്ചാനുഭവമായിരുന്നു. കപ്പലിനടിയിലുള്ള പൈപ്പുകൾ ഉപയോഗിച്ച് ഞങ്ങൾ മഞ്ഞുമലയ്ക്ക് ചുറ്റുമുള്ള വെള്ളം ശേഖരിച്ചു. അങ്ങനെ ഇതിനെപ്പറ്റി പഠിക്കാൻ ധാരാളം സാമ്പിളുകൾ ഞങ്ങൾക്ക് ലഭിച്ചു'' - പ്രൊഫസർ ജെറന്റ് ടാർലിങ് വ്യക്തമാക്കി.

സമുദ്രത്തിന്റെ ഒഴുക്കും കാറ്റും മഞ്ഞുമലയെ ഫാക്‌ലാൻഡിന്റെയും തെക്കൻ ജോർജിയയുടെയും ഭാഗമായ വടക്ക് ഭാഗത്തേയ്ക്ക് കൊണ്ടുപോകുകയാണ്. സമീപത്തുള്ള ഷാഗ് റോക്ക്സ് എന്ന ദ്വീപുകളുടെ ശേഖരത്തിൽ മഞ്ഞുമല കുടുങ്ങിപ്പോകാനും സാധ്യതയുണ്ട്. ഇത് സമുദ്ര ജീവജാലങ്ങള്‍ക്കും കപ്പല്‍ ഗതാഗത്തിനും വന്‍ തിരിച്ചടിയുണ്ടാക്കും. ശൈത്യകാലത്തെ മത്സ്യബന്ധനത്തേയും ഇത് കാര്യമായി ബാധിക്കും.

ജനുവരിയിൽ ബ്രണ്ട് ഐസ് ഷെൽഫിൽ നിന്നാണ് A81 വേർപെടുന്നത്. ഈ മഞ്ഞുമല വർഷങ്ങൾക്ക് മുമ്പ് പൊട്ടിപ്പോകുമെന്ന് ശാസ്ത്രജ്ഞർ പ്രവചിച്ചിരുന്നതാണ്. ഐസ് പട്രോൾ വഴിയാണ് മഞ്ഞുമലയുടെ സ്ഥാനത്തെ പറ്റിയുള്ള വിവരങ്ങള്‍ ട്രാക്ക് ചെയ്യുന്നത്. 1912 ഏപ്രിലിൽ നടന്ന ആർഎംഎസ് ടൈറ്റാനിക്കിന്റെ അപകടത്തെ തുടർന്നാണ് 1914-ൽ അന്താരാഷ്ട്ര ഐസ് പട്രോൾ സ്ഥാപിതമായത്. അതിനാൽ ദിവസവും രണ്ടുതവണ റിപ്പോർട്ടുകൾ കപ്പലുകളിലേക്ക് കൈമാറാറുണ്ട്. കമ്പ്യൂട്ടർ പ്ലോട്ടുകളാണ് അവയുടെ സ്ഥാനം കൃത്യമായി കണ്ടെത്തുക.

logo
The Fourth
www.thefourthnews.in