'ഹിഡിയോട്ടീസ് റിക്കര്‍വേറ്റ' : പുതിയ സസ്യത്തെ കണ്ടെത്തി കാലിക്കറ്റ് സര്‍വകലാശാലയിലെ ഗവേഷകര്‍

'ഹിഡിയോട്ടീസ് റിക്കര്‍വേറ്റ' : പുതിയ സസ്യത്തെ കണ്ടെത്തി കാലിക്കറ്റ് സര്‍വകലാശാലയിലെ ഗവേഷകര്‍

അന്താരാഷ്ട്ര ജേര്‍ണലായ ഫൈറ്റോക്‌സയില്‍ പുതിയ സസ്യ ഇനത്തേക്കുറിച്ചുള്ള പ്രബന്ധം പ്രസിദ്ധീകരിച്ചതോടെ കണ്ടെത്തലിന് ഔദ്യോഗിക അംഗീകാരമാവുകയാണ്
Updated on
2 min read

ഹിഡിയോട്ടീസ് റിക്കര്‍ വേറ്റ എന്ന പുതിയ സസ്യഇനത്തെ കണ്ടെത്തി മലയാളി ഗവേഷകര്‍. കാലിക്കറ്റ് സര്‍വകാലാശാല സസ്യശാസ്ത്ര പഠന വിഭാഗമാണ് കണ്ടുപിടിത്തത്തിന് പിന്നില്‍. ഊട്ടിയിലെ അവലാഞ്ചി ക്വാളിഫ്‌ളവര്‍ ഷോലെയിലേയ്ക്കുള്ള വഴിയിലാണ് ഹിഡിയോട്ടീസ് റിക്കര്‍വേറ്റ എന്ന പുതിയ സസ്യം കണ്ടെത്തിയത്. അന്താരാഷ്ട്ര ജേര്‍ണലായ ഫൈറ്റോക്‌സയില്‍ പുതിയ സസ്യ ഇനത്തേക്കുറിച്ചുള്ള പ്രബന്ധം പ്രസിദ്ധീകരിച്ചതോടെ കണ്ടെത്തലിന് ഔദ്യോഗിക അംഗീകാരമായി.

ഹിഡിയോട്ടീസ് റിക്കര്‍ വേറ്റ
ഹിഡിയോട്ടീസ് റിക്കര്‍ വേറ്റ

ഹിഡിയോട്ടിസ് വിഭാഗത്തിലെ ചെടികളെകുറിച്ച് കാലിക്കറ്റ് സര്‍വകലാശാലയിലെ ഡോ. പി സുനോജ് കുമാറിന്റെ കീഴില്‍ നടക്കുന്ന ഗവേഷണത്തിനിടേയാണ് ബോട്ടണി വിഭാഗം പിഎച്ച്ഡി വിദ്യാര്‍ഥിയായ പി ജിജിയും സംഘവും പുതിയ ചെടി കണ്ടെത്തിയത്. ഹിഡിയോട്ടീസ് വിഭാഗത്തല്‍പ്പെട്ടവയായതിനാലും സ്റ്റിപ്യൂളുകള്‍ പിന്നോട്ട് മറഞ്ഞു നില്‍ക്കുന്നതിനാലും ഹിഡിയോട്ടിസ് റിക്കര്‍വേറ്റയെന്ന പേര് നല്‍കുകയായിരുന്നുവെന്നാണ് ഗവേഷക സംഘത്തിന് നേതൃത്വം വഹിക്കുന്ന ജിജി ദ ഫോര്‍ത്തിനോട് പറഞ്ഞു.

ഹിഡിയോട്ടീസ് റിക്കര്‍ വേറ്റ
ഹിഡിയോട്ടീസ് റിക്കര്‍ വേറ്റ

പര്‍പ്പിളും വെള്ളയും ചേര്‍ന്ന ഭംഗിയുള്ള പൂവുകളാണ് ഹിഡിയോട്ടീസ് റിക്കര്‍വേറ്റയ്ക്കുള്ളത്. 179 ഇനം ചെടികളാണ് ഹിഡിയോട്ടീസ് വിഭാഗത്തില്‍ ഇതുവരെ കണ്ടെത്തിയിട്ടുള്ളത്. പുഷ്പങ്ങളുടെ രൂപമാണ് ഹിഡിയോട്ടിസ് റിക്കര്‍ വേറ്റയെ മറ്റിനങ്ങളില്‍ നിന്ന് വ്യത്യസ്തമാക്കുന്നത്.

'' ഞാന്‍ കാലിക്കറ്റ് സര്‍വകലാശാലയില്‍ 2016 മുതല്‍ ഹിഡിയോട്ടിസ് ഗ്രൂപ്പില്‍ പിഎച്ചഡി ചെയ്തുകൊണ്ടിരിക്കുകയാണ്. ഇന്ത്യൻ ഉപദ്വീപീയ മേഖല കേന്ദ്രീകരിച്ചായിരുന്നു എന്റെ പഠനങ്ങള്‍. സെപ്റ്റംബര്‍ മുതല്‍ ഫെബ്രുവരി വരെയാണ് ഹിഡിയോട്ടിസ് പൂക്കുന്ന സമയം ഹിഡിയോട്ടിസ് പൂക്കുന്ന സമയങ്ങളില്‍ മാത്രമാണ് ഈ ഇനത്തില്‍പ്പെട്ട സസ്യത്തെ തിരിച്ചറിയാന്‍ സാധിക്കുക. സമുദ്രനിരപ്പില്‍ നിന്ന് ഉയര്‍ന്ന് കാണപ്പെടുന്ന പ്രദേശങ്ങളിലാണ് സാധാരണ ഹിഡിയോട്ടീസ് വിഭാഗത്തിലുള്ള സസ്യങ്ങള്‍ പൂക്കാറെന്നും ജിജി വ്യക്തമാക്കി. 2016 മുതല്‍ ഇന്ത്യയുടെ ഉപദ്വീപീയ മേഖല കേന്ദ്രീകരിച്ച് ഞങ്ങള്‍ നിരവധി യാത്രകള്‍ നടത്തിയതിന് ശേഷമാണ് സസ്യത്തെ തിരിച്ചറിയാന്‍ സാധിച്ചത്.'' പി ജിജി ദ ഫോര്‍ത്തിനോട് പറഞ്ഞു.

ജിജി (പിഎച്ച്ഡി വിദ്യാര്‍ഥി)
ജിജി (പിഎച്ച്ഡി വിദ്യാര്‍ഥി)

കെ കെ ജിയോ മോള്‍, പി സുനോജ് കുമാര്‍ , ദേവഗിരി കോളേജിലെ അസിസ്റ്റന്റ് പ്രഫസര്‍ മനുദേവ് എന്നിവരായിരുന്നു സംഘത്തിലെ മറ്റുള്ളവര്‍.

logo
The Fourth
www.thefourthnews.in