സൂര്യന്റെ ഉപരിതലത്തിൽ നിന്ന് ഒരു ഭാഗം വേർപെട്ടു; ആശങ്കാജനകമെന്ന് ശാസ്ത്രജ്ഞർ
സൂര്യന്റെ ഉപരിതലത്തിൽ നിന്ന് ഒരു വലിയ ഭാഗം വേർപെട്ടെന്ന് ശാസ്ത്രലോകം. ഇത് സൂര്യന്റെ ഉത്തരധ്രുവത്തിന് ചുറ്റും ചുഴലിക്കാറ്റ് സൃഷ്ടിച്ചതായും നാസ റിപ്പോർട്ട് ചെയ്തു. വിഘടിക്കുന്നതിന്റെ ദൃശ്യങ്ങൾ നാസയുടെ ജെയിംസ് വെബ് ദൂരദർശിനി പിടിച്ചെടുത്തതോടെയാണ് പ്രതിഭാസം ലോകമറിഞ്ഞത്. ബഹിരാകാശ വിദഗ്ധയായ ഡോ. തമിത സ്കോവാണ് ട്വിറ്ററിൽ ദൃശ്യങ്ങൾ പങ്കുവച്ചത്.
സൂര്യന്റെ വടക്കൻ പ്രൊമിനൻസിൽ നിന്നാണ് ഒരുഭാഗം പ്രധാന ഫിലമെന്റിൽ നിന്ന് വിഘടിച്ചത്. ശേഷം സൂര്യന്റെ ഉത്തരധ്രുവത്തിന് ചുറ്റും ചുഴി രൂപത്തിൽ വേർപെട്ട ഭാഗം കറങ്ങുകയാണ്. ഈ ഭാഗത്തിന് ഏകദേശം 60 ഡിഗ്രി അക്ഷാംശത്തിൽ ധ്രുവത്തെ ചുറ്റാൻ ഏകദേശം എട്ടുമണിക്കൂർ സമയമെടുക്കുന്നുണ്ടെന്ന് നിരീക്ഷണത്തിൽ നിന്ന് വ്യക്തമായതായി സ്കോവ് പറഞ്ഞു. ശാസ്ത്രലോകത്തെയാകെ ഞെട്ടിച്ചിരിക്കുന്ന ഈ പുതിയ പ്രതിഭാസം എങ്ങനെ സംഭവിച്ചു എന്ന് വിശകലനം ചെയ്യാനുള്ള ശ്രമത്തിലാണ് ശാസ്ത്രഞ്ജർ.
ഡോ സ്കോവിന്റെ ട്വീറ്റിന് പിന്നാലെ കഴിഞ്ഞ ദിവസം പസഫിക് സമുദ്രത്തിന് മുകളിലൂടെയുള്ള ഇടത്തരം വലിപ്പമുള്ളതും എന്നാൽ ശക്തവുമായ ഒരു ഷോർട്ട് വേവ് റേഡിയോയെ തട്ടിയതായി സ്പേസ്‌വെതർ.കോം റിപ്പോർട്ട് ചെയ്തു.
സൂര്യന്റെ ഉപരിതലത്തിൽ നിന്ന് പുറത്തേക്ക് വ്യാപിച്ച് കിടക്കുന്ന ഭാഗമാണ് വേർപെട്ടത്. ഇത്തരം പ്രതിഭാസങ്ങൾ നേരത്തെയും ഉണ്ടായിട്ടുണ്ട്. എങ്കിലും ഇത് ആശങ്കാജനകമാണെന്ന് ശാസ്ത്രജ്ഞർ പറഞ്ഞു. സൗരജ്വാലകൾ പുറപ്പെടുവിക്കുന്നത് ചില സമയങ്ങളിൽ ഭൂമിയിലെ ആശയവിനിമയത്തെ ബാധിക്കുമെന്നും ശാസ്ത്രലോകം പറയുന്നു.
ഓരോ 11 വർഷത്തെ സൗരചക്രത്തിലും സൂര്യൻ 55 ഡിഗ്രി അക്ഷാംശത്തിൽ എത്തുമ്പോൾ അപ്രതീക്ഷിതമായി എന്തെങ്കിലും സംഭവിക്കുന്നുവെന്നും ശാസ്ത്രജ്ഞർ
ഭൂമിയെ ബാധിക്കുമെന്ന് ആശങ്കയുണ്ടായിരുന്ന കഴിഞ്ഞ വർഷത്തെ സൗരജ്വാലകൾ പോലുള്ള പല സോളാർ പ്രൊജക്ഷനുകളെയും ശാസ്ത്രഞ്ജർ നിരീക്ഷിച്ച് പോരാറുണ്ടായിരുന്നു. ഈ പ്രൊജക്ഷനുകൾ ജിപിഎസ് സംവിധാനങ്ങൾ, പവർ ഗ്രിഡുകൾ, റേഡിയോ സിഗ്നലുകൾ എന്നിവയെ പോലും തടസ്സപ്പെടുത്താൻ പ്രാപ്തിയുള്ളതാണ്. ഗവേഷകർ നേരത്തെ ഇത് സംബന്ധിച്ച് മുന്നറിയിപ്പ് നല്കിയിട്ടുള്ളതാണ്. എന്നാൽ ഈ പുതിയ പ്രതിഭാസം ഭൂമിയെ എങ്ങനെ ബാധിക്കും എന്നത് സംബന്ധിച്ച് വ്യക്തത വന്നിട്ടില്ല. സൂര്യന്റെ കാന്തികക്ഷേത്രവുമായി ഇതിന് എന്തെങ്കിലും ബന്ധം ഉണ്ടായിരിക്കാം എന്നാണ് വിലയിരുത്തൽ. ഓരോ 11 വർഷത്തെ സൗരചക്രത്തിലും സൂര്യൻ 55 ഡിഗ്രി അക്ഷാംശത്തിൽ എത്തുമ്പോൾ അപ്രതീക്ഷിതമായി എന്തെങ്കിലും സംഭവിക്കുന്നുവെന്നും ശാസ്ത്രജ്ഞർ പറഞ്ഞു.