'ചരിത്രയാൻ'; ചന്ദ്രന്റെ ദക്ഷിണധ്രുവത്തിൽ ഇറങ്ങുന്ന ആദ്യ രാജ്യമായി ഇന്ത്യ

'ചരിത്രയാൻ'; ചന്ദ്രന്റെ ദക്ഷിണധ്രുവത്തിൽ ഇറങ്ങുന്ന ആദ്യ രാജ്യമായി ഇന്ത്യ

ചന്ദ്രനിൽ സോഫ്റ്റ് ലാൻഡിങ് നടത്തുന്ന നാലാമത്തെ രാജ്യവും ഇന്ത്യയാണ്
Updated on
2 min read

ഒടുവിൽ നമ്മൾ അത് സാധിച്ചിരിക്കുന്നു . 140 കോടി ഇന്ത്യക്കാരെ അഭിമാനക്കൊടുമുടി ഏറ്റി നമ്മുടെ ചന്ദ്രയാൻ ചന്ദ്രനിൽ കാലൂന്നി. മുൻ നിശ്ചയിച്ച പ്രകാരം വൈകിട്ട് 6:04 ന് ലാൻഡർ ചന്ദ്രോപരിതലം തൊട്ടതായി ഐഎസ്‌ആർഒ സ്ഥിരീകരിച്ചു. ഇതോടെ ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിൽ ഇറങ്ങുന്ന ആദ്യ രാജ്യമായും സോഫ്റ്റ് ലാൻഡിങ്ങിൽ വിജയിക്കുന്ന നാലാമത്തെ രാജ്യമായും ഇന്ത്യമാറി . ഇന്ത്യക്കു മുൻപ് അമേരിക്ക , ചൈന , റഷ്യ എന്നീ രാജ്യങ്ങളാണ് ചന്ദ്രോപരിതലത്തിൽ സോഫ്റ്റ് ലാൻഡിങ് വിജയിച്ച രാജ്യങ്ങൾ.

സംഭ്രമത്തിന്റെയും ഉദ്വേഗത്തിന്റെയും അവസാന 19 നിമിഷങ്ങൾ താണ്ടിയാണ് സ്വപ്‍ന നേട്ടത്തിലേക്ക് ഇന്ത്യയെ ലാൻഡർ പേടകം സോഫ്റ്റ് ലാൻഡ് ചെയ്യിച്ചത് . ഐഎസ്ആർഒയുടെ ബെംഗളൂരുവിലെ മിഷൻ ഓപ്പറേഷൻ കോംപ്ലക്സിലെ ശാസ്ത്രജ്ഞർക്കായിരുന്നു ദൗത്യത്തിന്റെ മേൽനോട്ടം. ബഹിരാകാശ ശാസ്ത്രജ്ഞർ നേരത്തെ തയ്യാറാക്കി നൽകിയ മാർഗ നിർദേശം അനുസരിച്ച് സ്വയം കൈകാര്യം ചെയ്താണ് ലാൻഡർ ചന്ദ്രോപരിതലത്തിൽ മൃതു ഇറക്കം പൂർത്തിയാക്കിയത്. ചന്ദ്രന്റെ 25 കിലോമീറ്റർ മുകളിൽ നിന്ന് തിരശ്ചീനമായും പിന്നീട് ലംബമായും സഞ്ചരിച്ചാണ് സോഫ്റ്റ് ലാൻഡിങ്ങിനുള്ള നാല് ഘട്ടം ലാൻഡർ പൂർത്തീകരിച്ചത് .

ബെംഗളൂരുവിലെ മിഷൻ ഓപ്പറേഷൻ കോംപ്ലക്സ്
ബെംഗളൂരുവിലെ മിഷൻ ഓപ്പറേഷൻ കോംപ്ലക്സ്

ചന്ദ്രന് മുകളിൽ 150 മീറ്റർ അകലത്തിൽ നിന്ന് ചിത്രങ്ങൾ എടുത്ത് ഇറങ്ങാൻ ഉദ്ദേശിച്ച ഇടത്തിന്റെ കൃത്യത ഉറപ്പു വരുത്തിയാണ് ഇറങ്ങുക തന്നെ എന്ന തീരുമാനത്തിലേക്ക് ലാൻഡർ എത്തിയത്. 150 മീറ്റർ മുകളിൽ നിന്ന് നിരീക്ഷിക്കുമ്പോൾ ഇറങ്ങാനുള്ള ഇടം കൃത്യമല്ലെന്നു മനസിലാക്കാനായാൽ വീണ്ടും തിരശ്ചീനയമായി സഞ്ചരിച്ച്‌ പുതിയ ഇടം കണ്ടെത്താൻ ലാൻഡറിനെ നേരത്തെ സജ്ജമാക്കിയിരുന്നു. എന്നാൽ ഇതിന്റെ ആവശ്യം വന്നില്ല.

'ചരിത്രയാൻ'; ചന്ദ്രന്റെ ദക്ഷിണധ്രുവത്തിൽ ഇറങ്ങുന്ന ആദ്യ രാജ്യമായി ഇന്ത്യ
ലാൻഡിങ്ങിൽ അഭിമാന നേട്ടം, ഇനി കാത്തിരിപ്പ് റോവർ പുറത്തുവരാൻ; പര്യവേഷണത്തിന് 7 പേലോഡ്, പഠനത്തിന് 14 ദിനം

150 മീറ്റർ മുകളിൽ നിന്ന് പ്രവേഗം പരമാവധി കുറച്ചു സെക്കൻഡിൽ 3 മീറ്ററിൽ താഴെ എത്തിച്ച് ചന്ദ്രോപരിതലത്തിന് 10 മീറ്റർ മുകളിൽ വരെ എത്തിച്ചായിരുന്നു സോഫ്റ്റ് ലാൻഡിങ്. ഉള്ളിൽ അടക്കം ചെയ്ത 26 കിലോഗ്രാം ഭാരമുള്ള റോവർ ഉൾപ്പടെ 1749 കിലോഗ്രാം ഭാരം ഭൂമിയിൽ അനുഭവപ്പെട്ട ലാൻഡർ പേടകത്തിന് ചന്ദ്രന്റെ ഉപരിതലത്തിൽ അനുഭവപ്പെടുക വെറും 292 കിലോഗ്രാം ഭാരമാണ്. ചന്ദ്രനിലെ തരിമണൽ പോലുള്ള മൈദ പൊടിയോളം നേർത്ത ധൂളികളുള്ള പ്രതലത്തിലേക്കാണ് ലാൻഡർ ഇറങ്ങിയിരിക്കുന്നത്. ലാൻഡിങ്ങിനൊടുവിൽ ചന്ദ്രന്റെ അന്തരീക്ഷത്തിൽ ഉയർന്നേക്കാവുന്ന പൊടി അടങ്ങിയ ശേഷമാണ് ലാൻഡറിനകത്ത് നിന്ന് റോവർ എന്ന പര്യവേഷണ വാഹനം പുറത്തേക്കു ഇറങ്ങുകയുള്ളൂ. ഇത് ഐഎസ്‌ആർഒയുടെ പൂർണ നിയന്ത്രണത്തിലാണ് നടക്കുക . ലാൻഡറിൽ നിന്ന് പ്രൊപ്പൽഷൻ മൊഡ്യുളിലേക്കും അവിടെ നിന്ന് ഐ എസ്‌ ആർ ഓ യുടെ ഡീപ് സ്‌പേസ് നെറ്റ്‌വർക്ക് സെന്ററിലേക്കും ലഭിക്കുന്ന സന്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് റോവറിന് പുറത്തിറങ്ങാൻ സമയമായെന്ന് ശാസ്ത്രജ്ഞർ കണക്കാക്കുക . ഇതിനു ശരാശരി നാല് മണിക്കൂർ സമയമെടുത്തേക്കുമെന്നാണ് കണക്കു കൂട്ടുന്നത്.

റോവർ പുറത്തിറങ്ങിയാൽ ചന്ദ്രോപരിതലത്തിൽ ദൗത്യ കാലയളവായ 14 ഭൗമ ദിനങ്ങളിൽ 500 മീറ്റർ സഞ്ചരിക്കും . രണ്ടു പേ ലോഡുകൾ ഘടിപ്പിച്ച റോവർ ദക്ഷിണ ധ്രുവത്തിലെ ചന്ദ്രന്റെ രാസഘടന , ചന്ദ്രോപരിതലത്തിലെ റിഗോലിത്ത് എന്ന മണ്ണിലേയും അവിടത്തെ പാറക്കെട്ടുകളിലെയും മൂലകങ്ങളുടെ ഘടന സംബന്ധിച്ച വിവരങ്ങൾ എന്നിവ ശേഖരിച്ചു നൽകും . റോവർ ലാൻഡറിലേക്കും ലാൻഡർ പ്രൊപ്പൽഷൻ മൊഡ്യുളിലേക്കുമാണ് വിവരങ്ങൾ കൈമാറുക . മാതൃ പേടകമായ ചന്ദ്രനെ ചുറ്റുന്ന പ്രൊപ്പൽഷൻ മൊഡ്യുലും രണ്ടാം ചന്ദ്രയാൻ ദൗത്യത്തിന്റെ ഭാഗമായ ഓർബിറ്ററും ചേർന്നാണ് ഭൂമിയുമായി ആശയ വിനിമയം നടത്തുക.

logo
The Fourth
www.thefourthnews.in