ചന്ദ്രയാന് പിന്നാലെ സമുദ്രയാൻ; ആഴക്കടലിൽ മുങ്ങിത്തപ്പാന്‍ മത്സ്യ 6000; ആദ്യ പരീക്ഷണം അടുത്ത വർഷം
ചാന്ദ്രദൗത്യത്തിന്റെ വിജയത്തിന് ശേഷം സമുദ്ര ദൗത്യവുമായി ഇന്ത്യ. സമുദ്രയാന്‍ എന്ന് പേരിട്ടിരിക്കുന്ന ദൗത്യം പൂര്‍ണമായും തദ്ദേശീയമായി നിര്‍മ്മിച്ച സമുദ്ര പര്യവേക്ഷണ പേടകത്തിലാണ്. മൂന്നംഗ സംഘത്തെ സമുദ്രത്തിന് 6000 അടി താഴ്ചയിലേക്ക് എത്തിച്ച് കൊബാള്‍ട്ട്, നിക്കല്‍, മാംഗനീസ് തുടങ്ങിയ വിലയേറിയ ലോഹങ്ങളും ധാതുക്കളും കണ്ടെത്തുക എന്നതാണ് ലക്ഷ്യം. അടുത്ത വര്‍ഷത്തോടെ ആദ്യ പരീക്ഷണം ആരംഭിക്കും.
രണ്ട് വര്‍ഷമായി നിര്‍മാണം തുടരുന്ന 'മത്സ്യ 6000' സമുദ്ര പര്യവേക്ഷണ പേടകത്തിലാണ് ദൗത്യം. മത്സ്യ 6000 ചെന്നൈ തീരത്ത് നിന്ന് 2024ന്റെ തുടക്കത്തില്‍ ബംഗാള്‍ ഉള്‍ക്കടലിന്റെ ആഴത്തിലേക്ക്‌ആദ്യ പരീക്ഷണ യാത്ര ആരംഭിക്കും. അറ്റ്ലാന്റിക് സമുദ്രത്തില്‍ ടൈറ്റാനിക് അവശിഷ്ടങ്ങള്‍ കാണാന്‍ യാത്രക്കാരുമായി പോയ ടൈറ്റന്‍ പൊട്ടിത്തെറിച്ചതിന്റെ പശ്ചാത്തലത്തില്‍ അന്തര്‍വാഹിനിയുടെ നിര്‍മ്മാണത്തില്‍ ഏറെ ജാഗ്രത പുലര്‍ത്തുകയാണ് ശാസ്ത്രജ്ഞര്‍.
മത്സ്യ 6000 വികസിപ്പിച്ച നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഓഷ്യന്‍ ടെക്നോളജി (എന്‍ഐഒടി) ശാസ്ത്രജ്ഞര്‍ അന്തര്‍വാഹിനിയുടെ രൂപകല്‍പ്പന, നിര്‍മാണ സാമഗ്രികള്‍, പരിശോധനകള്‍, സര്‍ട്ടിഫിക്കേഷന്‍, പുനരുപയോഗ സാധ്യത തുടങ്ങിയ നടപടി ക്രമങ്ങളെല്ലാം അവലോകനം ചെയ്തു കഴിഞ്ഞു.
ഇന്ത്യയുടെ ആഴക്കടല്‍ പര്യവേക്ഷണ ദൗത്യത്തിന്റെ ഭാഗമായാണ് സമുദ്രയാന്‍ ദൗത്യം. 2024ന്റെ ആദ്യ നാല് മാസത്തില്‍ 500 മീറ്റര്‍ ആഴത്തില്‍ മത്സ്യ 6000ത്തിൻ്റെ പരീക്ഷണങ്ങള്‍ നടത്തുമെന്ന് ഭൗമശാസ്ത്ര മന്ത്രാലയം സെക്രട്ടറി എം രവിചന്ദ്രന്‍ പറഞ്ഞു.
നിക്കല്‍, കോബാള്‍ട്ട്, മാംഗനീസ്, ഹൈഡ്രോതെര്‍മല്‍ സള്‍ഫൈഡുകള്‍, ഗ്യാസ് ഹൈഡ്രേറ്റുകള്‍ എന്നിവ കണ്ടെത്തുന്നതിന് പുറമെ, സമുദ്രത്തിലെ ഹൈഡ്രോതെര്‍മല്‍ വെന്റുകളിലെ കീമോസിന്തറ്റിക് ജൈവവൈവിധ്യത്തെക്കുറിച്ചും കുറഞ്ഞ താപനിലയുള്ള മീഥെയ്ന്‍ ചോര്‍ച്ചകളെക്കുറിച്ചും മത്സ്യ 6000 അന്വേഷിക്കും.
മത്സ്യ 6000-ന്റിനായി മൂന്ന് പേരെ വഹിക്കാന്‍ കഴിയുന്ന 2.1 മീറ്റര്‍ വ്യാസമുള്ള പേടകം രൂപകല്‍പ്പന ചെയ്ത് വികസിപ്പിച്ചതായി എന്‍ഐഒടി ഡയറക്ടര്‍ ജി എ രാമദാസ് വ്യക്തമാക്കി. 6000 മീറ്റര്‍ ആഴത്തില്‍ 600 ബാര്‍ മര്‍ദ്ദം (സമുദ്രനിരപ്പിലെ മര്‍ദ്ദത്തേക്കാള്‍ 600 മടങ്ങ് കൂടുതല്‍) നേരിടാന്‍ സാധിക്കുന്ന 80 മില്ലീമീറ്റര്‍ കട്ടിയുള്ള ടൈറ്റാനിയം അലോയ് ഉപയോഗിച്ചാണ് പേടകം നിര്‍മ്മിച്ചിരിക്കുന്നത്.
12 മുതല്‍ 16 മണിക്കൂര്‍ വരെ തുടര്‍ച്ചയായി പ്രവര്‍ത്തിക്കാന്‍ കഴിയുന്ന തരത്തിലാണ് സമുദ്ര പേടകം രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. അതേസമയം ഓക്‌സിജന്‍ വിതരണം 96 മണിക്കൂര്‍ വരെ ലഭ്യമാകുന്നതാണ്. അന്തർവാഹിനിയുടെ പേടകം ഒഴികെ മറ്റെല്ലാം പുനരുപയോഗിക്കാന്‍ സാധിക്കും.
അന്തര്‍വാഹിനിയെ കപ്പലില്‍ നിന്ന് കടലിലേയ്ക്ക് വിന്യസിപ്പിക്കുന്ന വിധത്തിലുള്ള സ്റ്റാന്‍ഡേര്‍ഡ് ഓപ്പറേറ്റിംഗ് നടപടിക്രമങ്ങളും ദൗത്യത്തിനായി പിന്തുടരുന്നതായിരിക്കും. അന്തര്‍വാഹിനിയുമായി എളുപ്പത്തില്‍ ആശയവിനിമയം നടത്തുന്നതിന് വേണ്ടി അതിന് മുകളിലുള്ള സമുദ്ര ഉപരിതലത്തില്‍ തന്നെ കപ്പൽ തുടരുന്നതായിരിക്കുമെന്നും ഡയറക്ടര്‍ ജി എ രാമദാസ് കൂട്ടിചേര്‍ത്തു.
2026 -ഓടെ ഈ ദൗത്യം യാഥാര്‍ത്ഥ്യമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. അമേരിക്ക, റഷ്യ, ജപ്പാന്‍, ഫ്രാന്‍സ്, ചൈന എന്നീ രാജ്യങ്ങള്‍ മാത്രമാണ് മനുഷ്യനെ ആഴക്കടല്‍ ദൗത്യങ്ങള്‍ക്കായി വിട്ടിട്ടുള്ളത്.