ഇന്ത്യയെ നോക്കി ലോകം, ചന്ദ്രനിൽനിന്ന് കണ്ണെടുക്കാതെ രാജ്യം; ചന്ദ്രയാൻ സോഫ്റ്റ് ലാൻഡിങ് വൈകിട്ട് 6.04 ന്
ഇന്ത്യയുടെ ചാന്ദ്രപര്യവേഷണ പേടകം ചന്ദ്രയാൻ മൂന്നിന്റെ ലാൻഡർ ഇന്ന് ചന്ദ്രന്റെ ഉപരിതലത്തിലിറങ്ങും. സോഫ്റ്റ് ലാൻഡിങ് ഉറപ്പാക്കുന്ന രീതിയിൽ രൂപകൽപന ചെയ്ത ദൗത്യ പേടകം വിക്രം ലാൻഡർ വൈകിട്ട് 6.04 ന് ചന്ദ്രനിൽ കാലുകുത്തും. സോഫ്റ്റ് ലാൻഡിങ്ങിനുള്ള എല്ലാ തയ്യാറെടുപ്പുകളും ഐഎസ്ആർഒ പൂർത്തിയാക്കി.
നിലവിൽ ചന്ദ്രന്റെ ഉപരിതലത്തിൽ നിന്ന് 25 കിലോമീറ്റർ കുറഞ്ഞ ദൂരത്തിലും 134 കിലോമീറ്റർ അകലമുള്ള ദൂരത്തിലും പരിക്രമണം തുടരുകയാണ് ലാൻഡർ പേടകം. വൈകിട്ട് 5.45 മുതൽ ഉള്ള സമയമാണ് ഐഎസ്ആർഒ സോഫ്റ്റ് ലാൻഡിങ്ങിനായി നിശ്ചയിച്ചിരിക്കുന്നത്. ഐഎസ്ആർഒയുടെ ബെംഗളുരുവിലുള്ള വിവിധ കേന്ദ്രങ്ങൾക്കാണ് ചന്ദ്രയാൻ ദൗത്യത്തിന്റെ നിയന്ത്രണം.
ചാന്ദ്ര പര്യവേഷണ ദൗത്യത്തിലെ ഏറ്റവും നിർണായകവും സങ്കീർണവുമായ ഘട്ടമാണ് സോഫ്റ്റ് ലാൻഡിങ് എന്ന ചന്ദ്രോപരിതലത്തിലെ മൃദു ഇറക്കം. പേടകത്തിന്റെ പ്രവേഗം പരമാവധി കുറച്ചു സെക്കൻഡിൽ ഒന്നോ രണ്ടോ മീറ്റർ എന്ന തോതിലാകുമ്പോഴാണ് സോഫ്റ്റ് ലാൻഡിങ് സാധ്യമാകുക. ഇത് പരമാവധി മൂന്ന് മീറ്റർ/ സെക്കൻഡ് എന്ന നിലയിൽ വരെ പോകാം. ഈ പ്രവേഗം ഏതെങ്കിലും ഘട്ടത്തിൽ കൂടി പോയാൽ കാര്യങ്ങളെല്ലാം അവതാളത്തിലാകും.
ഭൂമിയിൽ നിന്ന് ഒരു നിയന്ത്രണവുമില്ലാതെ ലാൻഡർ പേടകം സ്വയം കൈകാര്യം ചെയ്യേണ്ട പ്രക്രിയയാണ് സോഫ്റ്റ് ലാൻഡിങ്ങിലെ ഓരോ ഘട്ടവും. പേടകം തിരശ്ചീനമായി സഞ്ചരിക്കുമ്പോൾ 25 കിലോമീറ്റർ മുകളിൽ നിന്നാണ് സോഫ്റ്റ്ലാൻഡിങ് തുടങ്ങുക. ലാൻഡറിലെ ലിക്വിഡ് പ്രൊപ്പൽഷൻ എൻജിനുകൾ പ്രവർത്തിപ്പിച്ചാണ് ഇതിനുള്ള ഊർജം കണ്ടെത്തുക. ലാൻഡിംഗ് സൈറ്റിന് 150 മീറ്റർ മുകളിൽ വെച്ചെടുക്കുന്ന ഫോട്ടോകൾ ലാൻഡർ പേടകത്തിലെ സെൻസറുകൾ പരിശോധിക്കുകയും ലാൻഡിങ്ങിന് യോഗ്യമെങ്കിൽ സിഗ്നൽ നൽകുകയും ചെയ്യും. ഇതോടെ പേടകം സഞ്ചരിച്ച് ചന്ദ്രോപരിതലത്തിന് 10 മീറ്റർ ഉയരത്തിൽ വരെ എത്തും. ഇവിടെ നിന്ന് അടുത്ത ഒൻപതാമത്തെ സെക്കൻഡിൽ വിക്രം ലാൻഡർ ചന്ദ്രന്റെ മണ്ണിലേക്ക് നാല് പാദങ്ങളും പതിക്കും. ഇത് വിജയിച്ചാൽ ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിലിറങ്ങുന്ന ആദ്യ രാജ്യമായി ഇന്ത്യ മാറും.
നാലുമണിക്കൂറോളം സമയമെടുത്താണ് ലാൻഡറിനകത്തു നിന്ന് പര്യവേഷണ വാഹനമായ റോവർ ചന്ദ്രോപരിതലത്തിലിറങ്ങുക . ഇവിടെ അഞ്ഞൂറ് മീറ്റർ സഞ്ചരിക്കുന്ന റോവർ ഒരു ചാന്ദ്ര പകൽ ( 14 ഭൗമ ദിനങ്ങൾ ) കൊണ്ട് ദക്ഷിണ ധ്രുവത്തിലെ ചാന്ദ്ര രഹസ്യങ്ങളുടെ ചുരുളഴിച്ചു ലോകത്തിനു നൽകും. ചന്ദ്രനിലെ ജലാംശം, അന്തരീക്ഷം, രാസഘടന, മൂലകങ്ങൾ എന്നിവയെ കുറിച്ചുള്ള വിവരങ്ങൾ ശേഖരിച്ച് നൽകുന്നതിനുള്ള അത്യാധുനിക ഉപകരണങ്ങളും ക്യാമറകളുമാണ് ലാൻഡറിലും റോവറിലും ചന്ദ്രനെ വലം വെക്കുന്ന മാതൃ പേടകമായ പ്രൊപ്പൽഷൻ മൊഡ്യുളിലും ഉള്ളത്.
ചന്ദ്രോപരിതലത്തിൽ പേടകം ഇറങ്ങുന്ന സോഫ്റ്റ് ലാൻഡിങ്ങിൽ പിഴവ് പറ്റുകയാണെങ്കിൽ വരുന്ന 27 ന് വീണ്ടും ശ്രമം നടത്തുമെന്ന് ഐഎസ്ആർഒ വ്യക്തമാക്കിയിട്ടുണ്ട്. കഴിഞ്ഞ ജൂലൈ 14 ന് ആയിരുന്നു ലോഞ്ച് വെഹിക്കിൾ മാർക്ക് ത്രീ റോക്കറ്റിന്റെ സഹായത്തോടെ ചന്ദ്രയാൻ പേടകം വിക്ഷേപിച്ചത്. ഘട്ടം ഘട്ടമായി ഭ്രമണപഥം ഉയർത്തി ഭൂഗുരുത്വ വലയത്തിൽ നിന്ന് രക്ഷപ്പെടുത്തിയാണ് പേടകത്തെ ചന്ദ്രനിലേക്ക് അടുപ്പിച്ചത്.