ചന്ദ്രയാൻ 3 വിക്ഷേപണ വാഹനവുമായി സംയോജിപ്പിച്ചു

ചന്ദ്രയാൻ 3 വിക്ഷേപണ വാഹനവുമായി സംയോജിപ്പിച്ചു

ജൂലൈ 13 ന് ഉച്ചയ്ക്കാണ് ചന്ദ്രയാൻ മൂന്നിന്റെ വിക്ഷേപണം നടക്കുക
Updated on
1 min read

രാജ്യത്തിന്റെ മൂന്നാമത് ചാന്ദ്ര ദൗത്യമായ ചന്ദ്രയാൻ 3ന്റെ വിക്ഷേപണത്തിനുള്ള തയ്യാറെടുപ്പുകൾ അന്തിമ ഘട്ടത്തിൽ. ബഹിരാകാശ പേടകം, വിക്ഷേപണ വാഹനമായ ജിഎസ്എൽവി മാക് 3 യുമായി സംയോജിപ്പിക്കുന്ന പ്രവർത്തനം പൂർത്തിയായെന്ന് ഇന്ത്യൻ ബഹിരാകാശ ഗവേഷണ സംഘടന (ഐഎസ്ആർഒ) അറിയിച്ചു.

ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്ററിലാണ് സംയോജനം നടന്നത്. ജൂലൈ 13 ആണ് ചന്ദ്രയാൻ 3 വിക്ഷേപണ തീയതി.

ലാന്‍ഡര്‍ മൊഡ്യൂള്‍, പ്രൊപ്പല്‍ഷന്‍ മൊഡ്യൂള്‍, റോവര്‍ എന്നിവയാണ് ചന്ദ്രയാൻ മൂന്നിന്റെ ഘടകങ്ങൾ. 3,900 കിലോഗ്രാമാണ് പേടകത്തിന്റെ ആകെ ഭാരം. വിക്ഷേപണ വാഹനം ഭൂമിയിൽ നിന്ന് പേടകത്തെ ആദ്യ പരിക്രമണപാതയിൽ എത്തിക്കുന്നു. തുടർന്ന് പേടകത്തെ ചന്ദ്രന് ചുറ്റുമുള്ള ഭ്രമണപഥത്തിലെത്തിക്കുകയാണ് പ്രൊപ്പല്‍ഷന്‍ മൊഡ്യൂളിന്‌റെ ദൗത്യം.

ചന്ദ്രയാൻ 3 വിക്ഷേപണ വാഹനവുമായി സംയോജിപ്പിച്ചു
പ്രതീക്ഷയോടെ രാജ്യം; ചന്ദ്രയാൻ-3 വിക്ഷേപണത്തിന് ഒരുങ്ങി ഐഎസ്ആർഒ

ലാന്‍ഡര്‍ സോഫ്റ്റ് ലാന്‍ഡിങ് നടത്തി റോവറിനെ ചന്ദ്രോപരിതലത്തില്‍ ഇറക്കുകയും റോവര്‍ അവിടെ ശാസ്ത്രീയ പഠനങ്ങള്‍ നടത്തുകയും ചെയ്യും. ഇതിനാവശ്യമായ ഉപകരണങ്ങള്‍ ലാന്‍ഡറിലും റോവറിലുമുണ്ട്. ലാന്‍ഡറിനകത്താണ് റോവര്‍ വിക്ഷേപണസമയത്ത് ഒരുക്കിയിരിക്കുന്നത്. മൂന്ന് മൊഡ്യൂളുകളും ചേരുന്നതാണ് ഇന്‌റഗ്രേറ്റഡ് മൊഡ്യൂള്‍. ആദ്യ സോഫ്റ്റ് ലാന്‍ഡിങ് ശ്രമം പരാജയപ്പെട്ടാലും റീലാന്‍ഡിങ് നടത്താന്‍ സൗകര്യമുണ്ടെന്നതാണ് ചന്ദ്രയാന്‍ മൂന്നിന്‌റെ പ്രധാന സവിശേഷത.

ലാന്‍ഡര്‍ ഹസാര്‍ഡ് ഡിറ്റക്ഷന്‍ ആന്‍ഡ് അവോയ്ഡന്‍സ് ക്യാമറകളാണ് ചന്ദ്രയാൻ 2 വിൽ നിന്നുള്ള മറ്റൊരു പ്രധാന മാറ്റം. ലാന്‍ഡര്‍ ചന്ദ്രോപരിതലത്തിലേക്ക് ഇറങ്ങുമ്പോള്‍, ഓര്‍ബിറ്ററുമായും മിഷന്‍ കണ്‍ട്രോളുമായും ചേര്‍ന്ന് ഇത് പ്രവര്‍ത്തിക്കുന്നു. ചന്ദ്രയാന്‍ രണ്ടിന് ഇത്തരത്തില്‍ ഒറ്റ ക്യാമറ മാത്രമാണുണ്ടായിരുന്നതെങ്കില്‍ ചന്ദ്രയാന്‍ മൂന്നില്‍ രണ്ട് ക്യാമറകളുണ്ട്. ആശയവിനിമയത്തിനും മാപ്പിങ്ങിനുമായി ചന്ദ്രയാന്‍ മൂന്ന് ആശ്രയിക്കുക ചന്ദ്രയാന്‍ രണ്ടിന്‌റെ ഓര്‍ബിറ്റര്‍ തന്നെയാകും. ഇപ്പോഴും ചന്ദ്രന് ചുറ്റും കറങ്ങുകയാണ് ഈ ഓര്‍ബിറ്റര്‍.

ചന്ദ്രയാൻ 3 വിക്ഷേപണ വാഹനവുമായി സംയോജിപ്പിച്ചു
ചന്ദ്രയാന്‍-3 വിക്ഷേപണം ജൂലൈ 13 ന്; തീയതി പ്രഖ്യാപിച്ച് ഐഎസ്ആര്‍ഒ

ചന്ദ്രയാൻ- 3 സോഫ്റ്റ്ലാൻഡിങ് സാധ്യമാക്കുമെന്ന് ശുഭപ്രതീക്ഷയിലാണ് ഐഎസ്ആർഒ. ലോകത്ത് ഇതിന് മുൻപ് മൂന്ന് രാജ്യങ്ങൾ മാത്രമാണ് സോഫ്റ്റ് ലാൻഡിങ് നടത്തിയത്. അതിൽ ചൈന മാത്രമാണ് ആദ്യ ശ്രമത്തിൽ വിജയിച്ചത്.

logo
The Fourth
www.thefourthnews.in