ആദിത്യ എൽ 1 വിക്ഷേപണത്തിന് തയ്യാർ; ഇന്ന് കൗണ്ട്ഡൗൺ ആരംഭിക്കും
സൂര്യനെക്കുറിച്ച് പഠിക്കാനുള്ള ഇന്ത്യയുടെ പ്രഥമ ദൗത്യം ആദിത്യ എൽ 1 വിക്ഷേപണത്തിന് സജ്ജമെന്ന് ഇന്ത്യൻ ബഹിരാകാശ ഏജൻസി (ഐഎസ്ആർഒ). റോക്കറ്റും സാറ്റലൈറ്റുകളും സജ്ജമാണെന്നും ഐഎസ്ആർഒ മേധാവി എസ് സോമനാഥൻ അറിയിച്ചു. വിക്ഷേപണത്തിനുള്ള കൗണ്ട്ഡൗൺ ഇന്ന് ആരംഭിക്കും. നാളെ രാവിലെ 11:50 ആന്ധ്രാപ്രദേശിലെ ശ്രീഹരിക്കോട്ട സതീഷ് ധവാൻ സ്പേസ് സെന്ററിൽ നിന്നാണ് ആദിത്യ എൽ 1 ന്റെ വിക്ഷേപണം. വിക്ഷേപണ റിഹേഴ്സലും വിക്ഷേപണ വാഹനത്തിന്റെ ആന്തരിക പരിശോധനയും നേരത്തെ പൂർത്തിയായിരുന്നു.
"ഞങ്ങൾ വിക്ഷേപണത്തിന് തയ്യാറെടുക്കുകയാണ്. റോക്കറ്റും ഉപഗ്രഹവും തയ്യാറാണ്. വിക്ഷേപണത്തിന്റെ റിഹേഴ്‌സൽ വിജയകരമായി പൂർത്തിയാക്കി. അതിനാൽ വിക്ഷേപണത്തിന്റെ കൗണ്ട്ഡൗൺ ഉടൻ ആരംഭിക്കും," സോമനാഥ് മാധ്യമപ്രവർത്തകരോട് പറഞ്ഞു. പിഎസ്എൽവിയാണ് ആദിത്യ എൽ 1 ന്റെ വിക്ഷേപണവാഹനം. പിഎസ്എൽവിയുടെ എക്സ് എൽ വേരിയേഷനാണ് ഇതിനായി ഉപയോഗിക്കുന്നത്. ഭൂമിയിൽ നിന്ന് ഏകദേശം 1.5 ദശലക്ഷം കിലോമീറ്റർ അകലെയുള്ള എൽ 1 (സൂര്യൻ-ഭൂമി ലഗ്രാൻജിയൻ പോയിന്റ്) ചുറ്റുമുള്ള ഹാലോ ഓർബിറ്റിലാണ് പേടകത്തെ വിന്യസിക്കുക. വിക്ഷേപണ ശേഷം 125 ദിവസമെടുത്താണ് പേടകം ലക്ഷ്യസ്ഥാനത്ത് എത്തുക.
L1 ന് ചുറ്റുമുള്ള ഒരു ഭ്രമണപഥത്തിൽ നിന്ന് സൂര്യനെ പഠിക്കാൻ ലക്ഷ്യമിട്ടുള്ള ആദിത്യ-L1 ദൗത്യം, ഫോട്ടോസ്ഫിയർ (നമുക്ക് നേരിട്ട് നിരീക്ഷിക്കാൻ കഴിയുന്ന സൂര്യന്റെ അഗാധമായ പാളി), ക്രോമോസ്ഫിയർ (ഫോട്ടോസ്ഫിയറിന് 400 കിലോമീറ്ററും 2,100 കിലോമീറ്ററും മുകളിലുള്ള പാളി), സൂര്യന്റെ ഏറ്റവും പുറം പാളികളായ കൊറോണ എന്നിവയെ വ്യത്യസ്ത തരംഗബാൻഡുകളിൽ നിരീക്ഷിക്കാൻ ഏഴ് പേലോഡുകൾ വഹിക്കും. ഇതിൽ നാലെണ്ണം സൂര്യനെ നേരിട്ട് പഠിക്കും, ശേഷിക്കുന്ന മൂന്നെണ്ണം ലാഗ്രാഞ്ച് പോയിന്റ് L1-ൽ കണങ്ങളെയും ഫീൽഡുകളെയും കുറിച്ച് പഠിക്കും.
സോളാർ അപ്പർ അറ്റ്മോസ്ഫെറിക് (ക്രോമോസ്ഫിയറും കൊറോണയും), ക്രോമോസ്ഫെറിക്, കൊറോണൽ ഹീറ്റിംഗ്, അയോണൈസ്ഡ് പ്ലാസ്മയുടെ ഭൗതികശാസ്ത്രം, കൊറോണൽ മാസ് എജക്ഷനുകളുടെ ആരംഭം, ഫ്ലെയറുകൾ, കൊറോണൽ, കൊറോണൽ ലൂപ്പസ് പ്ലാസ്മയുടെ ഡയഗ്നോസ്റ്റിക്സ്: താപനില, വേഗത, സാന്ദ്രത തുടങ്ങിയവയെക്കുറിച്ചുള്ള പഠനങ്ങളാണ് ദൗത്യത്തിന്റെ പ്രധാന ലക്ഷ്യങ്ങൾ. Liquid Apogee Motor അഥവാ LAM എന്നറിയപ്പെടുന്ന എഞ്ചിൻ ദൗത്യത്തിൽ നിർണ്ണായക പങ്ക് വഹിക്കും.
ആദിത്യ എൽ 1 ഭൂമിയിലേക്ക് കൂടുതൽ ഡാറ്റകൾ അയക്കുന്നതോടെ സൂര്യന്റെ വർത്തമാനത്തെക്കുറിച്ചും ഭാവിയെക്കുറിച്ചും കൂടുതൽ വിവരങ്ങൾ ലഭിക്കുമെന്നാണ് ശാസ്ത്രജ്ഞർ പ്രതീക്ഷിക്കുന്നത്. വരാനിരിക്കുന്ന പതിറ്റാണ്ടുകളിലും നൂറ്റാണ്ടുകളിലും ഭൂമിയിൽ സംഭവിക്കാവുന്ന കാലാവസ്ഥ വ്യതിയാനങ്ങൾ മനസ്സിലാക്കുന്നതിൽ ഈ ഡേറ്റ പ്രധാന പങ്ക് വഹിക്കും.