ഉപഗ്രഹത്തെ ഭൂമിയിലേയ്ക്ക് തിരിച്ചിറക്കണം; നിർണായക ദൗത്യത്തിനൊരുങ്ങി ഐഎസ്ആർഒ

ഉപഗ്രഹത്തെ ഭൂമിയിലേയ്ക്ക് തിരിച്ചിറക്കണം; നിർണായക ദൗത്യത്തിനൊരുങ്ങി ഐഎസ്ആർഒ

മാര്‍ച്ച് 7നാണ് വെല്ലുവിളികള്‍ നിറഞ്ഞ പരീക്ഷണത്തിനായി ഇന്ത്യന്‍ ബഹികാശ ഏജന്‍സി തയ്യാറെടുത്തിരിക്കുന്നത്
Updated on
1 min read

കാലാവധി തീര്‍ന്ന ഉപഗ്രഹത്തെ നിയന്ത്രണ വിധേയമാക്കി തിരിച്ചെത്തിക്കാനൊരുങ്ങി ഐഎസ്ആര്‍ഒ. ഉഷ്ണമേഖലാ കാലാവസ്ഥ പഠനത്തിനായി 2011 ഒക്ടോബര്‍ 12ന് ഫ്രഞ്ച് ബഹിരാകാശ ഏജന്‍സിയായ സിഎന്‍ഇഎസിനോടൊപ്പം ഐഎസ്ആര്‍ഒ ബഹിരാകാശത്തേക്കയച്ച എംടി-1 എന്ന മെഗാ-ട്രോപിക്സ്-1 ലോ ഓര്‍ബിറ്റ് ഉപഗ്രഹത്തിനെയാണ് തിരിച്ചെത്തിക്കുന്നത്. മാര്‍ച്ച് 7നാണ് വെല്ലുവിളികള്‍ നിറഞ്ഞ പരീക്ഷണത്തിനായി ഇന്ത്യന്‍ ബഹികാശ ഏജന്‍സി തയ്യാറെടുത്തിരിക്കുന്നത്.

ഉപഗ്രഹത്തിൻ്റെ ദൗത്യം യഥാര്‍ത്ഥത്തിൽ മൂന്ന് വര്‍ഷം മാത്രമായിരുന്നെങ്കിലും, ഒരു ദശകത്തോളം ആഗോള കാലാവസ്ഥ മോഡലുകള്‍ക്കായുള്ള സുപ്രധാന ഡാറ്റ സേവനങ്ങള്‍ തുടര്‍ന്നുകൊണ്ടേയിരുന്നതായി ഞായറാഴ്ച പുറത്ത് വിട്ട ബഹിരാകാശ ഏജന്‍സിയുടെ പ്രസ്താവനയില്‍ പറയുന്നു.

ഇൻ്റർ-ഏജന്‍സി സ്‌പേസ് ഡബ്രിസ് കോര്‍ഡിനേഷന്‍ കമ്മിറ്റിയുടെ ബഹിരാകാശ അവശിഷ്ട ലഘൂകരണ നിര്‍ദ്ദേശങ്ങള്‍ പ്രകാരം, ഒരു ലോ ഓര്‍ബിറ്റ് ഉപഗ്രഹത്തിൻ്റെ കാലാവധി കഴിയുമ്പോള്‍ അതിനെ ഒരു സുരക്ഷിതമായ മേഖലയില്‍ വച്ച് തിരിച്ച് വിളിക്കും. അല്ലെങ്കില്‍ ഐഎസ്ആര്‍ഒ പറയുന്നതിനനുസരിച്ച്, പരിക്രമണ കാലം 25 വര്‍ഷത്തിന് താഴെയുള്ള അച്ചുതണ്ടിലേയ്ക്ക് ഉപഗ്രഹത്തിനെ കൊണ്ടുവരും. ഉപഗ്രഹം തിരിച്ചെത്തിക്കുന്നതിലുള്ള അപകടസാധ്യതകള്‍ കുറയ്ക്കുന്നതിനായി ഊര്‍ജസ്രോതസുകൾ ഉപയോഗിക്കാനും ഏജന്‍സി ശുപാര്‍ശചെയ്യുന്നുണ്ട്.

ഭൂമിയില്‍ നിന്ന് 867 കിലോമീറ്റര്‍ ഉയരത്തിലുള്ള 20 ഡിഗ്രി ചരിഞ്ഞ ഭ്രമണപഥത്തിലാണ് എംടി-1 സഞ്ചരിക്കുന്നത്. ഏകദേശം 1000 കിലോഗ്രാം ഭാരമുള്ള എംടി-1ൻ്റെ പരിക്രമണ ആയുസ്സ് 100 വര്‍ഷത്തിലധികം നീണ്ടുനില്‍ക്കാവുന്നതാണ്. ഏകദേശം 125 കിലോഗ്രാം ഓണ്‍ ബോര്‍ഡ് ഇന്ധനം ഉപഗ്രഹത്തില്‍ ഉപയോഗിക്കാതെ ബാക്കി കിടക്കുന്നതിനാല്‍ ഇത് അപകടങ്ങള്‍ക്ക് കാരണമായേക്കും. ഈ ശേഷിക്കുന്ന ഇന്ധനം നിയന്ത്രിതമായ വിധത്തില്‍ അന്തരീക്ഷത്തിലേയ്ക്ക് പുനഃപ്രവേശം നടത്തുന്നതിന് പര്യാപ്തമാണെന്നാണ് കണക്കാക്കുന്നത്.

പസഫിക് സമുദ്രത്തിലെ ജനവാസമില്ലാത്ത സ്ഥലത്തായിരിക്കും ഉപഗ്രഹം ഇറക്കുന്നത്. നിശ്ചിത സുരക്ഷിത മേഖലയില്‍ തന്നെ ഉപഗ്രഹം ഇറക്കുന്നതിന് അതിൻ്റെ പരിക്രണ ദൂരം കുറച്ച് കൊണ്ടുവരണം

സാധാരണഗതിയില്‍, വായു-താപ വിഘടനത്തെ അതിജീവിക്കാന്‍ സാധ്യതയുള്ള വലിയ ഉപഗ്രഹങ്ങള്‍ അഥവാ റോക്കറ്റ് ബോഡികള്‍ ഭൂഗര്‍ഭ അപകട സാധ്യതകള്‍ കുറയ്ക്കുന്നതിനായി നിയന്ത്രിത പുനഃപ്രവേശനമാണ് നടത്താറുള്ളത്. എന്നിരുന്നാലും, അത്തരം ഉപഗ്രഹങ്ങളെല്ലാം കാലാവധി അവസാനിക്കുമ്പോള്‍ നിയന്ത്രിത വേഗത്തിൽ ഭൂമിയിലേയ്ക്ക് തിരിച്ച് വരുന്ന വിധത്തില്‍ പ്രത്യേകം രൂപകല്‍പ്പന ചെയ്തിട്ടുള്ളവയാണ്. എന്നാല്‍ എംടി-1 അങ്ങനെ രൂപകല്‍പന ചെയ്ത ഉപഗ്രഹമല്ല എന്നതാണ് ദൗത്യത്തെ കൂടുതല്‍ സങ്കീര്‍ണമാക്കുന്നത്.

കൂടാതെ, പഴയ ഉപഗ്രഹത്തിൻ്റെ പല ഭാഗങ്ങളും ശരിയായ വിധത്തില്‍ പ്രവര്‍ത്തിക്കുന്നില്ലെന്ന് മാത്രമല്ല മോശം പ്രകടനം കാണിക്കുകയും ചെയ്യുന്നു. കഠിനമായ പാരിസ്ഥിതിക സാഹചര്യങ്ങളില്‍ യഥാര്‍ത്ഥത്തില്‍ രൂപകല്‍പ്പന ചെയ്ത പരിക്രമണ ഉയരത്തേക്കാള്‍ വളരെ താഴ്ന്ന നിലയില്‍ പരിക്രമണം ചെയ്യുക എന്നത് ഉപഗ്രഹത്തിന് സാധ്യമാകുമോ എന്നത് വലിയ ആശങ്കകള്‍ ഉണ്ടാക്കുന്നതാണ്.

വെല്ലുവിളികളെ അതിജീവിച്ച് നീണ്ട കാലത്തോളം രാജ്യത്തിന് വിലപ്പെട്ട രേഖകൾ നൽകിയ എംടി-1നെ സുരക്ഷിതമായി ഭൂമിയിൽ തിരിച്ചെത്തിക്കാനുള്ള തയ്യാറെടുപ്പിലാണ് ഐഎസ്ആർഒ.

logo
The Fourth
www.thefourthnews.in