പിഎസ്എൽവി സി-56 വിക്ഷേപണം വിജയം; സിംഗപ്പൂരിന്റെ ഏഴ് ഉപഗ്രഹങ്ങൾ ഭ്രമണപഥത്തിലെത്തിച്ചു

പിഎസ്എൽവി സി-56 വിക്ഷേപണം വിജയം; സിംഗപ്പൂരിന്റെ ഏഴ് ഉപഗ്രഹങ്ങൾ ഭ്രമണപഥത്തിലെത്തിച്ചു

സിംഗപ്പൂർ ഡിഫൻസ് സ്പേസ് ആൻഡ് ടെക്നോളജി ഏജൻസിയുടെ ഡിഎസ്–എസ്എആർ ഉപഗ്രഹമാണ് പ്രധാനപ്പെട്ടത്
Updated on
1 min read

വാണിജ്യദൗത്യത്തിന്റെ ഭാഗമായി ഐഎസ്ആർഒ പിഎസ്എൽവി സി - 56 വിക്ഷേപിച്ചു. സിംഗപ്പൂരിന്റെ ഏഴ് ഉപഗ്രങ്ങളുമായി ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്ററിൽ നിന്ന് രാവിലെ 6.30നായിരുന്നു വിക്ഷേപണം. സിംഗപ്പൂരിന്റെ ഡിഎസ്–എസ്എആർ ഉപഗ്രഹവും മറ്റ് ആറ് ചെറു ഉപഗ്രഹങ്ങളുമാണ് വിക്ഷേപിച്ചത്.

വിക്ഷേപണം കഴിഞ്ഞ് ഇരുപത്തിയൊന്ന് മിനുട്ട് പിന്നിട്ടപ്പോൾ പ്രധാന ഉപഗ്രഹമായ ഡിഎസ്–എസ്എആർ റോക്കറ്റിൽ നിന്ന് വേർപ്പെട്ടു. ഇരുപത്തിനാല് മിനുട്ട് കഴിയുമ്പോഴേക്കും അവസാന ചെറു ഉപഗ്രഹവും വേർപ്പെട്ടു. ഉപഗ്രഹങ്ങളെ അവയുടെ ഭ്രമണപഥത്തിലെത്തിക്കാനായി.

ഐഎസ്ആര്‍ഒയുടെ വാണിജ്യവിഭാഗമായ ന്യൂ സ്‌പെയ്‌സ് ഇന്ത്യയും സിംഗപ്പൂരും തമ്മിലുള്ള കരാറിന്റെ അടിസ്ഥാനത്തിലായിരുന്നു വിക്ഷേപണം. സിംഗപ്പൂർ ഡിഫൻസ് സ്‌പേസ് ആൻഡ് ടെക്‌നോളജി ഏജൻസിയുടെ ഡിഎസ്–എസ്എആർ ഉപഗ്രഹമാണ് പ്രധാനപ്പെട്ടത്. 352 കിലോഗ്രാം ആണ് ഇതിന്റെ ഭാരം. സിംഗപ്പൂരിലെ വിവിധ സർക്കാർ ഏജൻസികളുടെ പ്രവർത്തനം ഏകോപിപ്പിക്കുന്നതിനും സുഗമമായ പ്രവർത്തനത്തിനും വേണ്ടിയാണ് ഈ ഉപഗ്രഹം.

മറ്റ് ഉപഗ്രഹങ്ങളിൽ രണ്ടെണ്ണം മൈക്രോ സാറ്റലൈറ്റുകളും നാലെണ്ണം നാനോ സാറ്റലൈറ്റുകളുമാണ്. 24 കിലോഗ്രാം ഭാരമുള്ള ആർക്കേ‍ഡ്,  23 കിലോഗ്രാം ഭാരമുള്ള വെലോക്സ് എഎം, നാല് കിലോഗ്രാം മാത്രം ഭാരമുള്ള സ്കൂബ് ടു, എന്നീ ഉപഗ്രഹങ്ങൾ സിംഗപ്പൂർ സാങ്കേതിക സർവകലാശാലയുടേതാണ്. സിംഗപ്പൂർ ദേശീയ സർവകലാശാലയുടേതാണ് ഗലാസിയ രണ്ട് എന്ന ഉപഗ്രഹം. 

logo
The Fourth
www.thefourthnews.in