'ചന്ദ്രയാന്‍ 3 അടുത്തുകണ്ട ചന്ദ്രന്‍', ദൃശ്യങ്ങള്‍ പുറത്തുവിട്ട് ഐഎസ്ആര്‍ഒ

'ചന്ദ്രയാന്‍ 3 അടുത്തുകണ്ട ചന്ദ്രന്‍', ദൃശ്യങ്ങള്‍ പുറത്തുവിട്ട് ഐഎസ്ആര്‍ഒ

ഡീബൂസ്റ്റിങ് പ്രക്രിയയിലൂടെ ചന്ദ്രോപരിതലത്തില്‍ സുരക്ഷിത ലാന്‍ഡിങ്ങിന് തയ്യാറെടുക്കുകയാണ് ചന്ദ്രയാന്‍ 3 ലാന്‍ഡര്‍.
Updated on
1 min read

ചന്ദ്രയാന്‍ മൂന്ന് പകര്‍ത്തിയ ചന്ദ്രന്റെ എറ്റവും അരികെ നിന്നുള്ള ദൃശ്യങ്ങള്‍ പുറത്തുവിട്ട് ഐഎസ്ആര്‍ഒ. ചന്ദ്രയാന്‍-3 ലെ ലാന്‍ഡര്‍ പൊസിഷന്‍ ഡിറ്റക്ഷന്‍ ക്യാമറ (എല്‍പിഡിസി)യും ലാന്‍ഡര്‍ ഇമേജര്‍ ക്യാമറ ഒന്നും പകര്‍ത്തിയ ദൃശ്യങ്ങളാണ് ഐഎസ്ആര്‍ഒ പങ്കുവച്ചത്.

ഇന്നലെ പ്രൊപ്പല്‍ഷന്‍ മൊഡ്യൂളില്‍ നിന്ന് ലാന്‍ഡര്‍ മൊഡ്യൂൾ വേര്‍പെട്ടതിനുപിന്നാലെയാണ് ലാൻഡർ ഇമേജർ കാമറ ഒന്ന് ദൃശ്യങ്ങൾ പകർത്തിയത്. ഓഗസ്റ്റ് 15 നാണ് ലാൻഡർ പൊസിഷൻ ഡിറ്റെക്ഷൻ കാമറ ദൃശ്യങ്ങള്‍ പകര്‍ത്തിയത്. ദൃശ്യങ്ങളും ഐഎസ്ആര്‍ഒ സാമൂഹ്യമാധ്യമങ്ങളില്‍ പങ്കുവച്ചു.

അതിനിടെ, ഡീബൂസ്റ്റിങ് പ്രക്രിയയിലൂടെ ചന്ദ്രോപരിതലത്തില്‍ സുരക്ഷിത ലാന്‍ഡിങ്ങിന് തയ്യാറെടുക്കുകയാണ് ചന്ദ്രയാന്‍ 3 ലാന്‍ഡര്‍. ലാന്‍ഡറിന്‌റെ വേഗത കുറച്ച് താഴ്ന്ന ഭ്രമണപഥത്തിലേക്ക് മാറ്റുന്ന പ്രവര്‍ത്തനമാണിത്. സോഫ്റ്റ്ലാൻഡിങ് വിജയകരമാകാൻ നിർണായകമായ പ്രവർത്തനമാണ് ഡീബൂസ്റ്റിങ്. ആദ്യ ഡീ ബൂസ്റ്റിങ് ഇന്ന് വൈകീട്ട് നാലിന് നടന്നു. ലാന്‍ഡര്‍ മൊഡ്യൂളിലെ ലിക്വിഡ് അപ്പോജി മോട്ടോര്‍ ജ്വലിപ്പിച്ച് ഡീബൂസ്റ്റിങ് പ്രക്രിയ സാധ്യമാക്കുന്നത്.

ഡീബൂസ്റ്റിങ്ങിന് പിന്നാലെ ലാന്‍ഡർ മൊഡ്യൂളിനെ ചന്ദ്രോപരിതലത്തിൽനിന്ന് കൂടിയ അകലം 100 കിലോമീറ്ററും കുറഞ്ഞ അകലം 30 കിലോമീറ്ററുമുള്ള ദീര്‍ഘവൃത്താകൃതിയിലുള്ള ഭ്രമണപഥത്തിലെത്തിക്കും. ഇവിടെ നിന്ന് പ്രവേഗം (വെലോസിറ്റി) കുറച്ചാണ് ലാന്‍ഡിങ് സാധ്യമാക്കുക. ചന്ദ്രന് 30 കിലോമീറ്റര്‍ ഉയരത്തില്‍ വച്ച് പേടകം ലംബമാവുകയും ഉപരിതലത്തിലേക്ക് നീങ്ങുകയും ചെയ്യും. നേരത്തെ സെക്കൻഡറിൽ കിലോമീറ്ററുകളോളം വേഗത്തിൽ സഞ്ചരിച്ചിരുന്ന ലാൻഡറിനെ സെക്കൻ രണ്ടു മീറ്റർ വേഗതയിലാണ് ലാൻഡ് ചെയ്യിക്കുക.

'ചന്ദ്രയാന്‍ 3 അടുത്തുകണ്ട ചന്ദ്രന്‍', ദൃശ്യങ്ങള്‍ പുറത്തുവിട്ട് ഐഎസ്ആര്‍ഒ
ചന്ദ്രയാൻ 3 ലാൻഡറിന്റെ ഡീബൂസ്റ്റിങ് ഇന്ന് വൈകീട്ട്; പേടകത്തിന്റെ വേഗത കുറയും, ഭ്രമണപഥം താഴും

ലാന്‍ഡറും അതിനകത്തുള്ള റോവറും ചേര്‍ന്നതാണ് പ്രൊപ്പല്‍ഷന്‍ മൊഡ്യൂളില്‍ നിന്ന് വേര്‍പെട്ട ലാന്‍ഡര്‍ മൊഡ്യൂള്‍. വ്യാഴാഴ്ച ഉച്ചയ്ക്കാണ് ലാൻഡർ സ്വതന്ത്ര സഞ്ചാരം ആരംഭിച്ചത്.

logo
The Fourth
www.thefourthnews.in