ആദിത്യ എല്‍1 ആരോഗ്യവാന്‍ തന്നെ; സഞ്ചാരപഥം വിജയകമായി ക്രമീകരിച്ചെന്ന് ഐഎസ്ആര്‍ഒ
ഇന്ത്യയുടെ ആദ്യ സൗരദൗത്യമായ ആദിത്യ എല്‍-1 ലക്ഷ്യത്തിലേക്കുള്ള യാത്ര തുടരുകയാണെന്ന് ഐഎസ്ആര്‍ഒ. പേടകത്തിന് കുഴപ്പങ്ങളൊന്നുമില്ലെന്നും ലഗ്രാഞ്ച്1ലേക്കുള്ള യാത്രയിലാണെന്നും ഇസ്രോ എക്‌സില്‍ കുറിച്ചു. ഒക്ടോബര്‍ ആറിന് സഞ്ചാരപഥം ക്രമീകരിച്ചിരുന്നുവെന്നും ഇസ്രോ അറിയിച്ചു.
''ബഹിരാകാശ പേടകം 'ആരോഗ്യവാനാണ്' ലഗ്രാഞ്ച് 1ലേക്കുള്ള യാത്രയിലുമാണ്. 2023 ഒക്ടോബര്‍ ആറിന് 16 സെക്കന്റ് നീണ്ട സഞ്ചാര പഥം ക്രമീകരിക്കല്‍ പ്രക്രിയ വിജയകരമായി പൂര്‍ത്തിയാക്കിയെന്നും Tajectory Correction Maneuvre (TCM) ഐഎസ്ആര്‍ഒ അറിയിച്ചു. സെപ്റ്റംബര്‍ 19ന് ട്രാന്‍സ് ലഗ്രാഞ്ചിയന്‍ പോയിന്റ് 1 ഇന്‍സര്‍ഷന്‍ വിജയകരമായി പൂര്‍ത്തിയാക്കിയതിന് ശേഷമുള്ള നടപടിയായാണ് പാത ക്രമീകരിച്ചത്.
ബഹിരാകാശ പേടകം എല്‍ 1ന് ചുറ്റുമുള്ള ഹാലോ ഓര്‍ബിറ്റ് ഇന്‍സെര്‍ഷനിലേക്കുള്ള ഉദ്ദേശിച്ച പാതയിലാണെന്ന് ടിസിഎം ഉറപ്പുവരുത്തി. ആദിത്യ എല്‍1 മുന്നോട്ട് മുന്‍ നിശ്ചയിച്ച പ്രകാരം മുന്നോട്ട് നീങ്ങുന്നത് കൊണ്ടുതന്നെ ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ മാഗ്നോമീറ്റര്‍ വീണ്ടും പ്രവര്‍ത്തന സജ്ജമാകും''-ഇസ്രോ അറിയിച്ചു.
ആദിത്യ എല്‍-1 ശാസ്ത്രീയ വിവരങ്ങള്‍ ശേഖരിക്കാന്‍ തുടങ്ങിയതായി നേരത്തെ ഐഎസ്ആര്‍ഒ വ്യക്തമാക്കിയിരുന്നു. ആദിത്യയിലെ സുപ്ര തെര്‍മല്‍ ആന്‍ഡ് എനെര്‍ജെറ്റിക് പാര്‍ട്ടിക്കിള്‍ സ്‌പെക്ട്രോമീറ്റര്‍ (സ്റ്റെപ്‌സ്) എന്ന ഉപകരണമാണ് ഭൂമിയില്‍നിന്ന് 50,000 കിലോമീറ്റര്‍ അകലെയുള്ള സുപ്ര- തെര്‍മല്‍, എനര്‍ജെറ്റിക് അയോണ്‍, ഇലക്ട്രോണുകളെ അളന്നത്.
ഭൂമിയുടെ ചുറ്റുമുള്ള കണങ്ങളുടെ, പ്രത്യേകിച്ച് ഭൂമിയുടെ കാന്തികമണ്ഡലത്തിലുള്ളവയുടെ സ്വഭാവം മനസിലാക്കാന്‍ ഈ വിവരങ്ങള്‍ സഹായകമാകുമെന്നാണ് ശാസ്ത്രജ്ഞര്‍ കരുതുന്നത്. സെപ്റ്റംബര്‍ രണ്ടിനായിരുന്നു ഇന്ത്യയുടെ പ്രഥമ സൗരദൗത്യം ആദിത്യ എല്‍ 1 വിഷേപിച്ചത്. ഭൂമിയില്‍ നിന്ന് ഏകദേശം 15 കോടി കിലോമീറ്റര്‍ അകലെയാണ് സൂര്യന്‍ സ്ഥിതി ചെയ്യുന്നത്. എന്നാല്‍ ഭൂമിയില്‍നിന്ന് 15 ലക്ഷം കിലോമീറ്റര്‍ ദൂരം മാത്രമാണ് ആദിത്യ എല്‍ 1 എത്തുക. അതായത് ഏകദേശം വെറും ഒരു ശതമാനം ദൂരം മാത്രം.
ലഗ്രാഞ്ച് 1 എന്ന ബിന്ദുവാണ് ആദിത്യ എല്‍ 1 ന്റെ ലക്ഷ്യം. 125 ദിവസങ്ങളോളം സഞ്ചരിച്ചാണ് പേടകം പോയിന്റിലെത്തുക. ഭൂമിയുടെയും സൂര്യന്റെയും ഗുരുത്വ ബലം സമാനമായി അനുഭവപ്പെടുന്ന അഞ്ചു മേഖലകളില്‍ ഒന്നാണ് ലഗ്രാഞ്ച് 1.