വിനിയോഗിക്കാവുന്ന തരത്തില്‍ ചന്ദ്രനില്‍ വെള്ളം; ചാന്ദ്രപര്യവേക്ഷണ പദ്ധതികള്‍ക്ക് ഗുണകരമാകുന്ന കണ്ടെത്തലുമായി ഐഎസ്ആര്‍ഒ
വിനിയോഗിക്കാവുന്ന തരത്തില്‍ ചന്ദ്രനില്‍ വെള്ളമുണ്ടെന്ന് ഐഎസ്ആര്‍ഒ. ചന്ദ്രന്‌റെ ധ്രുവ മേഖലകളിലെ ഗര്‍ത്തങ്ങളില്‍ മഞ്ഞു രൂപത്തിലുള്ള വെള്ളം(വാട്ടര്‍ ഐസ്) ഉണ്ടാകാനുള്ള സാധ്യതയുടെ തെളിവുകളാണ് ഗവേഷകര്‍ പങ്കുവയ്ക്കുന്നത്. ആദ്യത്തെ രണ്ട് മീറ്ററുകളിലെ ഭൂഗര്‍ഭ ഹിമത്തിന്‌റെ അളവ് ഇരുധ്രുവങ്ങളിലെയും ഉപരിതലത്തെക്കാള്‍ അഞ്ച് മുതല്‍ എട്ട് മടങ്ങ് വരെ വലുതാണെന്ന് അടുത്തിടെ നടന്ന പഠനം സൂചിപ്പിക്കുന്നു. ഐഐടി കാന്‍പൂര്‍, യൂണിവേഴ്‌സിറ്റി ഓഫ് സതേണ്‍ കാലിഫോര്‍ണിയ, ജെറ്റ് പ്രൊപ്പല്‍ഷന്‍ ലബോറട്ടറി, ഐഐടി ധന്‍ബാദ് എന്നിവിടങ്ങളിലെ ഗവേഷകരുമായി സഹകരിച്ച് സ്‌പേസ് ആപ്ലിക്കേഷന്‍ സെന്‌റര്‍ ഐഎസ്ആര്‍ഒയിലെ ശാസ്ത്രജ്ഞരാണ് പഠനം നടത്തിയത്.
വടക്കന്‍ ധ്രുവമേഖലയിലെ വാട്ടര്‍ ഐസിന്‌റെ വ്യാപ്തി ദക്ഷിണ ധ്രുവമേഖലയെക്കാളും ഇരട്ടിയാണെന്നും പഠനം സൂചിപ്പിക്കുന്നു. 3800 ദശലക്ഷം വര്‍ഷങ്ങള്‍ക്കു മുന്‍പുള്ള ഇംബ്രിയന്‍ കാലഘട്ടത്തിലെ അഗ്നി പര്‍വത സമയത്ത് ഉണ്ടായതാകാം ചന്ദ്രനിലെ ഐസ് വാട്ടറെന്ന് പഠനം അനുമാനിക്കുന്നു. ഈ വെള്ളത്തിന്‌റെ വിതരണത്തെ നിയന്ത്രിക്കുന്നത് മെയര്‍ അഗ്നിപര്‍വതവും ഇതിന്‌റെ ഫലമായുണ്ടായ ഗര്‍ത്തങ്ങളുമാണെന്ന് പഠനം പറയുന്നു.
ചന്ദ്രനിലെ വാട്ടര്‍ ഐസിന്‌റെ ഉത്ഭവവും വിതരണവും മനസിലാക്കാന്‍ ലൂണാര്‍ റിക്കണൈസന്‍സ് ഓര്‍ബിറ്ററില്‍ റഡാര്‍, ലേസര്‍, ഒപ്ടിക്കല്‍, ന്യൂട്രോണ്‍ സ്‌പെക്ട്രോമീറ്റര്‍, അള്‍ട്രാ വയലറ്റ് സ്പ്‌ക്ട്രോമീറ്റര്‍, തെര്‍മല്‍ റേഡിയോമീറ്റര്‍ എന്നിവ ഉള്‍പ്പെടുന്ന ഏഴ് ഉപകരണങ്ങള്‍ ഗവേഷകര്‍ ഉപയോഗിച്ചു.
ചന്ദ്രധ്രുവങ്ങളിലെ വാട്ടര്‍ ഐസിന്‌റെ വിതരണത്തെയും ആഴത്തെയും കുറിച്ചുള്ള കൃത്യമായ അറിവ് ഭാവിയിലെ ലാന്‍ഡിങ് സൈറ്റ് തിരഞ്ഞെടുക്കുന്നതിനും ചന്ദ്രനിലെ അസ്ഥിരതകള്‍ പര്യവേഷണം ചെയ്യുന്നതിനും ചിത്രീകരിക്കുന്നതിനും ലക്ഷ്യമിട്ടുള്ള ദൗത്യങ്ങള്‍ക്കായി സാമ്പിള്‍ സൈറ്റുകള്‍ തിരഞ്ഞെടുക്കുന്നതില്‍ നിര്‍ണായകമാണ്.
ചന്ദ്രയാന്‍-2 ഡ്യുവല്‍ ഫ്രീക്വന്‍സി അപ്പേര്‍ച്ചര്‍ റഡാര്‍ ഉപകരണത്തില്‍ നിന്നുള്ള പൊളാരിമെട്രിക് റഡാര്‍ ഡേറ്റ ഉപയോഗിച്ച് ചില ധ്രുവീയ ഗര്‍ത്തങ്ങളില്‍ മഞ്ഞു രൂപത്തിലുള്ള വെള്ളത്തിന്‌റെ സാധ്യത ചൂണ്ടിക്കാണിക്കുന്ന സാക്, ഐഎസ്ആര്‍ഒയുടെ(SAC, ISRO)മുന്‍ പഠനത്തെയും പുതിയ പഠനം പിന്തുണയ്ക്കുന്നു. കൂടാതെ ഈ പഠനത്തിലെ ചന്ദ്രനിലെ വാട്ടര്‍ ഐസിനെക്കുറിച്ചുള്ള സമഗ്രമായ അറിവ് ഐഎസ്‌ഐര്‍ഒയുടെ ഭാവിയിലെ ചാന്ദ്രപര്യവേക്ഷണ പദ്ധതികളെ പിന്തുണയ്ക്കുന്നതിലും നിര്‍ണായകമാണ്.
ഈ പഠനം സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ ഇന്‌റര്‍നാഷണല്‍ സൊസൈറ്റി ഫോര്‍ ഫോട്ടാഗ്രാമെട്രി ആന്‍ജ് റിമോട്ട് സെന്‍സിങ് ഫ്‌ളാഗ്ഷിപ്പ് ജേണല്‍ ഐഎസ്പിആര്‍എസ്-പി ആന്‍ഡ് ആര്‍എസ് ജേണലില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.