ചന്ദ്രോപരിതലത്തില്‍ താപനില  70 ഡിഗ്രി പ്രതീക്ഷിച്ചില്ല; വിവരങ്ങൾ
അതിശയിപ്പിക്കുന്നത്: ഐഎസ്ആര്‍ഒ

ചന്ദ്രോപരിതലത്തില്‍ താപനില 70 ഡിഗ്രി പ്രതീക്ഷിച്ചില്ല; വിവരങ്ങൾ അതിശയിപ്പിക്കുന്നത്: ഐഎസ്ആര്‍ഒ

ചന്ദ്രയാന്‍ 3 ഇറങ്ങിയ ഉപരിതലത്തില്‍ ഏകദേശം 20 മുതല്‍ 30 ഡിഗ്രി വരെയുള്ള താപനിലയാണ് പ്രതീക്ഷിച്ചിരുന്നത്
Updated on
1 min read

ചന്ദ്രന്റെ ഉപരിതലത്തിനടുത്ത് 70 ഡിഗ്രി താപനിലയുണ്ടാകുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്ന് ഐഎസ്ആര്‍ഒ ശാസ്ത്രജ്ഞര്‍. കഴിഞ്ഞ ദിവസം ചന്ദ്രന്റെ ഉപരിതലത്തിലെ മണ്ണിന്റെ താപനില വിവരം ശേഖരിച്ചിരുന്നു.

വിക്രം ലാന്‍ഡറിലുള്ള ചാസ്‌തേ പേലോഡാണ് ചന്ദ്രോപരിതലത്തിലെ മണ്ണിന്റെ താപനില പഠിച്ചത്. ചന്ദ്രയാന്‍ 3 ഇറങ്ങിയ ഉപരിതലത്തില്‍ ഏകദേശം 20 മുതല്‍ 30 ഡിഗ്രി വരെയുള്ള താപനിലയാണ് പ്രതീക്ഷിച്ചിരുന്നത്. ഇത് പ്രതീക്ഷിച്ചതിനേക്കാള്‍ കൂടുതലാണെന്നാണ് ശാസ്ത്രജ്ഞര്‍ പറയുന്നത്.

ചന്ദ്രന്റെ താപനിലയെപ്പറ്റി ഇതാദ്യമായാണ് ഇത്തരത്തിലൊരു വിവരങ്ങള്‍ പുറത്ത് വിടുന്നത്

ചന്ദ്രോപരിതലത്തില്‍നിന്ന് താഴേക്ക് താപനില വളരെ പെട്ടെന്ന് താഴുന്നതായി ഗ്രാഫില്‍നിന്ന് വ്യക്തമാണ്. ഉപരിതലത്തിലെ താപനില ഏതാണ്ട് 50 ഡിഗ്രി സെഷ്യസ് ആണെന്നും 80 മില്ലിമീറ്റര്‍ താഴേക്ക് എത്തുമ്പോള്‍ അത് മൈനസ് 10 ഡിഗ്രി സെല്‍ഷ്യസ് ആയി കുറയുമെന്നും രേഖാചിത്രം വ്യക്തമാക്കുന്നു. ഇത്തരം വ്യതിയാനങ്ങളൊന്നും ഭൂമിയിലില്ല.

അതിനാല്‍ ചന്ദ്രയാന്‍ 3 ന്റെ കണ്ടെത്തലുകള്‍ വളരെ രസകരമാണെന്നാണ് ശാസ്ത്രജ്ഞര്‍ അഭിപ്രായപ്പെടുന്നത്. ചന്ദ്രയാന്‍ 3 രേഖപ്പെടുത്തിയ താപനിലയുടെ വിവരങ്ങള്‍ അടിസ്ഥാനപ്പെടുത്തി ഒരു ഗ്രാഫ് ഐഎസ്ആര്‍ഒ പ്രസിദ്ധീകരിച്ചു. ചന്ദ്രന്റെ താപനിലയെപ്പറ്റി ഇതാദ്യമായാണ് ഇത്തരത്തിലൊരു വിവരങ്ങള്‍ പുറത്തുവിടുന്നത്.

ചന്ദ്രോപരിതലത്തില്‍ താപനില  70 ഡിഗ്രി പ്രതീക്ഷിച്ചില്ല; വിവരങ്ങൾ
അതിശയിപ്പിക്കുന്നത്: ഐഎസ്ആര്‍ഒ
ചന്ദ്രോപരിതലത്തിലെ താപനില വ്യതിയാനം പഠിച്ച് ചന്ദ്രയാൻ 3

താപനില പഠിക്കുന്നതിനുള്ള 10 സെന്‍സറുകളാണ് വിക്രം ലാൻഡറിലെ ചാസ്തേ പേലോഡിലുള്ളത്. ഉപരിതലത്തില്‍ നിന്ന് 10 സെന്റീമീറ്റര്‍ വരെ താഴേക്ക് തുളച്ചുകയറി പഠനം നടത്താന്‍ പ്രോബിനാകും.

വിക്രം സാരാഭായ് സ്പേസ് സെന്ററിലെ സ്പേസ് ഫിസിക്സ് ലബോറട്ടറിയും ഹൈദരാബാദിലുള്ള ഫിസിക്കല്‍ റിസര്‍ച്ച് ലബോറട്ടറിയും സംയുക്തമായാണ് ചാസ്തേ വികസിപ്പിച്ചെടുത്തത്.

logo
The Fourth
www.thefourthnews.in