മുഖംതിരിച്ച നാസയ്ക്ക് സാരാഭായിയുടെ മറുപടി; ഇന്ന് നിർണായക കുതിപ്പുമായി 'വികൃതിക്കുട്ടി', ഇന്‍സാറ്റ് പിറന്ന കഥ
'നിങ്ങളെ സഹായിച്ചിട്ട് ഞങ്ങൾക്ക് എന്താണ് ഗുണം?' രാജ്യത്തിന് സ്വന്തമായി ഒരു കൃത്രിമ ഉപഗ്രഹ സംവിധാനമെന്ന മോഹവുമായി അമേരിക്കയിലെത്തിയ ഇന്ത്യയുടെ ആണവ ശാസ്ത്ര പരിപാടിയുടെ തുടക്കക്കാരൻ എച്ച് ജെ ഭാഭയോട് നാസയുടെ അന്നത്തെ ഇൻ്റർനാഷണൽ അഫയേഴ്‌സ് ഡെപ്യൂട്ടി ഡയറക്ടർ അർനോൾഡ് ഫ്രൂട്ട്കിൻ ഉയർത്തിയ ചോദിച്ചത് ഇങ്ങനെയായിരുന്നു.
ഉപഗ്രഹനിർമാണത്തിന് സാങ്കേതിക അറിവ് തേടി ശീതയുദ്ധകാലത്ത് 1965-ലാണ് എച്ച് ജെ ഭാഭ നാസയുടെ പടിവാതിക്കലെത്തിയത്. അന്നത്തെ ആവശ്യം നാസ നിഷ്കരുണം തള്ളിയതാണ് ഇന്ന് ഐ എസ് ആർ ഒ സ്വയംപര്യാപ്തതയിലേക്കും ലോകത്തെ ഏറ്റവും പ്രധാന ബഹിരാകാശ ഏജൻസിയാവുന്നതിലേക്കും വെല്ലുവിളികയെല്ലാം അതിജീവിച്ച് കുതിച്ചതിനുപിന്നിലെന്ന് നിസ്സംശയം പറയാം.
അമേരിക്ക കയ്യൊഴിഞ്ഞ ഇടത്തുനിന്ന് ഇന്ന് ചന്ദ്രനിൽ വരെ എത്തിനിൽക്കുന്ന സ്വപ്നക്കുതിപ്പ് തുടരുന്ന ഐ എസ് ആർ ഒ ഇന്ന് ഇന്‍സാറ്റ്-3ഡിഎസ് എന്ന പുതിയ തലമുറ കാലാവസ്ഥാ നിരീക്ഷണ ഉപഗ്രഹം വിക്ഷേപിക്കുകയാണ്. ജിഎസ്എല്‍വി- എഫ് 14 റോക്കറ്റ് ഉപയോഗിച്ച് വൈകിട്ട് 5.35നാണ് വിക്ഷേപണം.
1960-കളിലാണ് എച്ച് ജെ ഭാഭയയും അദ്ദേഹത്തിന്റെ പിൻഗാമി വിക്രം സാരാഭായിയും ചേർന്ന് ഇന്ത്യയുടെ ബഹിരാകാശ പദ്ധതിക്ക് തുടക്കമിടുന്നത്. ഐ എസ് ആർ ഒയുടെ ആദ്യ രൂപമായ ഇന്ത്യൻ നാഷണൽ കമ്മിറ്റി ഫോർ സ്‌പേസ് റിസർച്ച് 1962-ൽ രൂപം കൊണ്ടു. 1969ൽ ഐ എസ് ആർ ഒ പിറവിയെടുക്കുന്നതിനു മുൻപ് തന്നെ രാജ്യത്തിന് സ്വന്തമായൊരു ഉപഗ്രഹം എന്ന മോഹം ഇന്ത്യ പുലർത്തിയിരുന്നു. ഇതിന്റെ ഭാഗമായാണ് നാസയെ സമീപിക്കുന്നത്.
ആവശ്യം നാസ നിരസിച്ചതോടെ ഉപഗ്രഹം സ്വന്തമായി വികസിപ്പിക്കാനുള്ള നിരന്തര പരിശ്രമത്തിലായി സാരാഭായി. ഇത് 1967 ൽ ഇൻസാറ്റ് എന്ന ആശയം വിഭാവനം ചെയ്യുന്നതിലേക്കാണ് നയിച്ചത്. എന്നാലിത് യാഥാർഥ്യമായത് 1982ലും. ഇതിനിടെ, 1975ൽ ആര്യഭട്ട, 1979-ൽ ഭാസ്കര-1, 1982-ൽ ഭാസ്കര-2, 1979, 1980, 1981 വർഷങ്ങളിലായി മൂന്ന് രോഹിണി ഉപഗ്രഹങ്ങളും ഐ എസ് ആർ ഒ വിക്ഷേപിച്ചു.
1982 ഏപ്രിൽ 10നായിരുന്നു ഇൻസാറ്റ്-1 എയുടെ വിക്ഷേപണം. തുടർന്ന് ഇൻസാറ്റ് പരമ്പരയിൽ ഇരുപതോളം ഉപഗ്രഹങ്ങൾ ഇന്ത്യയിൽനിന്നും പുറത്തുമായി ഐ എസ് ആർ ഒ വിക്ഷേപിച്ചു. കാലാവസ്ഥാ നിരീക്ഷണ സേവനങ്ങളുടെ കാര്യത്തില്‍ നിലവില്‍ പ്രവര്‍ത്തിക്കുന്ന ഇന്‍സാറ്റ്-3ഡി, ഇന്‍സാറ്റ്-3ഡിആര്‍ ഉപഗ്രഹങ്ങളുടെ നിരയിലേക്കാണ് ഇന്‍സാറ്റ്-3ഡിഎസ് വരുന്നത്. ഇന്ത്യയുടെ കാലാവസ്ഥ പ്രവചന ശേഷി വര്‍ധിപ്പിക്കുന്നതിനും കാലാവസ്ഥ നിരീക്ഷണം കൂടുതല്‍ വിപുലമാക്കുന്നതിനും വേണ്ടി പ്രത്യേകം രൂപകല്പന ചെയ്ത ഉപഗ്രഹമാണ് ഇന്‍സാറ്റ്-3ഡിഎസ്.
ദുരന്ത മുന്നറിയിപ്പ് നല്‍കുന്നതു ലക്ഷ്യമിട്ട് കര, സമുദ്ര ഉപരിതലങ്ങള്‍ നിരീക്ഷിക്കുന്നത് സജീവമാക്കും. നിരീക്ഷണത്തിനായി ആറ് ചാനലുകളുള്ള ഇമേജറും 19 ചാനലുകള്‍ക്കുള്ള സൗണ്ടറും ഉള്‍പ്പെടെ അത്യാധുനിക പേലോഡുകളാണ് ഉപഗ്രഹത്തില്‍ സജ്ജീകരിച്ചിരിക്കുന്നത്. മികവാര്‍ന്ന വിവരങ്ങള്‍ ശേഖരിക്കാന്‍ ഉപഗ്രഹത്തെ പ്രാപ്തമാക്കുന്ന ഘടകങ്ങളാണിവ. ഒപ്പം ഡേറ്റാ റിലേ ട്രാന്‍സ്പോണ്ടര്‍ (ഡി ആര്‍ ടി) പോലെ അത്യാവശ്യ ആശയവിനിമയ പേലോഡുകളും ഇന്‍സാറ്റ്-3ഡിഎസിലുണ്ട്. ഓട്ടോമാറ്റിക് ഡേറ്റ കലക്ഷന്‍ പ്ലാറ്റ്ഫോമുകളില്‍നിന്നും ഓട്ടോമാറ്റിക് വെതര്‍ സ്റ്റേഷനുകളില്‍നിന്നും വിവരങ്ങള്‍ ശേഖരിക്കാന്‍ ഇവ സഹായിക്കും.
ബീക്കണ്‍ ട്രാന്‍സ്മിറ്ററുകളില്‍നിന്ന് ഡിസ്ട്രസ് സിഗ്‌നലുകളും അറിയിപ്പുകള്‍ സ്വീകരിക്കാന്‍ വേണ്ടി എസ് എ എസ് ആന്‍ഡ് ആര്‍ എന്ന ട്രാന്‍സ്‌പോണ്ടറും ഉപഗ്രഹത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ആഗോള തലത്തില്‍ രക്ഷാപ്രവര്‍ത്തനം, തിരച്ചില്‍ എന്നിവയ്ക്ക് ഈ ഉപകരണം ഗുണം ചെയ്യുമെന്നാണ് കരുതുന്നത്.
ബീക്കണ്‍ ട്രാന്‍സ്മിറ്ററുകളില്‍നിന്ന് ഡിസ്ട്രസ് സിഗ്‌നലുകളും അറിയിപ്പുകള്‍ സ്വീകരിക്കാന്‍ വേണ്ടി എസ് എ എസ് ആന്‍ഡ് ആര്‍ എന്ന ട്രാന്‍സ്‌പോണ്ടറും ഉപഗ്രഹത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ആഗോള തലത്തില്‍ രക്ഷാപ്രവര്‍ത്തനം, തിരച്ചില്‍ എന്നിവയ്ക്ക് ഈ ഉപകരണം ഗുണം ചെയ്യുമെന്നാണ് കരുതുന്നത്.
ഭൗമശാസ്ത്ര മന്ത്രാലയത്തിനു കീഴിലുള്ള ഇന്ത്യ മെറ്റീരിയോളജി ഡിപ്പാര്‍ട്ട്മെന്റ്, നാഷണല്‍ സെന്റര്‍ ഫോര്‍ മീഡിയം റേഞ്ച് വെതര്‍ ഫോര്‍കാസ്റ്റിങ് (എന്‍ സി എം ആര്‍ ഡബ്ല്യു എഫ്), ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ട്രോപ്പിക്കല്‍ മെറ്റീരിയോളജി (ഐ ഐ ടി എം), നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഓഷ്യന്‍ ടെക്നോളജി (എന്‍ ഐ ഒ ടി) , ഇന്ത്യന്‍ നാഷണല്‍ സെന്റര്‍ ഫോര്‍ ഓഷ്യന്‍ ഇന്‍ഫര്‍മേഷന്‍ സര്‍വീസസ് (ഐ എന്‍ സി ഒ ഐ എസ്) ഉള്‍പ്പെടെ വിവിധ ഏജന്‍സികളും ഇന്‍സ്റ്റിറ്റ്യൂട്ടുകളും മെച്ചപ്പെട്ട കാലാവസ്ഥാ പ്രവചനങ്ങള്‍ക്കായി ഇന്‍സാറ്റ്-3ഡിഎസ് ഉപഗ്രഹത്തെയാകും ഇനിമുതല്‍ ആശ്രയിക്കുക.
480 കോടി രൂപ ചെലവിലാണ് ഇന്‍സാറ്റ്-3ഡിഎസ് നിര്‍മിച്ചിരിക്കുന്നത്. ചെലവ് പൂര്‍ണമായും വഹിച്ചത് ഭൗമശാസ്ത്ര മന്ത്രാലയമാണ്. ഉപഗ്രഹത്തിന്റെ നിര്‍മാണത്തില്‍ രാജ്യത്തെ നിരവധി വ്യവസായങ്ങള്‍ ഗണ്യമായ സംഭാവന നല്‍കിയിട്ടുണ്ട്.
2,274 കിലോഗ്രാം ഭാരമുള്ള ഇന്‍സാറ്റ്-3ഡിഎസ് ഉപഗ്രഹത്തെ ജിയോ സിക്രണസ് ട്രാന്‍സ്ഫര്‍ ഓര്‍ബിറ്റിലാണ് ജിഎസ്എല്‍വി- എഫ് 14 റോക്കറ്റ് എത്തിക്കുക. തുടര്‍ന്ന് ഘട്ടം ഘട്ടമായി ഉയര്‍ത്തി ഭൂസ്ഥിര ഭ്രമണപഥത്തിലേക്ക് ഉപഗ്രഹത്തെ മാറ്റും. ജി എസ് എല്‍ വിയുടെ പതിനാറാം ദൗത്യമാണ് ഇന്നത്തേത്. വൈകിട്ട് 5.35ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്‌പേസ് സെന്ററില്‍നിന്നാണ് വിക്ഷേപണം.
51.7 മീറ്റര്‍ നീളവും 420 ടണ്‍ ഭാരവും പിണ്ഡവുമുള്ളതാണ് ഇന്‍സാറ്റ്-3ഡിഎസിനെ വഹിക്കുന്ന ജിഎസ്എല്‍വി-എഫ് 14. മൂന്ന് ഘട്ടമായാണ് റോക്കറ്റ് പ്രവര്‍ത്തിക്കുക. 139 ടണ്‍ ഇന്ധനമുള്ള ഒരു ഖര ഇന്ധന മോട്ടോറും 40 ടണ്‍ ദ്രാവക ഇന്ധനം വീതം വഹിക്കുന്ന നാല് സ്ട്രാപ്പോണ്‍ മോട്ടോറുകളും ഉള്‍പ്പെടുന്നതാണ് ആദ്യ ഘട്ടം. 40 ടണ്‍ ഇന്ധനം വഹിക്കുന്നതാണ് രണ്ടാം ഘട്ടം. മൂന്നാംഘട്ടമാണ് ക്രയോജനിക് ഘട്ടം. 15 ടണ്‍ ദ്രവീകൃത ഓക്‌സിജനും ദ്രവീകൃത ഹൈഡ്രജനും ചേര്‍ന്നതാണ് ഈ ഘട്ടത്തിലെ ഇന്ധനം.
പിഎസ്എല്‍വിയെപ്പോലെ വിശ്വസ്ത വിക്ഷേപണവാഹനമായി ജിഎസ്എല്‍വിയെ മാറ്റാന്‍ ഐഎസ്ആര്‍ഒയ്ക്ക് ഇതുവരെ കഴിഞ്ഞിട്ടില്ല. 'വികൃതിക്കുട്ടി' എന്നാണ് ഈ റോക്കറ്റിനെ ഐ എസ് ആര്‍ ഒയുടെ ഒരു മുന്‍ ചെയര്‍മാന്‍ വിശേഷിപ്പിച്ചത്. 40 ശതമാനമാണ് പരാജയ നിരക്ക്. ഇതുവരെയുള്ള 15 ദൗത്യങ്ങളില്‍ ആറെണ്ണം പരാജയമായിരുന്നു. കഴിഞ്ഞവര്‍ഷം മേയ് 29നായിരുന്നു ജിഎസ്എല്‍വിയുടെ അവസാന വിക്ഷേപണം. അത് വിജയമായിരുന്നെങ്കിലും അതിനു മുന്‍പ് 2021 ഓഗസ്റ്റ് 12ന് നടന്ന ദൗത്യം പരാജയമായിരുന്നു.