ലാൻഡിങ്ങിനിടെ ലാൻഡർ മൊഡ്യൂൾ പകർത്തിയ ചന്ദ്രോപരിതല ദൃശ്യങ്ങൾ പങ്കുവച്ച് ഇസ്രോ
ചന്ദ്രയാൻ മൂന്ന് സോഫ്റ്റ് ലാൻഡിങ്ങിനിടെ പകർത്തിയ ചന്ദ്രോപരിതലത്തിന്റെ ചിത്രങ്ങൾ പുറത്തുവിട്ട് ഐഎസ്ആർഒ. ലാൻഡർ മോഡ്യൂളിലെ ക്യാമറകൾ പകർത്തിയ ചിത്രങ്ങൾ എക്സ് അക്കൗണ്ടിലൂടെയാണ് ഇസ്രോ പങ്കുവച്ചത്.
'വിക്രം' ലാൻഡർ തിരശ്ചീനമായി സഞ്ചരിക്കുന്ന സമയത്ത് പകർത്തിയതാണ് ചിത്രങ്ങൾ.ചന്ദ്രയാന്റെ ലാൻഡറും ബെംഗളൂരുവിലെ മിഷൻ ഓപ്പറേഷൻസ് വിഭാഗവും തമ്മിൽ ആശയവിനിമയ ബന്ധം സ്ഥാപിച്ചിട്ടുണ്ട്.
ഇന്ന് വൈകീട്ട് 6.04നാണ് വിക്രം ലാൻഡർ ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിൽ സോഫ്റ്റ് ലാൻഡ് ചെയ്തത്. ദക്ഷിണ ധ്രുവത്തിൽ ഇറങ്ങുന്ന ആദ്യ രാജ്യമെന്ന റെക്കോഡും ഇന്ത്യ സ്വന്തമാക്കി. ചന്ദ്രനിലിറങ്ങുന്ന നാലാമത്തെ മാത്രം രാജ്യമാണ് ഇന്ത്യ. റഷ്യ, അമേരിക്ക, ചൈന എന്നീ രാജ്യങ്ങളാണ് ഇതിന് മുൻപ് ഈ അപൂർവ നേട്ടം കൈവരിച്ചത്.
വിക്രം ലാൻഡർ മൊഡ്യൂൾ വിജയകരമായി ലാൻഡ് ചെയ്തതോടെ അടുത്ത ഘട്ടം അതിൽനിന്ന് റോവർ ചന്ദ്രോപരിതലത്തിൽ ഇറക്കുക എന്നതാണ്. ലാൻഡ് ചെയ്ത് നാല് മണിക്കൂറുകൾക്ക് ശേഷമാകും റോവർ ചന്ദ്രനെ തൊടുക. തുടർന്ന് ചന്ദ്രന്റെ മണ്ണിൽ ഉരുളുന്ന റോവർ അശോകസ്തംഭത്തിന്റെ ചിഹ്നവും ഐഎസ്ആർഒ ലോഗോയും പതിപ്പിക്കും.