ചന്ദ്രയാന്‍ 3 ലാന്‍ഡിങ് നിരപ്പായ സ്ഥലത്ത്; ചിത്രം പുറത്തുവിട്ട് ഇസ്രോ
ചന്ദ്രയാന്‍ 3 ദൗത്യത്തിലെ ലാന്‍ഡര്‍ മൊഡ്യൂള്‍ സോഫ്റ്റ് ലാന്‍ഡിങ് നടത്തിയത് ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിലെ താരതമ്യേന നിരപ്പായ സ്ഥലത്ത്. ലാന്‍ഡിങ്ങിനുശേഷം ഐഎസ്ആര്‍ഒയ്ക്ക് ലഭിച്ച ചന്ദ്രോപരിതലത്തിന്റെ ചിത്രമാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ചിത്രം ഐഎസ്ആര്‍ഒ എക്‌സ് അക്കൗണ്ടില്‍ പങ്കുവച്ചു.
ലാന്‍ഡര്‍ മൊഡ്യൂളിലെ ലാന്‍ഡിങ് ഇമേജര്‍ ക്യാമറയാണ് ചിത്രം പങ്കുവച്ചത്. ലാന്‍ഡിങ് സൈറ്റിന്റെ ഒരു ഭാഗമാണ് ചിത്രത്തില്‍ കാണുന്നത്. ലാന്‍ഡര്‍ മൊഡ്യൂളിന്റെ കാലും അതിന്റെ നിഴലും ചിത്രത്തില്‍ കാണാം.
ലാന്‍ഡിങ്ങിനിടെ മൊഡ്യൂള്‍ പകര്‍ത്തിയ ചന്ദ്രോപരിതലത്തിന്റെ ചിത്രങ്ങള്‍ അല്‍പ്പസമയം മുന്‍പ് ഐഎസ്ആര്‍ഒ പങ്കുവച്ചിരുന്നു. മോഡ്യൂളിലെ ലാന്‍ഡര്‍ ഹൊറിസോണ്ടല്‍ വെലോസിറ്റി ക്യാമറയായിരുന്നു ഇവ പകര്‍ത്തിയത്.
ലൊന്‍ഡര്‍ മൊഡ്യൂളിലെ ക്യാമറകള്‍ പകര്‍ത്തുന്ന ചിത്രങ്ങള്‍ ചന്ദ്രയാന്‍-2 ദൗത്യത്തിലെ ഓര്‍ബിറ്റര്‍ മുഖേനെയാണ് ഇസ്രോയുടെ ബെംഗളുരുവിലെ മിഷന്‍ ഓപ്പറേഷന്‍സ് കോംപ്ലക്‌സില്‍ ലഭ്യമാവുന്നത്. നാല് വര്‍ഷം മുന്‍പ് വിക്ഷേപിച്ച ചന്ദ്രയാന്‍-2 ദൗത്യത്തിലെ ലാന്‍ഡര്‍ ചന്ദ്രോപരിതലത്തില്‍ ഇടിച്ചിറങ്ങി തകര്‍ന്നെങ്കിലും ഓര്‍ബിറ്റര്‍ ഇപ്പോഴും പ്രവര്‍ത്തനക്ഷമമായി ചന്ദ്രനെ വലംവയ്ക്കുകയാണ്.
ചന്ദ്രയാന്‍ 2 ന്റെ ഓര്‍ബിറ്ററുമായി ചന്ദ്രയാന്‍ 3ന്റെ ലാന്‍ഡര്‍ മൊഡ്യൂള്‍ സമ്പര്‍ക്കത്തിലായതായി ഐഎസ്ആര്‍ഒ കഴിഞ്ഞദിവസം അറിയിച്ചിരുന്നു. ഓര്‍ബിറ്ററില്‍നിന്ന് ഇതുസംബന്ധിച്ച സന്ദേശം ബെംഗളൂരുവിലുള്ള ഇന്ത്യന്‍ ഡീപ് സ്‌പേസ് നെറ്റ്വര്‍ക്ക് സെന്ററില്‍ ലഭിച്ചു.
ഇത്തവണ ലാന്‍ഡര്‍ മൊഡ്യൂള്‍ വിജയകരമായി സോഫ്റ്റ് ലാന്‍ഡ് ചെയ്തതോടെ അതില്‍നിന്ന് റോവര്‍ ചന്ദ്രോപരിതലത്തില്‍ ഇറങ്ങാനുള്ള കാത്തിരിപ്പിലാണ് ഐഎസ്ആര്‍ഒയും രാജ്യവും ലാന്‍ഡ് ചെയ്ത് നാല് മണിക്കൂറുകള്‍ക്ക് ശേഷമാകും റോവര്‍ ചന്ദ്രനെ തൊടുക. തുടര്‍ന്ന് ചന്ദ്രന്റെ മണ്ണില്‍ ഉരുളുന്ന റോവര്‍ അശോകസ്തംഭത്തിന്റെ ചിഹ്നവും ഐഎസ്ആര്‍ഒ ലോഗോയും പതിപ്പിക്കും.