ചന്ദ്രനോട് ഒന്നുകൂടി അടുത്ത് ചന്ദ്രയാൻ 3; മൂന്നാംഘട്ട ഭ്രമണപഥം താഴ്ത്തൽ വിജയം
ചന്ദ്രനോട് കൂടുതൽ അടുത്ത് ഇന്ത്യയുടെ അഭിമാന ദൗത്യം ചന്ദ്രയാൻ 3. പേടകത്തിന്റെ മൂന്നാംഘട്ട ഭ്രമണപഥം താഴ്ത്തൽ വിജയമെന്ന് ഐ എസ് ആർ ഒ അറിയിച്ചു. ചന്ദ്രനിൽനിന്ന് കുറഞ്ഞ അകലം 150 കിലോ മീറ്ററും കൂടിയ അകലം 177 കിലോ മീറ്ററും വരുന്ന ദീർഘവൃത്താകൃതിയിലുള്ള ഭ്രമണപഥത്തിലാണ് പേടകമിപ്പോൾ.
പ്രൊപ്പൽഷൻ മൊഡ്യൂളിലെ ലാം എഞ്ചിൻ ജ്വലിപ്പിച്ച് രാവിലെ 11.30നുശേഷമായിരുന്നു ഭ്രമണപഥം താഴ്ത്തിയത്. ബെംഗളുരുവിലെ ഐഎസ്ആർഒയുടെ വിദൂരനിയന്ത്രണ കേന്ദ്രമായ ടെലിമെട്രി, ട്രാക്കിങ് ആൻഡ് കമാൻഡ് നെറ്റ്‌വർക്കി (ഇസ്ട്രാക്ക്)ലെ മിഷൻ ഓപ്പറേഷൻസ് കോംപ്ലക്സി (മോക്സ്) ൽനിന്നാണ് ഈ പ്രക്രിയ നടത്തിയത്.
നാല് ഘട്ടമായി ഭ്രമണപഥം താഴ്ത്തുന്ന പ്രക്രിയയിൽ ഇനി ഒന്ന് കൂടിയാണ് അവശേഷിക്കുന്നത്. 16ന് രാവിലെ 8:30ഓടെയാണ് നാലാം ഘട്ട ഭ്രമണപഥം താഴ്ത്തൽ നടത്തുക. ഇതോടെ ചന്ദ്രനിൽനിന്ന് 100 കിലോ മീറ്റർ ഉയരത്തിലുള്ള വൃത്താകൃതിയിലുള്ള ഭ്രമണപഥത്തിൽ പേടകമെത്തും.
17ന് പ്രൊപ്പൽഷൻ മൊഡ്യൂളിൽനിന്ന് വേർപെടും. ഇതോടെ ലാൻഡർ ചന്ദ്രനിൽ സോഫ്റ്റ് ലാൻഡിങ്ങിന് സജ്ജമാകും. ഓഗസ്റ്റ് 23ന് വൈകീട്ട് 5.47നാണ് സോഫ്റ്റ് ലാൻഡിങ് നിശ്ചയിച്ചിരിക്കുന്നത്. നിർണായകമായ സോഫ്റ്റ് ലാൻഡിങ് ഏത് പ്രതികൂല സാഹചര്യത്തിലും നടത്താൻ കഴിയുന്ന തരത്തിലാണ് ഐഎസ്ആർഒ ഇത്തവണ ദൗത്യമൊരുക്കിയിരിക്കുന്നത്.
ഭൂമിയുടെ ആകർഷണത്തിൽനിന്ന് പുറത്തുകടന്ന ചന്ദ്രയാൻ-3 പേടകം ഓഗസ്റ്റ് അഞ്ചിന് രാത്രിയാണ് ചാന്ദ്ര ഭ്രമണപഥത്തിലെത്തിയത്. ലൂണാർ ട്രാൻസ്ഫർ ട്രജക്റ്ററിയിലൂടെ സഞ്ചരിക്കുകയായിരുന്ന പേടകം ലൂണാർ ഓർബിറ്റ് ഇൻസേർഷനിലൂടെയാണ് ചാന്ദ്രഭ്രമണപഥത്തിൽ എത്തിച്ചത്.
ഓഗസ്റ്റ് ഒന്നിന് പുലർച്ചെ നടത്തിയ ട്രാൻസ് ലൂണാർ ഇൻജെക്ഷൻ വിജയകരമായി പൂർത്തിയായതോടെയാണ് പേടകം ഭൂമിയെ വലംവയ്ക്കുന്നത് അവസാനിപ്പിച്ച് ചാന്ദ്രഭ്രമണപഥം ലക്ഷ്യമാക്കി നീങ്ങിത്തുടങ്ങിയത്. ജൂലൈ 14ന് വിക്ഷേപിച്ച ചന്ദ്രയാൻ 3 പതിനേഴ് ദിവസം ഭൂമിയെ വലംവച്ച ശേഷമാണ് ഭൂമിയുടെ ഭ്രമണപഥം വിട്ട് ചാന്ദ്രഭ്രമണപഥത്തിലേക്ക് നീങ്ങിയത്. ഭൂമിക്ക് അടുത്തുള്ള പാർക്കിങ് ഓർബിറ്റിൽ വിക്ഷേപിച്ച പേടകത്തെ അഞ്ചുഘട്ടമായി ഉയർത്തി ഭൂമിയിൽനിന്ന് ദൂരെയുള്ള ഭ്രമണപഥത്തിലെത്തിക്കുകയായിരുന്നു.
മൂന്നാം തവണയാണ് ഐഎസ്ആർഒ ചാന്ദ്ര ഭ്രമണപഥത്തിൽ പേടകത്തെ എത്തിക്കുന്നത്. ആദ്യത്തേത് ചന്ദ്രയാൻ 1, രണ്ടാമത്തേത് ചന്ദ്രയാൻ 2, ഇപ്പോഴത്തെ ചന്ദ്രയാൻ മൂന്നും. ചന്ദ്രയാൻ ഒന്നിൽ പേടകം ഇറക്കുക മാത്രമായിരുന്നു ലക്ഷ്യം. എന്നാൽ ചന്ദ്രയാൻ രണ്ടിൽ സോഫ്റ്റ് ലാൻഡിങ് ലക്ഷ്യമിട്ടെങ്കിലും അവസാന സെക്കൻഡുകളിൽ ലാൻഡർ നിയന്ത്രണം വിട്ട് ഇടിച്ചുവീണതോടെ ദൗത്യം പരാജയപ്പെടുകയായിരുന്നു. അതിൽനിന്ന് പരാജയത്തിനുള്ള സാധ്യതകൾ ഉൾക്കൊണ്ടാണ് ചന്ദ്രയാൻ-3 സജ്ജമാക്കിയത്.