ഗഗൻയാൻ എഞ്ചിൻ പരീക്ഷണം വിജയകരം; ബഹിരാകാശത്ത് മനുഷ്യനെ എത്തിക്കുന്ന ദൗത്യത്തിൽ ഒരു പടികൂടി മുന്നേറി ഇസ്രോ

ഗഗൻയാൻ എഞ്ചിൻ പരീക്ഷണം വിജയകരം; ബഹിരാകാശത്ത് മനുഷ്യനെ എത്തിക്കുന്ന ദൗത്യത്തിൽ ഒരു പടികൂടി മുന്നേറി ഇസ്രോ

പേ ലോഡ് ശേഷി കൂട്ടുന്നതിനായി എൽഎംവി3 പേടകത്തിന്റെ കരുത്ത് വർധിപ്പിക്കുന്ന ക്രയോജനിക് അപ്പർ സ്റ്റേജിന് ഏറെ നിർണായകമാണ് സിഇ20 എൻജിൻ
Updated on
1 min read

മനുഷ്യനെ ബഹിരാകാശത്ത് എത്തിക്കാനുള്ള ഇന്ത്യയുടെ പ്രഥമ ദൗത്യമായ ഗഗൻയാന്റെ സിഇ20 ഇ 13 എൻജിൻ ഹോട്ട് ടെസ്റ്റ് വിജയകരമായി പൂർത്തിയാക്കി ഐഎസ്ആർഒ. ഇതോടൊപ്പം 22 ടൺ ത്രസ്റ്റ് യോഗ്യതാ പരീക്ഷണവും വിജയകരമായി നടത്തി. തമിഴ്നാട് മഹേന്ദ്രഗിരിയിലെ ഐഎസ് ആർഒ പ്രൊപ്പൽഷൻ കോംപ്ലെക്സിൽ വച്ച് സെപ്റ്റംബർ 22നായിരുന്നു ഇരു പരീക്ഷണങ്ങളും.

ഗഗൻയാൻ ദൗത്യം വിക്ഷേപിക്കുന്ന എൽഎംവി3 റോക്കറ്റിന്റെ പേലോഡ് ശേഷി വർധിപ്പിക്കുന്നതിൽ ഏറെ നിർണായകമാണ് ഇപ്പോൾ നടന്ന പരീക്ഷണം. എൽഎംവി3യുടെ ഉയർന്ന ജ്വലനഘട്ടമായ സി25ന് കുതിപ്പ് നൽകുന്ന ക്രയോജനിക് അപ്പർ സ്റ്റേജിന്റെ പവർ ഹൗസാണ് സിഇ20 ഇ 13 എൻജിൻ.

തിരുവനന്തപുരം വലിയമലയിലെ ലിക്വിഡ് പ്രൊപ്പൽഷൻ സിസ്റ്റംസ് സെന്റർ (എൽപിഎസ്‌സി) വികസിപ്പിച്ച ഈ എൻജിൻ ചന്ദ്രയാൻ-2, ചന്ദ്രയാൻ-3, രണ്ട് വാണിജ്യ വൺവെബ് ദൗത്യങ്ങൾ എന്നിവയുൾപ്പെടെ ആറ് എൽഎംവി3 ദൗത്യങ്ങളിൽ വിശ്വാസ്യതയും കാര്യക്ഷമതയും തെളിയിച്ചിട്ടുണ്ട്. എന്നാൽ 19 ടൺ വരെയായിരുന്നു മുൻ ദൗത്യങ്ങളിൽ എൻജിന്റെ ജ്വലന ലെവൽ. എന്നാൽ ഗഗൻയാൻ ദൗത്യത്തിനുവേണ്ടി സജ്ജമാക്കിയ എൻജിന്റെ ജ്വലന ലെവൽ 22 ടണ്ണായി വർധിപ്പിച്ചിട്ടുണ്ട്.

ഗഗൻയാൻ എഞ്ചിൻ പരീക്ഷണം വിജയകരം; ബഹിരാകാശത്ത് മനുഷ്യനെ എത്തിക്കുന്ന ദൗത്യത്തിൽ ഒരു പടികൂടി മുന്നേറി ഇസ്രോ
ഗഗൻയാൻ: തയാറെടുപ്പ് അന്തിമഘട്ടത്തിൽ; ഡ്രൂഗ് പാരച്യൂട്ട് പരീക്ഷണം വിജയകരമായി പൂർത്തിയാക്കി ഐ എസ് ആർ ഒ

റോക്കറ്റിന്റെ പേലോഡ് വാഹകശേഷി വർധിപ്പിക്കുന്നതിനായാണ് സിഇ20 എൻജിന്റെ കാര്യക്ഷമത ഐഎസ്ആർഒ കൂട്ടിയിരിക്കുന്നത്. പ്രൊപ്പലന്റ് ലോഡിങ് ശേഷി കൂട്ടിക്കൊണ്ട് ഉയർന്ന ക്രയോജനിക് ഘട്ടത്തെ സി32 ഘട്ടമായി മാറ്റി. നിർണായക ദൗത്യങ്ങളില്‍ എൻജിന്റെ കാര്യക്ഷമത ഉറപ്പുവരുത്തുന്നതിനായി നിരവധി ഗ്രൗണ്ട് ഹോട്ട് ടെസ്റ്റുകൾ നേരത്തെ നടത്തിയിരുന്നു.

22 ടൺ ശേഷി കൈവരിക്കുന്നതിനായി എഞ്ചിൻ ട്യൂണിങ്ങിൽ ശ്രദ്ധ കേന്ദ്രീകരിച്ചുകൊണ്ട് ആദ്യം നടന്ന ഇ12 എച്ച്ടി-01 പരീക്ഷണത്തിൽ 50 സെക്കൻഡ് സമയപരിധി ഐഎസ്ആർഒ കൈവരിച്ചിരുന്നു. ഓഗസ്റ്റ് 30നാണ് 13 എച്ച്ടി-02 പരീക്ഷണം വിജയകരമായി പൂർത്തിയാക്കിയത്. അതിൽ എൻജിൻ വിശ്വാസ്യതയും സ്ഥിരതയും പ്രകടമാക്കിക്കൊണ്ട് 720 സെക്കൻഡ് തുടർച്ചയായി പ്രവർത്തിപ്പിച്ചു.

ഈ മാസം 22ന് മൂന്നാം ഹോട്ട് ടെസ്റ്റ് (ഇ13 എച്ച്ടി-03) ഗഗൻയാൻ ദൗത്യത്തിനുള്ള സിഇ20 എൻജിന്റെ പൂർണ കാര്യക്ഷമത തെളിയിച്ചു. 22 ടൺ ജ്വലന നിലവാരത്തിൽ 670 സെക്കൻഡാണ് എൻജിൻ പ്രവർത്തിപ്പിച്ചത്. സിഇ20 എൻജിൻ ആവശ്യമായ എല്ലാ മാനദണ്ഡങ്ങളും പാലിക്കുന്നുണ്ടെന്നും ഇതോടെ ഗഗൻയാൻ ദൗത്യം വിക്ഷേപിക്കുന്ന എൽവിഎം3 റോക്കറ്റിനായി സജ്ജമായതായും ഐഎസ്ആർഒ അറിയിച്ചു.

ഗഗൻയാൻ എഞ്ചിൻ പരീക്ഷണം വിജയകരം; ബഹിരാകാശത്ത് മനുഷ്യനെ എത്തിക്കുന്ന ദൗത്യത്തിൽ ഒരു പടികൂടി മുന്നേറി ഇസ്രോ
ഗഗൻയാൻ: രണ്ട് ഹോട് ടെസ്റ്റുകൾ കൂടി പൂർത്തിയാക്കി ഐഎസ്ആർഒ

ഇന്ത്യൻ മണ്ണിൽനിന്ന് ഇന്ത്യക്കാരെ ബഹിരാകാശത്ത് എത്തിക്കുന്ന ആദ്യ ദൗത്യമാണ് ഗഗൻയാൻ. 2014ൽ തുടക്കം കുറിച്ച പദ്ധതിക്ക് 2018ൽ കേന്ദ്ര മന്ത്രിസഭയുടെ ഔദ്യോഗിക അംഗീകാരം ലഭിച്ചിരുന്നു. എന്നാൽ കോവിഡ് ലോക്ക് ഡൗൺ കാരണം പദ്ധതി വൈകുകയായിരുന്നു.

മൂന്ന് യാത്രികരെ ബഹിരാകാശത്ത് എത്തിച്ച് തിരിച്ചിറക്കുന്ന പദ്ധതി വിജയകരമായി പൂർത്തിയാക്കാൻ ഇന്ത്യക്ക് സാധിച്ചാൽ മനുഷ്യനെ സ്വന്തം വാഹനത്തിൽ ബഹിരാകാശത്തേക്കയച്ച നാലാമത്തെ രാജ്യം എന്ന അഭിമാനനേട്ടമാണ് ഇന്ത്യയെ കാത്തിരിക്കുന്നത്.

logo
The Fourth
www.thefourthnews.in