പുഷ്പകിന് ഹാട്രിക്; ഐഎസ്ആര്‍ഒയുടെ ആര്‍എല്‍വി അവസാന ലാന്‍ഡിങ് പരീക്ഷണവും വിജയം
ബഹിരാകാശത്ത് പോയിവരാനുള്ള ഇന്ത്യയുടെ പുനരുപയോഗ വിക്ഷേപണ വാഹനത്തിന്‌റെ(ആര്‍എല്‍വി) അവസാന ലാന്‍ഡിങ് പരീക്ഷണം വിജയം. ഇന്ത്യന്‍ സ്‌പേസ് റിസര്‍ച്ച് ഓര്‍ഗനൈസേഷന്‌റെ(ഐഎസ്ആര്‍ഒ) മൂന്നാമത്തേതും അവസാനത്തേതുമായ RLV LEX-03 എന്നറിയപ്പെടുന്ന ലാന്‍ഡിങ് പരീക്ഷണമാണ് ഇന്ന് രാവിലെ 7.10ന് കര്‍ണാടക ചിത്രദുര്‍ഗയിലുള്ള എയറോനോട്ടിക്കല്‍ ടെസ്റ്റ് റേഞ്ചില്‍ നടന്നത്.
RLV LEX-03 ദൗത്യം കൂടുതല്‍ വെല്ലുവിളി നിറഞ്ഞ റിലീസിങ് സാഹചര്യങ്ങളിലും ശക്തമായ കാറ്റിലും ആര്‍എല്‍വിയുടെ സ്വയംഭരണ ലാന്‍ഡിങ് കഴിവ് തെളിയിച്ചു. 4.5 കിലോമീറ്റര്‍ ഉയരത്തില്‍ ഇന്ത്യന്‍ വ്യോമസേനയുടെ ചിനൂക്ക് ഹെലികോപ്റ്ററില്‍ നിന്നാണ് പുഷ്പക് എന്ന് പേരിട്ടിരിക്കുന്ന വിങ്ഡ് വെഹിക്കിള്‍ വിട്ടയച്ചത്. റണ്‍വേയില്‍നിന്ന് 4.5 കിലോമീറ്റര്‍ അകലെയുള്ള റിലീസ് പോയിന്‌റില്‍ ആര്‍എല്‍വിയെ ഹെലികോപ്റ്റര്‍ വിട്ടയച്ചു. അവിടെനിന്ന് 500 മീറ്റര്‍ ദീരം മാറി സഞ്ചരിച്ച് അര്‍എല്‍വി റണ്‍വേയിലേക്ക് നേരിട്ട് ഇറങ്ങാവുന്ന ദിശയിലേക്കെത്തി. അടുത്ത ഘട്ടം ബഹിരാകാശത്തു പോയി മടങ്ങിയെത്തുന്ന വാഹനത്തെ (ഒആര്‍വി) ഭൂമിയിലിറക്കുന്ന പരീക്ഷണങ്ങളാണ്.
ഈ ദൗത്യം ബഹിരാകാശത്തുനിന്ന് മടങ്ങുന്ന വാഹനത്തിനുള്ള ലാന്‍ഡിങ് ഇന്‌റര്‍ഫേസും അതിവേഗ ലാന്‍ഡിങ് അവസ്ഥകളും അനുകരിക്കുകയും പുനരുപയോഗിക്കാവുന്ന ലോഞ്ച് വെഹിക്കിള്‍ ഉപയോഗിക്കുന്നതിനാവശ്യമായ ഏറ്റവും നിര്‍ണായകമായ സാങ്കേതിക വിദ്യകള്‍ സ്വന്തമാക്കുന്നതില്‍ ഇസ്രോയുടെ വൈദഗ്ധ്യം വീണ്ടും ഉറപ്പാക്കുകയും ചെയ്യുന്നു. ദിശ കൃത്യമായി കണ്ടെത്താന്‍ സഹായിക്കുന്ന പുതിയ ദിശാസൂചിക അല്‍ഗോരിതം വിക്രം സാരാഭായ് സ്‌പേസ് സെന്‌റര്‍ വികസിപ്പിച്ചിട്ടുണ്ട്. ലാറ്ററല്‍ പ്ലെയിന്‍ എറര്‍ കറക്ഷനുകള്‍ക്കുള്ള അഡ്വാന്‍സ്ഡ് ഗൈഡന്‍സ് അല്‍ഗോരിതം സാധൂകരിച്ചതായി ഐഎസ്ആര്‍ഒ പ്രസ്താവനയില്‍ പറഞ്ഞു.
വീണ്ടും വിക്ഷേപണത്തിന് ഉപയോഗിക്കാവുന്ന വാഹനം എന്ന പേര് നിലനിര്‍ത്തി, ആദ്യതവണ മുതല്‍ ഒരേ വാഹനമാണ് പരീക്ഷണത്തിന് ഉപയോഗിക്കുന്നത്. LEX-02 ദൗത്യത്തില്‍നിന്ന് വിങ്ഡ് ബോഡിയും ഫ്‌ലൈറ്റ് സംവിധാനങ്ങളും RLV-LEX-03 സംവിധാനത്തില്‍ ഉപയോഗിച്ചു. ഇത് ഒന്നിലധികം ദൗത്യങ്ങള്‍ക്കായി ഫ്ലൈറ്റ് സംവിധാനങ്ങള്‍ പുനരുപയോഗിക്കാനുള്ള ഐഎസ്ആര്‍ഒയുടെ രൂപകല്‍പ്പനയുടെ മികവ് തെളിയിക്കുന്നു. ഒന്നിലധികം ഐഎസ്ആര്‍ഒ കേന്ദ്രങ്ങളും ഇന്ത്യന്‍ വ്യോമസേനയും മറ്റ് സംഘടനകളും ഉള്‍പ്പെട്ട ഒരു സംഘടിത ശ്രമമായിരുന്നു ഈ ദൗത്യം.
ഇത്തരം സങ്കീര്‍ണമായ ശ്രമങ്ങളില്‍ വിജയക്കൊടി പാറിക്കുന്നതില്‍ ടീമിന്‌റെ ശ്രമങ്ങള്‍ക്ക് ഐഎസ്ആര്‍ഒ ചെയര്‍മാന്‍ എസ് സോമനാഥ് അഭിനന്ദനം അറിയിച്ചു.