ചന്ദ്രന് കൂടുതല്‍ അടുത്തേക്ക് ചന്ദ്രയാന്‍ 3; നാലാം ഭ്രമണപഥമുയര്‍ത്തല്‍ വിജയം
140 കോടി ജനതയുടെ പ്രതീക്ഷയുമായി ചന്ദ്രനിലേക്ക് കുതിക്കുന്ന ചന്ദ്രയാന്‍ 3 പേടകം ഭൂമിയില്‍നിന്ന് കൂടുതല്‍ അകലെ. നാലാംഘട്ട ഭ്രമണപഥമുയര്‍ത്തല്‍ വിജയകരമായി പൂര്‍ത്തിയാക്കിയതായി ഐഎസ്ആര്‍ഒ അറിയിച്ചു.
ചന്ദ്രനില്‍ സോഫ്റ്റ് ലാന്‍ഡ് ചെയ്യാനുള്ള യാത്രയില്‍ പേടകത്തെ ഭൂമിയുടെ ചുറ്റുമുള്ള ദീര്‍ഘാവൃത്താകൃതിയിലുള്ള ഭ്രമണപഥത്തില്‍നിന്ന് അഞ്ച് ഘട്ടമായി ഉയര്‍ത്തുകയാണ് ഐഎസ്ആര്‍ഒയുടെ പദ്ധതി. ഇതില്‍ നാലാമത്തേതാണ് ഇന്ന് ഉച്ചയ്ക്ക് പൂര്‍ത്തിയായത്.
ഭൂമിയോട് അടുത്ത ദൂരം 233 കിലോമീറ്ററും അകലെയുള്ള ദൂരം 71,351 കിലോമീറ്ററുമുള്ള ദീർഘവൃത്താകൃതയിലുള്ള ഭ്രമണപഥത്തിലാണ് പേടകമിപ്പോൾ. അഞ്ചാംഘട്ട ഭ്രമണപഥമുയര്‍ത്തല്‍ 25ന് ഉച്ചയ്ക്ക് രണ്ടിനും മൂന്നിനുമിടയില്‍ നടക്കും.
ജൂലൈ 14നായിരുന്നു ചന്ദ്രയാന്‍ 3 വിക്ഷേപണം. ഭൂമിയോട് അടുത്ത ദൂരം 170 കിലോമീറ്ററും അകലെയുള്ള ദൂരം 36,500 കിലോമീറ്ററുമുള്ള ദീര്‍ഘ വൃത്താകൃതിയിലുള്ള പാര്‍ക്കിങ് ഓര്‍ബിറ്റിലാണ് പേടകത്തെ എല്‍വിഎം3 റോക്കറ്റ് എത്തിച്ചത്. തുടര്‍ന്ന് 15ന്, ഭൂമിയോട് അടുത്ത ദൂരം 173 കിലോമീറ്ററും അകലെയുള്ള ദൂരം 41,762 കിലോമീറ്ററുമുള്ള ഒന്നാം ഭ്രമണപഥത്തിലേക്ക് പേടകത്തെ ഉയര്‍ത്തി.
17നായിരുന്നു രണ്ടാംഘട്ട ഭ്രമണപഥമുയര്‍ത്തല്‍. ഭൂമിക്ക് അടുത്ത ദൂരം 226 കിലോ മീറ്ററും അകലെയുള്ള ദൂരം 41,603 കിലോമീറ്ററുമായ പാതയിലേക്കാണ് പേടകത്തെ മാറ്റിയത്. 18ന്, ഭൂമിക്ക് അടുത്ത ദൂരം 228 കിലോമീറ്ററും കൂടിയ ദൂരം 51,400 കിലോമീറ്ററുമായ ഭ്രമണപഥത്തിലേക്ക് ഉയര്‍ത്തി.
ഭൂമിയുടെ ഗുരുത്വാകര്‍ഷണ വലയത്തില്‍നിന്ന് അഞ്ച് ഘട്ടമായി പുറത്തുകടന്നാണ് പേടകം ചന്ദ്രന്റെ ചുറ്റുമുള്ള ഭ്രമണപഥത്തിലേക്ക് യാത്ര തുടങ്ങുക. പേടകത്തിലെ ത്രസ്റ്ററുകള്‍ ജ്വലിപ്പിച്ച് അധിക ശക്തി നല്‍കിയാണ് ഈ പ്രക്രിയ സാധ്യമാക്കുന്നത്.
ഭൂമിയുടെ ആകര്‍ഷണത്തില്‍നിന്ന് പുറത്തുകടക്കുന്ന പേടകം ഓഗസ്റ്റ് ഒന്നിനാണ് ചന്ദ്രനെ ലക്ഷ്യമാക്കി യാത്ര തുടരുക. ഓഗസ്റ്റ് 17 ന് പ്രൊപ്പല്‍ഷന്‍ മൊഡ്യൂളില്‍നിന്ന് ലാന്‍ഡര്‍ മൊഡ്യൂള്‍ വേര്‍പെടും. ഓഗസ്റ്റ് 23ന് വൈകുന്നേരം 5.47 നാണ് രാജ്യം കാത്തിരിക്കുന്ന സോഫ്റ്റ് ലാന്‍ഡിങ് ഐഎസ്ആര്‍ഒ നിശ്ചയിച്ചിരിക്കുന്നത്.