പ്രകൃതി ദുരന്തങ്ങൾ മുൻകൂട്ടി അറിയാനും പാരിസ്ഥിക നിരീക്ഷണത്തിനുമായി ഇഒഎസ്-08; വിക്ഷേപണത്തിനൊരുങ്ങി ഐഎസ്ആർഒ

പ്രകൃതി ദുരന്തങ്ങൾ മുൻകൂട്ടി അറിയാനും പാരിസ്ഥിക നിരീക്ഷണത്തിനുമായി ഇഒഎസ്-08; വിക്ഷേപണത്തിനൊരുങ്ങി ഐഎസ്ആർഒ

വൃത്താകൃതിയിലുള്ള ലോ എർത്ത് ഓർബിറ്റിൽ 475 കിലോമീറ്റർ ഉയരത്തിലാണ് ഇഒഎസ്-08 പ്രവർത്തിക്കുക. ഒരുവർഷത്തെ ആയുസാണ് ഉപഗ്രഹത്തിനുള്ളത്
Updated on
1 min read

ഇന്ത്യൻ സ്‌പേസ് റിസർച്ച് ഓർഗനൈസേഷന്റെ (ഇസ്‌റോ) ഏറ്റവും പുതിയ ഭൗമ നിരീക്ഷണ ഉപഗ്രഹമായ ഇഒഎസ്-08 വിക്ഷേപണത്തിനൊരുങ്ങുന്നു. ചെറിയ ഉപഗ്രഹങ്ങൾ വിക്ഷേപിക്കാൻ ഉപയോഗിക്കുന്ന എസ്എസ്എൽവി-ഡി 3-യിലാണ് ഉപഗ്രഹം ബഹിരാകാശത്ത് എത്തിക്കുക. ചൊവ്വാഴ്ച വൈകിട്ടാണ് ഇക്കാര്യം ഐ എസ് ആർ ഒ അറിയിച്ചത്.

പാരിസ്ഥിതിക നിരീക്ഷണം മുതൽ ദുരന്തനിവാരണവും സാങ്കേതിക പ്രദർശനങ്ങളും വരെ നൽകാൻ സാധിക്കുന്നതാണ് ഏകദേശം 175.5 കിലോഗ്രാം ഭാരമുള്ള ഇഒഎസ്-08. മൈക്രോസാറ്റ്/ഐ എം എസ് -1 ബസിൽ നിർമിച്ച ഇ ഒ എസ് -08ൽ മൂന്ന് പ്രധാന പേലോഡുകളാണ് വഹിക്കുന്നത്. അതിലെ മിഡ്-വേവ് ഐ ആർ (MIR), ലോംഗ്-വേവ് ഐ ആർ (LWIR) എന്നിവയിൽ പകലും രാത്രിയും ചിത്രങ്ങൾ പകർത്താൻ രൂപകൽപ്പന ചെയ്ത ഇലക്ട്രോ ഒപ്റ്റിക്കൽ ഇൻഫ്രാറെഡ് പേലോഡ് (EOIR) ഉൾപ്പെടുന്നു. ദുരന്തങ്ങൾ, പരിസ്ഥിതി, അഗ്നിപർവതങ്ങൾ എന്നിവയുടെയെല്ലാം നിരീക്ഷണങ്ങൾക്കും ഇവ ഉപകരിക്കും.

എക്‌സ്-ബാൻഡ് ഡാറ്റാ ട്രാൻസ്മിഷൻ, നൂതന ബാറ്ററി മാനേജ്‌മെൻ്റ് സിസ്റ്റങ്ങൾ, മെച്ചപ്പെടുത്തിയ തെർമൽ മാനേജ്‌മെൻ്റ് മെറ്റീരിയലുകൾ തുടങ്ങിയ പുതുമകളോടെ സാറ്റലൈറ്റ് സാങ്കേതികവിദ്യയിലെ സുപ്രധാനമായ ഒരു ചുവടുവെയ്‌പ്പാണ് ഇഒഎസ്-08. 37.4 ഡിഗ്രി ചെരിവോടുകൂടി വൃത്താകൃതിയിലുള്ള ലോ എർത്ത് ഓർബിറ്റിൽ 475 കിലോമീറ്റർ ഉയരത്തിലാണ് ഇഒഎസ്-08 പ്രവർത്തിക്കുക. ഒരുവർഷത്തെ ആയുസാണ് ഉപഗ്രഹത്തിനുള്ളത്.

ഗ്ലോബൽ നാവിഗേഷൻ സാറ്റലൈറ്റ് സിസ്റ്റം-റിഫ്ലക്റ്റോമെട്രി പേലോഡ് (ജിഎൻഎസ്എസ്-ആർ) സമുദ്ര ഉപരിതലത്തിലെ കാറ്റിന്റെ വിശകലനം, മണ്ണിൻ്റെ ഈർപ്പം വിലയിരുത്തൽ, ഹിമാലയൻ മേഖലയിലെ ക്രയോസ്ഫിയർ പഠനം, വെള്ളപ്പൊക്കം, ഉൾനാടൻ ജലാശയങ്ങൾ എന്നിവ കണ്ടെത്താനും സഹായിക്കും.

ആശയവിനിമയം, ബേസ്ബാൻഡ്, സ്റ്റോറേജ്, പൊസിഷനിങ് (CBSP) പാക്കേജ് എന്നും അറിയപ്പെടുന്ന സംയോജിത ഏവിയോണിക്സ് സിസ്റ്റം ഉൾപ്പെടെ നിരവധി നൂതന സവിശേഷതകൾ ഉൾക്കൊള്ളുന്നതാണ് ഇസ്രോയുടെ പുതിയ ഉപഗഹം. 400 ജിബി വരെ ഡാറ്റ ശേഖരിക്കാനും ഇതിനാകും.

logo
The Fourth
www.thefourthnews.in