ഇന്ന് രാത്രി വ്യാഴം ഭൂമിയുടെ ഏറ്റവും അടുത്ത്
വര്‍ഷങ്ങള്‍ക്ക് ശേഷം ഇന്ന് ഭൂമിക്ക് ഏറ്റവും അടുത്ത് വ്യാഴവും ശനിയും എത്താന്‍ പോകുന്നു. 59 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് അവിസ്മരണീയമായ ഈ ആകാശ കാഴ്ച. സൗരയുഥത്തിലെ ഏറ്റവും വലിയ ഗ്രഹമായ വ്യാഴം അപൂര്‍വ്വമായാണ് ഭൂമിക്കടുത്ത് എത്തുക. 1963 ലാണ് അവസാനമായി ഈ പ്രതിഭാസം ഉണ്ടായത്. അടുത്ത തവണ ഇത് സംഭവിക്കുന്നത് 107 വര്‍ഷം കഴിഞ്ഞ് 2129 ല്‍ ആയിരിക്കും.
ഭൂമിയില്‍ നിന്ന് 59,06,29,248 കിലോമീറ്റര്‍ അകലെയായിരിക്കും വ്യാഴം. എന്നാല്‍ അത് ഒരു കോസ്മിക് സ്‌കെയിലില്‍ അത്ര ദൂരെയല്ല.ഇന്ന് സൂര്യാസ്തമയത്തിനു ശേഷം വ്യാഴത്തെ വലുതും തിളക്കമുള്ളതുമായി കാണാന്‍ സാധിക്കും. തിളക്കത്തോടുകൂടി കിഴക്കുദിച്ചു പടിഞ്ഞാറോട്ടു നീങ്ങിക്കൊണ്ടിരിക്കുന്ന വ്യാഴത്തിനെ രാത്രി മുഴുവന്‍ നഗ്‌നനേത്രങ്ങള്‍കൊണ്ടുതന്നെ കാണാന്‍ കഴിയും
ഓരോ 13 മാസത്തിലും വ്യാഴത്തിന്റെ ഗ്രഹപ്രതിരോധം സംഭവിക്കുമ്പോള്‍, ഭൂമിയുടെ സമീപത്ത് എത്തുന്നത് അപൂര്‍വ്വമാണ്. സൂര്യന് ചുറ്റും ഒരു ഭ്രമണം പൂര്‍ത്തിയാക്കാന്‍ 11 വര്‍ഷത്തിലധികം സമയമെടുക്കുന്ന വ്യാഴം അതിന്റെ ഭ്രമണപഥത്തില്‍ സൂര്യന് നേര്‍ വിപരീതമായിരിക്കും. ഈ സവിശേഷമായ ക്രമീകരണം ഭൂമിയില്‍ നിന്ന് നോക്കുമ്പോള്‍ വ്യാഴത്തെ ആകാശത്തിലെ ഏറ്റവും തിളക്കമുള്ള വസ്തുക്കളില്‍ ഒന്നാക്കി മാറ്റും.
ഓരോ 399 ദിവസങ്ങള്‍ കൂടുമ്പോഴും (എകദേശം ഓരോ 13 മാസവും നാല് ദിവസവും) വ്യാഴം ഭൂമിയുടെ എതിര്‍വശത്ത് വരികയും രാത്രി ആകാശത്ത് വളരെ തിളക്കമുള്ളതായി കാണപ്പെടുകയും ചെയ്യും. ഈ വര്‍ഷം സെപ്റ്റംബര്‍ 27 ന് പുലര്‍ച്ചെ 01:30 ന് വ്യാഴം ഭൂമിയുടെ എതിര്‍സ്ഥാനത്ത് വരും. അതേസമയം, 2023 ജനുവരി 21 ന്, ഇത് സൂര്യനോട് ഏറ്റവും അടുത്തായി പെരിഹെലിയന്‍ പോയിന്റില്‍ എത്തുകയും ചെയ്യും.
ഭൂമിക്ക് പുറത്ത് ജീവന്റെ അടയാളങ്ങള്‍ക്കായുള്ള അന്വേഷണങ്ങളില്‍ ശാസ്ത്രലോകം കൗതുകത്തേടെ വീക്ഷിക്കുന്ന ഗ്രഹമാണ് വ്യാഴം. ഉല്‍പ്പത്തി സമയത്തെ ഭൂമിയിലെ അന്തരീക്ഷത്തില്‍ കാണപ്പെട്ടിരുന്ന സംയുക്തങ്ങളും മിന്നലും ഒരുമിച്ച് വ്യാഴത്തിന്റെ അന്തരീക്ഷത്തില്‍ കണ്ടുവരുന്നത് ജൈവ സൃഷ്ടിയുടെ ഭാഗമാകുന്ന അമിനോ ആസിഡുകള്‍ പോലെയുള്ള ജൈവ സംയുക്തങ്ങള്‍ രൂപപ്പെടാന്‍ സഹായിക്കുമെന്ന് 1953 ലെ മില്ലെര്‍-യുറേ പരീക്ഷണത്തില്‍ കണ്ടിരുന്നു. ഈ അവസ്ഥയില്‍ ജലം, മീഥെയ്ന്‍, അമോണിയ, മൂലക ഹൈഡ്രജന്‍ തുടങ്ങിയവയൊക്കെ വ്യാഴത്തിന്റെ അന്തരീക്ഷത്തിലും കാണപ്പെടുന്നുണ്ട്. പക്ഷെ വ്യാഴത്തിന്റെ അന്തരീക്ഷത്തില്‍ ശക്തമായ ലംബപ്രവാഹങ്ങള്‍ നടക്കുന്നതിനാല്‍ അവ ഇത്തരം സംയുക്തങ്ങളെ താഴ്ഭാഗങ്ങളിലേക്ക് വഹിച്ചു കൊണ്ട് പോകുന്നു.
വ്യാഴത്തിന് ചുറ്റും അമ്പത്തിമൂന്നോളം ജ്യോതിശാസ്ത്ര വസ്തുക്കള്‍ കാണപ്പെടുന്നതിനാല്‍ പ്രായോഗികമായി ഇതിനെ ഒരു മിനി സൗരയൂഥമെന്ന് പറയാന്‍ കഴിയും. ഇതിന്റെ ശക്തമായ ഗുരുത്വാകര്‍ഷണം ഛിന്നഗ്രഹ ആഘാതങ്ങളില്‍ നിന്ന് ഭൂമിയെ രക്ഷിക്കുന്നുണ്ട്. ഭൂമിയിലെ സമുദ്രങ്ങളെക്കാള്‍ കൂടുതല്‍ ജലം ഉണ്ടെന്നും വാസയോഗ്യമായേക്കാമെന്നും പറയപ്പെടുന്ന വ്യാഴത്തിന്റെ കൂറ്റന്‍ ഉപഗ്രഹങ്ങളിലൊന്നായ യൂറോപ്പയെ പര്യവേക്ഷണം ചെയ്യാനുള്ള ഒരു ദൗത്യം നാസ ഇതിനകം തന്നെ തയ്യാറാക്കിക്കൊണ്ടിരിക്കുന്നുണ്ട്. ഈ അതുല്യമായ അന്യഗ്രഹ ലോകത്തെ അടുത്തറിയാനായി യൂറോപ്പ ക്ലിപ്പര്‍ മിഷന്‍ വരും വര്‍ഷങ്ങളില്‍ പര്യവേക്ഷണങ്ങള്‍ നടത്തും.