ചൊവ്വയിൽ ഇപ്പോഴും വെളളമുണ്ടാകാം; ഹിമാനിയുടെ സവിശേഷതകളുള്ള ലവണ നിക്ഷേപം കണ്ടെത്തി

ചൊവ്വയിൽ ഇപ്പോഴും വെളളമുണ്ടാകാം; ഹിമാനിയുടെ സവിശേഷതകളുള്ള ലവണ നിക്ഷേപം കണ്ടെത്തി

ലവണ നിക്ഷേപത്തിന് താഴെ ഐസ് നിലനിൽക്കുന്നുവെന്നാണ് നിഗമനം
Updated on
1 min read

ഭൂമിക്ക് പുറത്ത് ജീവന്‍ നിലനില്‍ക്കുമോ എന്ന മനുഷ്യന്‌റെ അന്വേഷണങ്ങള്‍ക്ക് പ്രതീക്ഷയാവുകയാണ് ചൊവ്വാ ഗ്രഹം. ചൊവ്വയുടെ മധ്യരേഖയ്ക്ക് സമീപം ഒരു അവശിഷ്ട ഹിമാനി (relict glacier) കണ്ടെത്തിയിരിക്കുകയാണ് ശാസ്ത്രജ്ഞര്‍. ചുവന്ന ഗ്രഹത്തില്‍ ഇപ്പോഴും ജലത്തിന്‌റെ സാന്നിധ്യമുണ്ടാകാമെന്ന സാധ്യതയിലേക്ക് വിരല്‍ ചൂണ്ടുന്നതാണ് ഈ കണ്ടെത്തല്‍. ഇവയ്ക്ക് താഴെ ഇപ്പോഴും ഐസുണ്ടാകാമെന്നാണ് നിഗമനം.

ഐസ് കൊണ്ട് നിര്‍മിക്കപ്പെടുന്ന മഞ്ഞുമലയല്ല, മറിച്ച് ലവണ നിക്ഷേപത്തെയാണ് അവശിഷ്ട ഹിമാനി

54-ാമത് ലൂണാര്‍ ആന്‍ഡ് പ്ലാനറ്ററി സയന്‍സ് കോണ്‍ഫറന്‍സിലാണ് ഒരു സംഘം ശാസ്ത്രജ്ഞർ ഇതു സംബന്ധിച്ച പഠന റിപ്പോര്‍ട്ട് പുറത്തുവിട്ടത്. ഐസ് കൊണ്ട് നിര്‍മിക്കപ്പെടുന്ന മഞ്ഞുമലയല്ല, മറിച്ച് ലവണ നിക്ഷേപത്തെയാണ് അവശിഷ്ട ഹിമാനിയെന്ന് സൂചിപ്പിക്കുന്നത്. ചൊവ്വയുടെ മധ്യരേഖാ ഭാഗത്ത് കണ്ടെത്തിയ അവശിഷ്ട ഹിമാനിക്ക് ആറ് കിലോമീറ്റര്‍ നീളവും നാല് കിലോമീറ്റര്‍ വീതിയുമാണ് കണക്കാക്കുന്നത്. പ്രധാനമായും സള്‍ഫേറ്റ് ലവണങ്ങളാണ് ഇവയിലുള്ളത്. ലവണ നിക്ഷേപമെങ്കിലും ഹിമാനികളുടെ ഘടനാപരമായ സവിശേഷതകള്‍ ഇവ കാണിക്കുന്നു. അതിനാല്‍ ഹിമാനിക്ക് മുകളില്‍ ലവണങ്ങള്‍ നിക്ഷേപിക്കപ്പെട്ടാണ് ഇവ രൂപീകരിക്കപ്പെട്ടതെന്നും ലവണ നിക്ഷേപത്തിന് താഴെ ഐസ് ഇപ്പോഴും നിലനില്‍ക്കുന്നുണ്ടാകാമെന്നും പഠനം അവതരിപ്പിച്ച ഡോ. പാസ്‌ക്കല്‍ ലീ പറയുന്നു.

ചൊവ്വയിൽ ഇപ്പോഴും വെളളമുണ്ടാകാം; ഹിമാനിയുടെ സവിശേഷതകളുള്ള ലവണ നിക്ഷേപം കണ്ടെത്തി
ചൊവ്വയില്‍ ജലസാന്നിധ്യം; ചിത്രങ്ങള്‍ പുറത്ത് വിട്ട് നാസ

അഗ്‌നിപര്‍വത സ്‌ഫോടനങ്ങളുടെ ചരിത്രമുള്ള ഒരു പ്രദേശത്താണ് ഈ അവശിഷ്ട ഹിമാനികള്‍ കണ്ടെത്തിയത്. അഗ്നിപര്‍വതം പുറന്തള്ളുന്ന വസ്തുക്കള്‍ ഹിമാനിയുമായി സമ്പര്‍ക്കത്തില്‍ വരികയും തുടര്‍ന്നുണ്ടായ രാസപ്രവര്‍ത്തനം മൂലം ലവണ നിക്ഷേപം രൂപപ്പെടുകയുമായിരുന്നു എന്നാണ് വിലയിരുത്തപ്പെടുന്നത്. കാലക്രമേണ അഗ്നിപര്‍വതാവശിഷ്ടങ്ങള്‍ കാറ്റും മറ്റും മൂലം നീക്കം ചെയ്യപ്പെടുകയോ തേയ്മാനം സംഭവിക്കുകയോ ചെയ്തതിനാലാകാം അകത്തുള്ള ഐസ് ഹിമാനിയെ വെളിവാകുംവിധം രൂപമാറ്റം സംഭവിച്ചതെന്നും സംഘം വിശദീകരിക്കുന്നു. അതേസമയം ലവണ നിക്ഷേപത്തിന് താഴെ ഐസിന്‌റെ സാന്നിധ്യം ഉണ്ടോ എന്ന കാര്യത്തില്‍ ഇനിയും സ്ഥിരീകരണം ലഭിച്ചിട്ടില്ല. ഇതു തെളിയിക്കാൻ കൂടുതൽ പഠനം ആവശ്യമാണ്.

logo
The Fourth
www.thefourthnews.in