ചന്ദ്രനില്‍ സമയം എത്രയായി? ; ചാന്ദ്ര ടൈം സോണ്‍ ഒരുക്കാന്‍ സ്പെയ്‌സ് ഓര്‍ഗനൈസേഷന്‍

ചന്ദ്രനില്‍ സമയം എത്രയായി? ; ചാന്ദ്ര ടൈം സോണ്‍ ഒരുക്കാന്‍ സ്പെയ്‌സ് ഓര്‍ഗനൈസേഷന്‍

ഇതുവരെ നടത്തിയ ചാന്ദ്ര ദൗത്യങ്ങളെല്ലാം പ്രവര്‍ത്തിച്ചത് അവ വിക്ഷേപിച്ച രാജ്യത്തിന്റെ ടൈംസോണിന് അനുസരിച്ചാണ്
Updated on
1 min read

ഭൂമിയില്‍ നിന്ന് ചന്ദ്രനെ നിരീക്ഷിക്കുന്നവര്‍ എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടാകുമോ ചന്ദ്രനില്‍ സമയം എത്രയായിക്കാണുമെന്ന്? ഇതേക്കുറിച്ച് ആകാംക്ഷയുള്ളവര്‍ക്ക് വൈകാതെ ഉത്തരം ലഭിക്കും. ചാന്ദ്ര ദൗത്യങ്ങള്‍ക്ക് പദ്ധതിയിടുന്ന രാജ്യങ്ങളും ജ്യോതിശാസ്ത്രജ്ഞരും ഉള്‍പ്പെടുന്ന സ്‌പെയ്‌സ് ഓര്‍ഗനൈസേഷന്‍ ചന്ദ്രന് ടൈം സോണ്‍ നല്‍കാന്‍ ഒരുങ്ങുകയാണ്. ഇത് എങ്ങനെ വേണമെന്നതിനെ കുറിച്ചുള്ള ചര്‍ച്ചകളാണ് ഇപ്പോള്‍ നടക്കുന്നത്.

ഇതുവരെ നടത്തിയ ചാന്ദ്ര ദൗത്യങ്ങളെല്ലാം പ്രവര്‍ത്തിച്ചത് അവ വിക്ഷേപിച്ച രാജ്യത്തിന്റെ ടൈംസോണിന് അനുസരിച്ചാണ്. എന്നാല്‍ നിലവിലുള്ള പ്രവര്‍ത്തന രീതി സുസ്ഥിരമല്ലെന്നാണ് യൂറോപ്പ്യന്‍ സ്‌പേസ് ഏജന്‍സി വ്യക്തമാക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തിലാണ് ചാന്ദ്ര ടൈംസോണ്‍ എന്ന ആശയം ഉരുത്തിരിഞ്ഞത്.

ഭൂമിയിലേക്കാള്‍ വേഗത്തിലാകും ചാന്ദ്ര സമയത്തില്‍ ക്ലോക്കുകള്‍ പ്രവര്‍ത്തിക്കുക. ഗുരുത്വാകര്‍ഷണ ബലം ചന്ദ്രനില്‍ വളരെ കുറവായതിനാലാണ് ഇത്. ഭ്രമണ പഥത്തിലും ചന്ദ്രോപരിതലത്തിലും ഇത് വ്യത്യാസപ്പെട്ടിരിക്കും. ശക്തമായ ഗുരുത്വാകര്‍ഷണ ബലമുള്ള സ്ഥലങ്ങളില്‍ ക്ലോക്കിലെ സൂചി മന്ദഗതിയിലാവും.

ഭാവിയിലെ ചാന്ദ്ര ദൗത്യങ്ങള്‍ ഏകോപിപ്പിക്കുന്നതിനായാണ് രാജ്യങ്ങള്‍ തമ്മിലുള്ള പരസ്പര സമ്മതത്തോടെയുള്ള മാനദണ്ഡങ്ങളുടെയും പ്രോട്ടോക്കോളുടെയും ചട്ടക്കൂടായ ലൂണാനെറ്റ് വികസിപ്പിച്ചത്. ഇത് ഭാവി ചാന്ദ്ര ദൗത്യങ്ങളെ ഒരുമിച്ച് പ്രവര്‍ത്തിക്കാന്‍ അനുവദിക്കും. നാവിഗേഷന്റെ പ്രവര്‍ത്തനക്ഷമത ഉറപ്പാക്കുന്നതിന് സമയം നിര്‍ണായകമാണ്. അന്താരാഷ്ട്രതലത്തില്‍ അംഗീകരിക്കാന്‍ കഴിയുന്ന ഒരു പൊതു ചാന്ദ്ര ടൈം സോണ്‍ നിര്‍വചിക്കേണ്ടതിന്റെ പ്രാധാന്യവും ആവശ്യവും ജ്യോതിശാസ്ത്രജ്ഞര്‍ നിര്‍വചിച്ചിട്ടുണ്ട്.

യൂറോപ്യന്‍ ബഹിരാകാശ ഏജന്‍സിയും ഒരു ചാന്ദ്ര ആശയവിനിമയ, നാവിഗേഷന്‍ സേവനം വികസിപ്പിച്ച് വരികയാണ്. അത് ഭൂമിയിലേക്കും ഭൂമിയില്‍ നിന്ന് പുറത്തേക്കും ലിങ്കുകള്‍ നിലനിര്‍ത്താനും ചന്ദ്രന് ചുറ്റും ഉപരിതലത്തിലേക്കും അവയെ നയിക്കാനും സഹായിക്കും.

logo
The Fourth
www.thefourthnews.in