സൈബീരിയയില്‍ 100 അടി വീതിയില്‍ ഗർത്തം രൂപപ്പെട്ടതിനു പിന്നിൽ ഉല്‍ക്ക പതനമോ? അന്യഗ്രഹ ജീവികളുടെ ഇടപെടലോ?; ഒടുവിൽ നിഗൂഢത നീക്കി പഠനം
ഒരു പതിറ്റാണ്ട് മുൻപ് റഷ്യൻ ആർട്ടിക്കിന് സമീപം ഒരു ഗർത്തം രൂപപ്പെട്ടിരുന്നു. ഏകദേശം 100 അടിയോളം വീതിയായിരുന്നു ഗർത്തത്തിനുണ്ടായിരുന്നത്. ഗർത്തത്തിന് ചുറ്റും വലിയ അളവില്‍ മണ്ണും ഐസുമെല്ലാം കുന്നുകൂടി നിന്നിരുന്നു.
2014ന് ശേഷം സമാനമായ ഇരുപതോളം ഗർത്തങ്ങളാണ് ലോകത്തിന്റെ വിവിധ കോണുകളില്‍ രൂപപ്പെട്ടത്. ഏറ്റവും ഒടുവിലായി വടക്കുപടിഞ്ഞാറൻ സൈബീരിയയിലെ യമാലിലും ഗൈഡൻ പെനിൻസുലയിലുമാണ് രൂപപ്പെട്ടത്. കഴിഞ്ഞ ഓഗസ്റ്റിലായിരുന്നു ഇവ കണ്ടെത്തിയത്.
എന്തുകൊണ്ടാണ് ഇത്തരം ഗർത്തങ്ങളുണ്ടാകുന്നതെന്ന് കണ്ടെത്താനുള്ള ശ്രമങ്ങള്‍ സ്വഭാവികമായും ശാസ്ത്ര സമൂഹത്തിന്റെ ഭാഗത്തുനിന്ന് ഉണ്ടായിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് നിരവധി നിരീക്ഷണങ്ങളും പഠനങ്ങളുമുണ്ട്. ഉല്‍ക്കകളുടെ പതനം മുതല്‍ അന്യഗ്രഹ ജീവികളുടെ ഇടപെടല്‍ വരെയാണ് സംശയിക്കുന്നത്.
എന്നാല്‍, ഇതില്‍ നിന്നെല്ലാം വ്യത്യസ്തമായൊരു നിരീക്ഷണം നടത്തിയിരിക്കുകയാണ് ഒരുകൂട്ടം എഞ്ചിനീയർമാരും ഭൗതികശാസ്ത്രജ്ഞന്മാരും കമ്പ്യൂട്ടർ സയന്റിസ്റ്റുകളും. കഴിഞ്ഞമാസമാണ് ഇവരുടെ പഠനം പ്രസിദ്ധീകരിച്ചത്. മനുഷ്യൻ മൂലമുണ്ടായ കാലാവസ്ഥവ്യതിയാനത്തിന്റേയും പ്രദേശത്തിന്റെ ഭൂമിശാസ്ത്രവുമാകാം കാരണമെന്നാണ് കണ്ടെത്തല്‍.
ഭൂമിക്കടിയില്‍ അടിഞ്ഞുകൂടുന്ന വാതകങ്ങള്‍ മൂലമുണ്ടാകുന്ന ഒരു പ്രതിഭാസമായിരിക്കാം ഇതെന്നുള്ള പഠനം നേരത്തെ മുതല്‍ നിലനില്‍ക്കുന്നുണ്ട്. ഭൂമിക്കടിയിലെ മർദം മേല്‍ശക്തിയെ മറികടക്കുമ്പോള്‍ കുന്നുകള്‍ പൊട്ടിത്തെറിക്കുകയും വാതകം പുറത്തേക്ക് തള്ളുകയും ചെയ്യുമെന്നാണ് പഠനങ്ങള്‍. എത്തരത്തിലാണ് മർദം വർധിക്കുന്നതെന്നും വാതകം എവിടെ നിന്നാണുണ്ടാകുന്നതെന്നും ഇതുവരെ വ്യക്തമായിട്ടില്ല.
ഇത്തരം സംശയങ്ങളെ അടിസ്ഥാനമാക്കിയായിരുന്നു പുതിയ ഗവേഷണം. കേംബ്രിഡ്‍ജ് യൂണിവേഴ്‌സിറ്റിയിലെ കെമിക്കല്‍ എഞ്ചിനീയറും പഠനത്തിന്റെ രചയിതാവുമായ അന മൊർഗാദോയാണ് ഇക്കാര്യം വ്യക്തമാക്കിയത്.
രാസപ്രവർത്തനം മൂലമാണോ സ്ഫോടനം സംഭവിക്കുന്നതെന്നായിരുന്നു ആദ്യം പരിശോധിച്ചത്. എന്നാല്‍, അല്ല എന്ന് കണ്ടെത്തിയെന്ന് മൊർഗാദൊ സിഎൻഎന്നിനോട് പ്രതികരിക്കവെ പറഞ്ഞു.
പിന്നീടാണ്, സൈബീരിയയുടെ ഭൂമിശാസ്ത്രം കേന്ദ്രകരിച്ചുള്ള പഠനങ്ങളുണ്ടായത്. ഭൂമിക്കടിയിലായി മഞ്ഞുപാളികളില്‍ മണ്ണും പാറകളും നിറഞ്ഞ ഒരുതരം അവശിഷ്ടം നിലനില്‍ക്കുന്നുണ്ട്. ഇതിന് കീഴിലായി മീഥേൻ ഹൈഡ്രേറ്റിന്റെ പാളിയുമുണ്ട്. മീഥേനില്‍ നിന്ന് രൂപപ്പെടുന്ന ഒരു ഖരരൂപമാണിത്. ഈ രണ്ട് പാളികള്‍ക്കുമിടയിലായി മൂന്ന് അടിയോളം കനത്തില്‍ വരുന്ന ഉപ്പുകലർന്ന വെള്ളവും നിലനില്‍ക്കുന്നു. ക്രിയൊപെഗ്‌സ് എന്നാണ് ഈ പാളിയെ വിളിക്കുന്നത്.
കാലാവസ്ഥ വ്യതിയാനം മൂലം ഉഷ്ണമുണ്ടാകുമ്പോള്‍ ഏറ്റവും മുകളിലുള്ള മണ്ണ് പാളി ഉരുകുന്നു. ഇതേ താഴേക്കിറങ്ങുകയും ചെയ്യും. ഉരുകുന്നതു മൂലമുണ്ടാകുന്ന വെള്ളം ഉള്‍ക്കൊള്ളാനുള്ള ഇടമില്ലാത്ത സ്ഥിതിയിലേക്ക് എത്തും. ക്രിയോപെഗില്‍ ഇതുമൂലം സമ്മർദവും ഉപരിതലത്തില്‍ വിള്ളലും രൂപപ്പെടും. ഈ വിള്ളലുകള്‍ സമ്മർദത്തെ കുറയ്ക്കാൻ സഹായിക്കുകയും മിഥേൻ ഹൈഡ്രേറ്റുകളെ ബാധിക്കുകയും ചെയ്യും. ശേഷം, സ്ഫോടനാത്മകമായി വാതകം പുറത്തേക്ക് എത്തും. ഈ പ്രക്രിയ പൂർണമാകാൻ ഒരു പതിറ്റാണ്ടുവരെയെടുത്തേക്കാമെന്നും പഠനം ചൂണ്ടിക്കാണിക്കുന്നു.
സൈബീരിയയിലെ ഭൂപ്രകൃതിക്ക് മാത്രം ബാധകമായിട്ടുള്ള ഒന്നാണിതെന്ന് മൊർഗാദൊ വ്യക്തമാക്കി. മറ്റ് പ്രദേശങ്ങളില്‍ ഗർത്തം രൂപപ്പെട്ടതിന് പ്രത്യേക പഠനം തന്നെ ആവശ്യമാണെന്നും മൊർഗാദൊ കൂട്ടിച്ചേർത്തു. എന്നാല്‍, ഈ പഠനം എത്രത്തോളം ശരിയാണെന്ന കാര്യത്തില്‍ പല ശാസ്ത്രജ്ഞരും അഭിപ്രായവ്യത്യാസം ഉന്നയിച്ചിട്ടുണ്ട്.