ചന്ദ്രനെ വലംവച്ച് ചരിത്രം കുറിക്കാൻ ക്രിസ്റ്റീന കോക്ക്
ചന്ദ്രനെ ചുറ്റിയ ആദ്യ വനിതയെന്നാകും ബഹിരാകാശ സഞ്ചാരി ക്രിസ്റ്റീന ഹാമോക്ക് കോക്കിനെ ചരിത്രം അടയാളപ്പെടുത്തുക. ആ സ്വപ്നസാക്ഷാത്കാരത്തിനുള്ള തയ്യാറെടുപ്പിലാണ് ക്രിസ്റ്റീന. നിരവധി ബഹിരാകാശ പദ്ധതികളുടെ ഭാഗമായി ചരിത്രം കുറിച്ച ക്രിസ്റ്റീന കോക്ക് മറ്റൊരു ചരിത്രം കുറിക്കാനൊരുങ്ങുകയാണ്.
നാസയുടെ ചാന്ദ്രദൗത്യമായ ആര്‍ട്ടെമിസ് 2 വിലെ ബഹിരാകാശ യാത്രികരെ കഴിഞ്ഞ ദിവസമാണ് പ്രഖ്യാപിച്ചത്. മൂന്നു അമേരിക്കക്കാരും ഒരു കനേഡിയന്‍ ബഹിരാകാശ സഞ്ചാരിയുമാണ് ആര്‍ട്ടിമിസ് 2 സംഘത്തിലുള്ളത്. ആ നാലു പേരില്‍ ഒരാള്‍ സ്ത്രീയാണ് നേരത്തെ അറിയിച്ചിരുന്നു. ചന്ദ്രനെ ലക്ഷ്യമാക്കിയുള്ള ആ നാലംഗ സംഘത്തിന്റെ യാത്രയില്‍ നാസ മിഷന്‍ സ്‌പെഷലിസ്റ്റെന്ന ചുമതലയാണ് ക്രിസ്റ്റീനയ്ക്ക്
അപ്പോളോ ദൗത്യങ്ങള്‍ക്ക് ശേഷം മനുഷ്യരാശിയെ വീണ്ടും ചന്ദ്രനിലെത്തിക്കാനുള്ള നാസയുടെ പദ്ധതിയാണ് ആർട്ടെമിസ്
ചാന്ദ്ര പര്യവേഷണം മനുഷ്യൻ ആരംഭിച്ചിട്ട് വർഷങ്ങളായി. പല വ്യത്യസ്ത സഞ്ചാരങ്ങളിലൂടെ നിരവധി പേർ ചന്ദ്രനിലിറങ്ങിയെങ്കിലും ഒരു വനിത അതിന്റെ ഭാഗമായിട്ടില്ല. അതാണ് ക്രിസ്റ്റീന ഹാമോക്ക് കോക്ക് എന്ന വനിതയെ ചരിത്രത്തിന്റെ ഭാഗമാക്കുന്നത്. 10 ദിവസം നീണ്ടു നില്‍ക്കുന്ന ആർട്ടെമിസ് രണ്ട് ദൗത്യത്തില്‍ ക്രിസ്റ്റീനയ്ക്ക് പുറമേ മിഷന്‍ കമാന്‍ഡര്‍ റീഡ് വൈസ്മാന്‍, വിക്ടര്‍ ഗ്ലോവര്‍, കനേഡിയന്‍ ബഹിരാകാശ ഏജന്‍സി ബഹിരാകാശയാത്രികന്‍ ജെറമി ഹാന്‍സെന്‍ എന്നിവരും പങ്കാളികളാകും.
മനുഷ്യൻ അവസാനമായി ചന്ദ്രനിലിറങ്ങിയ അൻപത് വർഷത്തിന് ശേഷമാണ് വീണ്ടും ആർട്ടെമിസ് പദ്ധതിയുമായി നാസയെത്തുന്നത്. ആളില്ലാ ദൗത്യം ആര്‍ട്ടെമിസ് ഒന്നിന്റെ വിജയത്തെ തുടര്‍ന്നാണ് അടുത്ത വര്‍ഷം നവംബറില്‍, നാസ ആര്‍ട്ടിമിസ് 2 വിക്ഷേപിക്കാനൊരുങ്ങുന്നത്.
ഈ ദൗത്യം വലിയ ബഹുമതിയാണെന്നും തങ്ങള്‍ ലോകത്തിന്റെ ആവേശവും അഭിലാഷങ്ങളും സ്വപ്‌നങ്ങളും കൊണ്ടുപോകുകയാണെന്നുമാണ് ക്രിസ്റ്റീന കോക്ക് പറഞ്ഞത്.
2019 -2020 കാലഘട്ടങ്ങളില്‍ തുടര്‍ച്ചയായി 328 ദിവസം മൈക്രോ ഗ്രാവിറ്റിയില്‍ ചിലവഴിച്ച ഇവര്‍ ഒറ്റ ദൗത്യത്തില്‍ ബഹിരാകാശത്ത് ഏറ്റവും കൂടുതല്‍ സമയം ചിലവഴിച്ച് റെക്കോര്‍ഡും സ്വന്തമാക്കി
മുൻപേ ചരിത്രം കുറിച്ച ക്രിസ്റ്റീന കോക്ക്
നാസയുടെ ബഹിരാകാശ സഞ്ചാരി ക്രിസ്റ്റീന കോക്ക് ആര്‍ട്ടെമിസ് 2 പദ്ധതിയുടെ മിഷന്‍ സ്‌പെഷ്യലിസ്റ്റ് ആണ്. മിഷിഗണില്‍ ജനിച്ച ക്രിസ്റ്റീന, നോര്‍ത്ത് കരോലിനയിലാണ് വളര്‍ന്നത്. ശാസ്ത്ര വിഷയങ്ങളിൽ ചെറുപ്പം മുതൽ തത്പരയായിരുന്നു. നോര്‍ത്ത് കരോലിന സ്‌കൂള്‍ ഓഫ് സയന്‍സ് ആന്‍ഡ് മാത്തമാറ്റിക്‌സില്‍ നിന്ന് ബിരുദം നേടി. നോര്‍ത്ത് കരോലിന സ്റ്റേറ്റ് സർവകലാശാലയിലായിരുന്നു തുടര്‍ പഠനം. അവിടെ നിന്ന് ഭൗതിക ശാസ്ത്രത്തിലും ഇലക്ട്രിക്കല്‍ എഞ്ചിനീയറിങ്ങിലും ബിരുദവും ഇലക്ട്രില്‍ എഞ്ചിനീയറിങ്ങില്‍ ബിുരുദാനന്തര ബിരുദവും നേടി. പിന്നീട് കരോലിന സ്റ്റേറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ഡോക്ടറേറ്റും സ്വന്തമാക്കി.
നാസയുടെ ഗോദാര്‍ഡ് സ്പേസ് ഫ്ളൈറ്റ് സെന്ററില്‍ ഇലക്ട്രിക്കല്‍ എഞ്ചിനീയറായാണ് ക്രിസ്റ്റീന കരിയർ ആരംഭിച്ചത്. നാസയുടെ ബഹിരാകാശ പദ്ധതികൾക്കുള്ള ഉപകരണ നിർമാണത്തിന്റെ ഭാഗമായിരുന്നു അവരവിടെ. പിന്നീട് 2013 ലാണ് ബഹിരാകാശ ഗവേഷകയായത്. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്കുള്ള മൂന്ന് യാത്രകളിൽ ഫ്ലാറ്റ് എഞ്ചിനീയറായി. 2019 വനിതകൾ മാത്രം ഉൾപ്പെട്ട ആദ്യ ബഹിരാകാശ നടത്തത്തിന്റെയും ഭാഗമായിരുന്നു. ആറ് തവണ ബഹിരാകാശ നടത്തും പൂർത്തിയാക്കിയിട്ടുണ്ട് ക്രിസ്റ്റീന.
328 ദിവസം ബഹിരാകാശത്ത് ചെലവഴിച്ച ഇവര്‍ ഒറ്റ ദൗത്യത്തില്‍ ബഹിരാകാശത്ത് ഏറ്റവും കൂടുതല്‍ സമയം ചെലവഴിച്ച റെക്കോര്‍ഡും സ്വന്തമാക്കി. ഇത്രയും ദൈര്‍ഘ്യമേറിയ ബഹിരാകാശ ദൗത്യം പൂര്‍ത്തിയാക്കി തിരിച്ചെത്തുന്ന നാസയുടെ രണ്ടാമത്തെ ബഹിരാകാശ സഞ്ചാരിയാണ് ക്രിസ്റ്റീന. നേരത്തെ സ്‌കോട്ട് കെല്ലി ബഹിരാകാശ നിലയത്തില്‍ കഴിഞ്ഞത് 340 ദിവസമാണ്.