നാസ പകര്‍ത്തിയ സൂര്യന്റെ പുഞ്ചിരിക്കുന്ന ചിത്രം
നാസ പകര്‍ത്തിയ സൂര്യന്റെ പുഞ്ചിരിക്കുന്ന ചിത്രം

ചൂടനായ സൂര്യന്‍ ചിരിക്കുമോ; നാസ പകര്‍ത്തിയ 'പുഞ്ചിരിക്കുന്ന' ചിത്രം

സൂര്യന്റെ കൊറോണല്‍ ദ്വാരങ്ങള്‍ ശനിയാഴ്ച ഭൂമിയില്‍ പതിക്കുന്ന സൗര കൊടുങ്കാറ്റിനെ അര്‍ത്ഥമാക്കുമെന്ന് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കി.
Updated on
1 min read

പുഞ്ചിരിക്കുന്ന സൂര്യന്‍. നാസയുടെ ഉപഗ്രഹം പകര്‍ത്തിയ ചിത്രത്തിലാണ് സൂര്യന്റെ അപൂര്‍വമായ സുന്ദര ദൃശ്യം പതിഞ്ഞത്. 'സൂര്യന്റെ പുഞ്ചിരി' എന്ന വിശേഷണത്തോടെ ആയിരുന്നു നാസയുടെ സോളാര്‍ ഡൈനാമിക്സ് ഒബ്സര്‍വേറ്ററി പകര്‍ത്തിയ ചിത്രം നാസ പുറത്ത് വിട്ടത്. മനുഷ്യന്റെ മുഖത്തോടുള്ള രൂപ സാദൃശ്യമാണ് ചിത്രത്തെ വ്യത്യസ്തമാക്കുന്നത്.

'കൊറോണല്‍ ഹോള്‍സ്' എന്നറിയപ്പെടുന്ന സൂര്യന്റെ ഉപരിതലത്തിലെ കറുത്ത പാടുകളാണ് അള്‍ട്രാവയലറ്റ് പ്രകാശത്തില്‍ പൂഞ്ചിരിക്കുന്ന മുഖത്തിന്റെ രൂപത്തില്‍ ദ്യശ്യമായത്. വേഗതയേറിയ സൗരകാറ്റ് ബഹിരാകാശത്തേക്ക് കുതിക്കുമ്പോഴാണ് 'കൊറോണല്‍ ഹോള്‍സ്' രൂപം കൊള്ളുന്നത്.

നാസയുടെ സൗരപ്രവര്‍ത്തനം എങ്ങനെ സൃഷ്ടിക്കപ്പെടുന്നുവെന്നും ബഹിരാകാശ കാലാവസ്ഥയെക്കുറിച്ചും അന്വേഷിക്കാന്‍ ലക്ഷ്യമിട്ടുള്ള നാസയുടെ ദൗത്യമാണ് സോളാര്‍ ഡൈനാമിക്‌സ് ഒബ്‌സര്‍വേറ്ററി. 2010 ഫെബ്രുവരി 11-ന് ആദ്യമായി സൂര്യനെക്കുറിച്ചുള്ള പഠനത്തിനായി വിക്ഷേപിച്ച ബഹിരാകാശ പേടകം സൂര്യന്റെ അകകാമ്പ്, അന്തരീക്ഷം, കാന്തികക്ഷേത്രം, ഊര്‍ജ്ജ ഉത്പാദനം എന്നിവയാണ് അളക്കുന്നത്.

നാസ ചിത്രം പങ്കുവച്ചതിന് പിന്നാലെ ‍ സാമൂഹ്യ മാധ്യമങ്ങളിളും ചിത്രം വലിയ ചര്‍ച്ചയാവുകയാണ്. പലരും ചിത്രത്തെ കൊത്തിയെടുത്ത ഹാലോവീന്‍ മത്തങ്ങ, കുട്ടികളുടെ ഷോ ആയ ടെലിറ്റബ്ബീസിലെ സിംഹം, സൂര്യന്‍ എന്നിവയുമായും താരതമ്യം ചെയ്തു.

എന്നാല്‍, ചിരിക്കുന്ന മുഖമുണ്ടെങ്കിലും സൂര്യന്റെ കൊറോണല്‍ ദ്വാരങ്ങള്‍ അത്ര നല്ലതല്ലെന്നാണ് വിദഗ്ദര്‍ നല്‍കുന്ന സൂചന. സൗര കൊടുങ്കാറ്റിനെയാണ് ഇത് സൂചിപ്പിക്കുന്നത് എന്നും വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കി. സൗരപ്രതലത്തില്‍ നിന്നുള്ള പിണ്ഡത്തിന്റെയും ഊര്‍ജത്തിന്റെയും പലതരം പൊട്ടിത്തെറികളാണ് സോളാര്‍ കൊടുങ്കാറ്റുകളായി മാറുന്നത്. അത് ഭൂമിയുടെ കാന്തികക്ഷേത്രത്തില്‍ മാറ്റങ്ങളുണ്ടാക്കുന്നു.

logo
The Fourth
www.thefourthnews.in