മണിക്കൂറിൽ പത്ത് ലക്ഷം മൈല്‍ വേഗത; ബഹിരാകാശത്ത് നിഗൂഢ വസ്തു കണ്ടെത്തി നാസ
മണിക്കൂറിൽ പത്ത് ലക്ഷം മൈൽ വേഗതയിൽ സഞ്ചരിക്കുന്ന നിഗൂഢവസ്തുവിനെ കണ്ടെത്തി നാസയുടെ പൗരശാസ്ത്രജ്ഞർ. സി ഡബ്ല്യു ഐ എസ് ഇ എ1249 എന്നാണ് ഈ വസ്തുവിനു നാസ നൽകിയിരിക്കുന്ന പേര്. നാസയുടെ വൈഡ്-ഫീൽഡ് ഇൻഫ്രാറെഡ് എക്സ്പ്ലോറർ മിഷനിൽനിന്നുള്ള ചിത്രങ്ങൾ ഉപയോഗിച്ചാണ് അജ്ഞാത വസ്തു എന്തെന്ന് ശാസ്ത്രലോകം പരിശോധിക്കുന്നത്.
ആകാശഗംഗയുടെ ഗുരുത്വാകർഷണത്തിൽനിന്ന് പുറത്തുപോകുന്നത്ര വേഗത്തിലാണ് സി ഡബ്ല്യു ഐ എസ് ഇ എ1249 സഞ്ചരിക്കുന്നതെന്നാണ് നാസയുടെ ബാക്ക്‌യാർഡ് വേൾഡ്സ്: പ്ലാനറ്റ് 9 പ്രോജക്ടിലെ പൗരശാസ്ത്രജ്ഞന്മാരുടെ കണ്ടെത്തൽ. ഇത് താരാപഥാന്തരീയസ്ഥലത്തേക്ക് നീങ്ങാൻ സാധ്യതയുണ്ടെന്നും അവർ പറയുന്നു. ഒരു ചെറിയ നക്ഷത്രത്തിൻ്റെ പിണ്ഡത്തോളമോ അതിൽ കുറവോ ഉള്ള ഒരു ഹൈപ്പർവെലോസിറ്റി വസ്തുവിനെ ആദ്യമായാണ് കണ്ടെത്തുന്നത്.
2009 മുതൽ 2011 വരെ ഇൻഫ്രാറെഡ് പ്രകാശത്തിൽ ആകാശത്തെ മാപ്പ് ചെയ്ത നാസയുടെ വൈസ് അല്ലെങ്കിൽ വൈഡ്-ഫീൽഡ് ഇൻഫ്രാറെഡ് എക്സ്പ്ലോറർ മിഷനിൽ നിന്നുള്ള ചിത്രങ്ങൾ ബാക്ക്‌യാർഡ് വേൾഡ്സ് ഉപയോഗിക്കുന്നു. ഇത് NEOWISE വീണ്ടും സജീവമാക്കി. ഓഗസ്റ്റ് എട്ടിന് വിരമിക്കുകയും ചെയ്തു.
സി ഡബ്ല്യു ഐ എസ് ഇ എ1249മണിക്കൂറിൽ ഏകദേശം 10 ലക്ഷം മൈൽ വേഗതയിൽ ആകാശഗംഗയിൽനിന്ന് പുറത്തേക്ക് സഞ്ചരിക്കുകയാണ്. എന്നാൽ അതിൻ്റെ കുറഞ്ഞ പിണ്ഡം കണക്കാക്കുമ്പോൾ അതിനെയൊരു ആകാശവസ്തുവായി കണക്കാക്കുന്നതിലും ബുദ്ധിമുട്ടുണ്ട്. സി ഡബ്ല്യു ഐ എസ് ഇ എ1249 ൻ്റെ മൂലകഘടനയെ കുറിച്ച് കൂടുതൽ സൂക്ഷ്മമായി പഠനം നടത്തുമെന്നും ശാസ്ത്രജ്ഞർ പറയുന്നു.
ഹവായിയിലെ മൗനകിയയിലുള്ള ഡബ്ല്യുഎം കെക്ക് ഒബ്സർവേറ്ററിയിൽനിന്ന് ലഭിച്ച ഡേറ്റ പ്രകാരം, മറ്റ് നക്ഷത്രങ്ങളേക്കാളും തവിട്ട് കുള്ളന്മാരേക്കാളും ഇരുമ്പും മറ്റ് ലോഹങ്ങളും സി ഡബ്ല്യു ഐ എസ് ഇ എ1249ൽ വളരെ കുറവാണ്. ഈ അസാധാരണത്വം സൂചിപ്പിക്കുന്നത്, സി ഡബ്ല്യു ഐ എസ് ഇ എ1249 വളരെ പഴക്കമുള്ളതും ഭൂമി ഉൾകൊള്ളുന്ന ആകാശഗംഗയിലെ ആദ്യ തലമുറ നക്ഷത്രങ്ങളിൽ നിന്നായിരിക്കാമെന്നുമാണ്.