ഓരോ 12 ദിവസത്തിലും ഭൂമിയെ മാപ്പ് ചെയ്യും; നാസ - ഐഎസ്ആര്‍ഒ ഭൗമനിരീക്ഷണ ഉപഗ്രഹം 'നിസാര്‍' ഇന്ത്യയിലെത്തി

ഓരോ 12 ദിവസത്തിലും ഭൂമിയെ മാപ്പ് ചെയ്യും; നാസ - ഐഎസ്ആര്‍ഒ ഭൗമനിരീക്ഷണ ഉപഗ്രഹം 'നിസാര്‍' ഇന്ത്യയിലെത്തി

അടുത്ത വര്‍ഷം ആന്ധ്രാ പ്രദേശിലെ സതീഷ് ധവാൻ സ്പേസ് സെന്ററില്‍ നിന്നായിരിക്കും വിക്ഷേപണം
Updated on
1 min read

നാസയും ഐഎസ്ആർഒയും സംയുക്തമായി വികസിപ്പിച്ച ഭൗമ നിരീക്ഷണ ഉപഗ്രഹമായ നിസാർ ( നാസ - ഇസ്രോ സിന്തറ്റിക് അപേർച്ചർ റഡാർ) അമേരിക്ക ഇന്ത്യയ്ക്ക് കൈമാറി. അമേരിക്കന്‍ വ്യോമസേനയുടെ സി-17 എയർക്രാഫ്റ്റില്‍ ഉപഗ്രഹം ബെംഗളൂരുവിലെത്തിച്ചു. യുഎസ് കോണ്‍സുലേറ്റാണ് ഇത് സംബന്ധിച്ച വിശദാംശങ്ങള്‍ പുറത്തുവിട്ടത്.

നാസയും ഐഎസ്ആര്‍ഒയും സംയുക്തമായി നടത്തിയ ഗവേഷണങ്ങളുടെ അടിസ്ഥാനത്തിലാണ് നിസാര്‍ സജ്ജമാക്കിയത്. ബഹിരാകാശ ഗവേഷണത്തിലെ ഇന്ത്യയുടേയും യു എസിന്റേയും സഹകരണത്തിന്റെ പുതിയതലം കൂടിയാവുകയാണ് നിസാര്‍.

ഓരോ 12 ദിവസത്തിലും ഭൂമിയെ മാപ്പ് ചെയ്യാന്‍ നിസാറിന് സാധിക്കും. ഭൂമിയില്‍ സംഭവിക്കുന്ന ചെറിയ മാറ്റങ്ങള്‍ പോലും മനസിലാക്കി റിപ്പോര്‍ട്ട് ചെയ്യും. കൂടാതെ ഹിമപാതം ,സുനാമി , അഗ്നിപര്‍വത സ്‌ഫോടനം , മണ്ണിടിച്ചില്‍ എന്നിങ്ങനെയുള്ള പ്രകൃതി ദുരന്തങ്ങളെ കുറിച്ചുള്ള കൃത്യമായ വിവരങ്ങള്‍ തരാനും ഈ ഭൗമ നിരീക്ഷണ ഉപഗ്രഹത്തിന് സാധിക്കും. മേഘപാളികള്‍ക്ക് ഇടയിലൂടെ പോലും ഉപഗ്രഹത്തിന് വിവരശേഖരണവും ചിത്രങ്ങളെടുക്കാനും സാധിക്കും.

800 കിലോഗ്രാം ഭാരമുള്ള ഈ ഉപഗ്രഹം സമുദ്ര നിരപ്പിലെ ഉയര്‍ച്ച, ഉരുൾപൊട്ടൽ സാധ്യതാ പ്രദേശങ്ങൾ, ഹിമാലയത്തിലെ മഞ്ഞുപാളി ഉരുകല്‍ തുടങ്ങി വിവിധ നിരീക്ഷണങ്ങൾക്കായി ഉപയോഗപ്പെടുത്തും. ഭൂമിയുടെ ഉപരിതലത്തിലുണ്ടാകുന്ന ചെറിയ വ്യതിയാനം പോലും സൂക്ഷ്മമായി നിരീക്ഷിക്കാന്‍ നിസാറിന് സാധിക്കുമെന്നതാണ് സവിശേഷത.

2021-ന്റെ തുടക്കം മുതൽ ദക്ഷിണ കാലിഫോർണിയയിലെ ജെറ്റ് പ്രൊപ്പൽഷൻ ലബോറട്ടറിയിലെ എഞ്ചിനീയര്‍മാര്‍ ചേര്‍ന്ന് നിസാറിന്റെ രണ്ട് റഡാര്‍ സംവിധാനങ്ങളെ കുറിച്ച് വിശദമായി പഠിച്ചു വരികയാണെന്ന് നാസ കഴിഞ്ഞ മാസം വ്യക്തമാക്കിയിരുന്നു. ഐഎസ്ആര്‍ഒ ചെയര്‍മാന്‍ എസ്. സോമനാഥിന്റെ നേതൃത്വത്തിൽ ഐഎസ്ആർഒ സംഘം കലിഫോർണിയയിലെ നാസ ജെറ്റ് പ്രൊപ്പൽഷൻ ലബോറട്ടറി സന്ദർശിച്ച് നിര്‍മാണ പുരോഗതിയുള്‍പ്പെടെ വിലയിരുത്തിയിരുന്നു. ഉപഗ്രഹത്തിന്റെ എൽ-ബാൻഡ് റഡാർ അമേരിക്കൻ ശാസ്ത്രജ്ഞരും എസ്-ബാൻഡ് റഡാർ ഐഎസ്ആര്‍ഒ ശാസ്ത്രജ്ഞരുമാണ് വികസിപ്പിച്ചത്. എസ് ബാന്‍ഡ് റഡാറുകള്‍ ബെംഗളൂരുവില്‍ തയ്യാറാക്കിയ ശേഷം നാസ ജെറ്റ് പ്രൊപ്പല്‍ഷന്‍ ലബോറട്ടറിയിലേക്ക് കൊണ്ടുപോകുകയായിരുന്നു.

ഭൂമിയുടെ ഏറ്റവും അടുത്ത ഭ്രമണപഥത്തിലേക്ക് വിക്ഷേപിക്കപ്പെടുന്ന നിസാറിന്റെ പ്രവർത്തന കാലാവധി മൂന്നു വർഷമാണ്. ഉപഗ്രഹത്തിന്റെ അന്തിമ സംയോജനം ബെംഗളൂരുവിലെ യുആർ റാവു സാറ്റലൈറ്റ് സെന്ററിൽ നടക്കും. അടുത്ത വര്‍ഷം ആന്ധ്രാ പ്രദേശിലെ സതീഷ് ധവാൻ സ്പേസ് സെന്ററില്‍ നിന്ന് ഉപഗ്രഹം വിക്ഷേപിക്കും.

logo
The Fourth
www.thefourthnews.in