രാജ്യാന്തര ബഹിരാകാശ നിലയവുമായി ബന്ധം നഷ്ടപ്പെട്ട 90 മിനിറ്റ്; നാസയ്ക്ക് സഹായവുമായി റഷ്യ
അമേരിക്കന്‍ ബഹിരാകാശ ഏജന്‍സിയായ നാസയുടെ ഹൂസ്റ്റണിലെ ആസ്ഥാനത്ത് ചൊവ്വാഴ്ച ആശങ്കകളുടെ മിനിറ്റുകളായിരുന്നു. രാജ്യാന്തര ബഹിരാകാശ നിലയവുമായി ( ഐഎസ്എസ്) ബന്ധം വിച്ഛേദിക്കപ്പെട്ട 90 മിനിറ്റ്. ഒടുവില്‍ റഷ്യന്‍ സംവിധാനത്തിന്‌റെ സഹായത്തോടെയാണ് ഐഎസ്എസുമായി ബന്ധം പുനഃസ്ഥാപിച്ചത്.
നാസ കേന്ദ്രത്തിലെ വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെട്ടതാണ് പ്രശ്‌നത്തിന് കാരണം. ഹൂസ്റ്റണിലെ ജോണ്‍സന്‍ ബഹിരാകാശ കേന്ദ്രത്തിലെ നവീകരണ പ്രവര്‍ത്തനങ്ങളാണ് വൈദ്യുതി ബന്ധം തടസ്സപ്പെടാന്‍ കാരണമായത്. അശയവിനിമയം ഇല്ലാതായെന്ന വിവരം ബഹിരാകാശ നിലയത്തിലെ ശാസ്ത്രജ്ഞരെ അറിയിച്ചത് 20 മിനിറ്റിന് ശേഷമാണ്. ഇതിനായി റഷ്യയുടെ ആശയവിനിമയ സംവിധാനം ഉപയോഗിച്ചു. 90 മിനിറ്റിന് ശേഷം നാസയുടെ പകരം സംവിധാനം പ്രവര്‍ത്തനം (ബാക്ക്അപ്പ് സംവിധാനം) ഏറ്റെടുത്തു.
ബഹിരാകാശ നിലയം പ്രവര്‍ത്തനം തുടങ്ങിയിട്ട് ആദ്യമായാണ് ബാക്ക്അപ്പ് സംവിധാനം പ്രവര്‍ത്തനം ഏറ്റടുക്കേണ്ട സാഹചര്യം ഉണ്ടാകുന്നത്. ബന്ധം വിച്ഛേദിക്കപ്പെട്ടെങ്കിലും നിലയത്തിനോ അതിലുള്ള ബഹിരാകാശ ഗവേഷകര്‍ക്കോ അപകടത്തിനുള്ള സാഹചര്യം ഉണ്ടായിരുന്നില്ലെന്ന് സ്‌പേസ് സ്റ്റേഷന്‍ പ്രോഗ്രാം മാനേജര്‍ ജോള്‍ മോണ്ടല്‍ബാനോ വ്യക്തമാക്കി. തകരാർ നിലയത്തിന്‌റേതല്ലെന്നും ഭൂമിയിലെ കേന്ദ്രത്തിന്‌റേതെന്നും അദ്ദേഹം വ്യക്തമാക്കി.
ബാക്ക്അപ്പ് സംവിധാനത്തില്‍ നിന്ന് മാറി പൂര്‍ണതോതില്‍ ആശയവിനിമയം പുനഃസ്ഥാപിക്കുന്നതിനുള്ള പ്രവര്‍ത്തനം ഇന്ന് തന്നെ പൂര്‍ത്തിയാക്കുമെന്ന് നാസ അറിയിച്ചിട്ടുണ്ട്. നവീകരണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ടെന്ന് അറിയുന്നതിനാല്‍ അടിയന്തര സാഹചര്യമുണ്ടായാല്‍ ഇടപെടാന്‍ പൂര്‍ണസജ്ജമായിരുന്നെന്നും നാസ വ്യക്തമാക്കുന്നു.
അമേരിക്കയും റഷ്യയും തമ്മിലുള്ള അസ്വാരസ്യം യുക്രെയ്ന്‍ വിഷയത്തോടെ മൂര്‍ച്ഛിച്ചെങ്കിലും ബഹിരാകാശത്ത് അടിയന്തര ഘട്ടത്തില്‍ സഹായം എത്തിക്കാന്‍ റഷ്യ മടികാട്ടിയില്ല. 2024 ഓടെ ഐഎസ്എസില്‍ നിന്ന് പിന്മാറുമെന്ന് റഷ്യ അറിയിച്ചിട്ടുണ്ട്. സ്വന്തം ബഹിരാകാശ നിലയമാണ് റഷ്യയുടെ പദ്ധതി. ഫെബ്രുവരിയിലും സമാനമായ സാഹചര്യത്തില്‍ റഷ്യ സഹായം വാഗ്ദാനം ചെയ്തിരുന്നു. മൂന്ന് ബഹിരാകാശ ഗവേഷകര്‍ ഒറ്റപ്പെട്ടപ്പോള്‍ ഐഎസ്എസിലേക്ക് രക്ഷപേടകത്തെ അയച്ചത് റഷ്യയായിരുന്നു.