നിർദേശം നൽകുമ്പോൾ നാസയ്ക്ക് അബദ്ധം പറ്റി; വോയേജർ-2 പേടകവുമായുള്ള ബന്ധം നഷ്ടമായി
സൗരയൂഥത്തിലെ ബാഹ്യ ഗ്രഹങ്ങളെക്കുറിച്ച് പഠിക്കുന്ന റോബോട്ടിക് ബഹിരാകാശ പേടകമായ വോയേജ ര്‍- 2 മായുള്ള നാസയുടെ ബന്ധം വിച്ഛേദിക്കപ്പെട്ടു. തെറ്റായ കമാന്‌റ് നല്‍കിയതാണ് ബന്ധം നഷ്ടമാകാന്‍ കാരണം. ഭൂമിയില്‍ നിന്ന് 1,900 കോടി കിലോമീറ്റര്‍ അകലെയുള്ള പേടകത്തെ കണ്ടെത്താന്‍ പണി പതിനെട്ടു പയറ്റുകയാണ് നാസയിലെ ശാസ്ത്രജ്ഞരിപ്പോള്‍.
ഭൂമിക്ക് അകലെയുള്ള മനുഷ്യ നിര്‍മിത വസ്തുക്കളില്‍ ദൂരം കൊണ്ട് രണ്ടാമതാണ് വോയേജര്‍-2. ജൂലൈ 21 ന് പേടകവുമായുള്ള ആശയവിനിമയം നഷ്ടമായെന്ന് നാസയുടെ ജെറ്റ് പ്രൊപ്പല്‍ഷന്‍ ലബോറട്ടറി പ്രസ്താവനയിലൂടെ അറിയിച്ചു. തെറ്റായ കമാന്‌റുകള്‍ നല്‍കുക വഴി, പേടകത്തിന്റെ ആന്റിനയുടെ ദിശ മാറിയതാണ് വിനയായത്. ആന്റിനയുടെ ദിശയില്‍ വെറും രണ്ട് ശതമാനത്തിന്റെ മാറ്റമാണ് ഉണ്ടായതെങ്കിലും വളരെ അകലെയായതിനാല്‍ ഭൂമിയുടെ ദിശയില്‍ നിന്ന് മാറുകയായിരുന്നു. '' ഈ മാറ്റം ആന്റിനയും ഭൗമകേന്ദ്രവും തമ്മിലുള്ള ആശയവിനിമയം തടസ്സപ്പെടുത്തിയിട്ടുണ്ട്. പേടകം അയക്കുന്ന വിവരങ്ങൾ നാസയുടെ ഡീപ് സ്‌പേസ് നെറ്റ്‌വര്‍ക്കിലേക്ക് എത്തുന്നില്ല. കണ്‍ട്രോള്‍ സ്‌റ്റേഷനില്‍ നിന്ന് നല്‍കുന്ന കമാന്‌റുകള്‍ പേടകത്തില്‍ എത്തുന്നുമില്ല,'' വാര്‍ത്താക്കുറിപ്പ് വ്യക്തമാക്കുന്നു.
ഓസ്‌ട്രേലിയയിലെ കാന്‍ബറയിലുള്ള ആന്റിന വഴി വോയേജര്‍-2 മായി ബന്ധം പുനഃസ്ഥാപിക്കാനാണ് ഇപ്പോള്‍ ശ്രമങ്ങള്‍ നടത്തുന്നത്. ഇത് വിജയിച്ചില്ലെങ്കില്‍ ഒക്ടോബര്‍ വരെ കാത്തിരിക്കണം. ഒക്ടോബര്‍ 15 ന് മുന്‍ നിശ്ചയിച്ച ആന്റിന റീസെറ്റിങ് നടക്കും. ഇതോടെ പ്രശ്‌നം പരിഹിരിക്കാനാകുമെന്നാണ് നാസയുടെ പ്രതീക്ഷ.'' ആന്റിന എപ്പോഴും ഭൂമിയുടെ നേരെ തിരിഞ്ഞിരിക്കുന്നു എന്ന് ഉറപ്പാക്കാൻ പേടകത്തില്‍ വര്‍ഷാവര്‍ഷം പ്രോഗ്രാം അടിസ്ഥാനമാക്കിയ പുനഃക്രമീകരണം നടത്താറുണ്ട്. ഇത്തരത്തിലുള്ള അടുത്ത മാറ്റം ഒക്ടോബര്‍ 15 നാണ്. ഇതോടെ ആശയവിനിമയം പുനഃസ്ഥാപിക്കാനായേക്കും. അതുവരെ ആശയവിനിമയം നടക്കുന്നില്ലെങ്കിലും മുന്‍ നിശ്ചയിച്ച പാതയില്‍ പേടകം സഞ്ചരിക്കും,'' നാസ അറിയിച്ചു.
1977 ലാണ് വോയേജര്‍ -2 വിക്ഷേപിച്ചത്. വ്യാഴം, ശനി, യുറാനസ്, നെപ്റ്റ്യൂണ്‍ തുടങ്ങിയ ബാഹ്യ ഗ്രഹങ്ങളെ കുറിച്ചും സൗരയൂഥത്തിന്‌റെ അവസാന ഭാഗങ്ങത്തെ കുറിച്ച് പഠിക്കുകയാണ് പേടകത്തിന്‌റെ ദൗത്യം. 2018 ലാണ് നക്ഷത്രാന്തരീയ മേഖലയില്‍ ( interstellar space) വോയേജര്‍-2 എത്തിയത്. വോയേജര്‍- 1ന്‌റെ തുടര്‍ച്ചയായിരുന്നു വോയേജര്‍-2. ഭൂമിയില്‍ നിന്ന് ഏറ്റവും അകലെ സ്ഥിതി ചെയ്യുന്ന മനുഷ്യ നിര്‍മിത വസ്തുവായ വോയേജര്‍-1, 2,400 കോടി കിലോമീറ്റര്‍ അകലെയാണ്.