സൂര്യന് 450 കോടി വര്‍ഷത്തിലധികം പ്രായം; ഏറ്റവും പുതിയ ചലനാത്മക ചിത്രം പങ്കുവെച്ച് നാസ

സൂര്യന് 450 കോടി വര്‍ഷത്തിലധികം പ്രായം; ഏറ്റവും പുതിയ ചലനാത്മക ചിത്രം പങ്കുവെച്ച് നാസ

സൂര്യന്റെ ഗുരുത്വാകര്‍ഷണമാണ് വലിയ ഗ്രഹങ്ങള്‍ മുതല്‍ ചെറിയ ഗ്രഹങ്ങള്‍ വരെയുള്ള സൗരയൂഥത്തെ പിടിച്ചു നിര്‍ത്തുന്നതെന്ന് നാസ
Updated on
1 min read

സൂര്യന്റെ ഏറ്റവും പുതിയ ചലനാത്മക ചിത്രം പങ്കുവെച്ച് അമേരിക്കന്‍ ബഹിരാകാശ ഏജന്‍സിയായ നാസ. സൂര്യന് ചുറ്റും ഭൂമി അടുത്ത ഭ്രമണം ആരംഭിച്ച സാഹചര്യത്തിലാണ് കാഴ്ച്ചക്കാരെ അദ്ഭുതപ്പെടുത്തുന്ന പുതിയ ചിത്രം പുറത്തുവിട്ടത്. ചിത്രത്തില്‍ സൗരജ്വാലകള്‍ ആളിക്കത്തുന്നത് കാണാം. ഈ ജ്വാലകള്‍ ഉയർന്ന അളവിലുള്ള ഊര്‍ജ സ്രോതസ്സുകളാണ്. ഇവയ്ക്ക് റേഡിയോ ആശയവിനിമയ സംവിധാനത്തെയും നാവിഗേഷന്‍ സിഗ്നലുകളേയും ബഹിരാകാശ യാത്രികരേയും വരെ ബാധിക്കാനുള്ള ശേഷിയുണ്ട്. സൂര്യന് 450 കോടി വര്‍ഷത്തിലധികം പ്രായമുണ്ടെന്നും നാസ പോസ്റ്റില്‍ പറയുന്നു.

എല്ലാം സാധ്യമാക്കുന്ന, ഭൂമിയില്‍ നിന്ന് 150 മില്ല്യണ്‍ കിലോമീറ്റര്‍ അകലെയുള്ള നക്ഷത്രം നിങ്ങള്‍ക്കെല്ലാവര്‍ക്കും പുതുവര്‍ഷം നേരുന്നു എന്ന കുറിപ്പോടെയാണ് നാസ ചിത്രം പങ്കുവെച്ചത്. സൂര്യന്റെ ഗുരുത്വാകര്‍ഷണമാണ് വലിയ ഗ്രഹങ്ങള്‍ മുതല്‍ ചെറിയ ഗ്രഹങ്ങള്‍ വരെയുള്ള സൗരയൂഥത്തെ പിടിച്ചു നിര്‍ത്തുന്നതെന്നും പോസ്റ്റില്‍ പറയുന്നു. മധ്യവയസ്‌കനും മഞ്ഞ കുള്ളൻ എന്ന് വിളിക്കപ്പെടുന്നതുമായ സൂര്യന്റെ ചലനാത്മകവും നിരന്തരം മാറിക്കൊണ്ടിരിക്കുന്നതുമായ പ്രവർത്തനം സൗരയൂഥത്തിലേക്ക് നിരന്തരം ഊർജ്ജം പ്രസരിപ്പിക്കുന്നു.സൗരയൂഥത്തിലെ ഏറ്റവും പുരാതന ഘടകങ്ങൾ പരിശോധിച്ച് ശാസ്ത്രജ്ഞർക്ക് സൂര്യന്റെ പ്രായം കണക്കാക്കാനാവുമെന്നും നാസ പറയുന്നു.

1.4 ദശലക്ഷം കി.മീ വീതിയും 15 ദശലക്ഷം ഡിഗ്രി സെൽഷ്യസ് താപനിലയുമാണ് സൂര്യനുള്ളതെന്നും നാസ വ്യക്തമാക്കുന്നു. ഒരു ബഹിരാകാശ വാഹനം 24 മണിക്കൂറും സൂര്യനെ നിരീക്ഷിക്കുന്നുണ്ട്. ഇതിലൂടെ ഹീലിയോഫിസിക്സ് എന്നറിയപ്പെടുന്ന സൂര്യനെക്കുറിച്ചുള്ള ശാസ്ത്ര ശാഖയിലുള്ള നമ്മുടെ അറിവ് വിശാലമാകുന്നുവെന്നും നാസ കൂട്ടിച്ചേർത്തു. ഈ ചിത്രം എടുത്തത് സോളാർ ഡൈനാമിക് ഒബ്സർവേറ്ററി എന്ന ബഹിരാകാശ പേടകമാണെന്നും നാസ പറഞ്ഞു.

logo
The Fourth
www.thefourthnews.in