പ്ലൂട്ടോയുടെ 'യഥാർത്ഥ ചിത്രം' പങ്കുവച്ച് നാസ
പ്ലൂട്ടോയുടെ 'യഥാർത്ഥ നിറം' വെളിപ്പെടുത്തുന്ന ചിത്രങ്ങൾ പുറത്തുവിട്ട് നാസ. കുള്ളൻ ഗ്രഹത്തിന്റെ പല ചിത്രങ്ങളും മുൻപ് പുറത്ത് വന്നിട്ടുണ്ടെങ്കിലും ഇതാദ്യമായാണ് 'ഹൃദയ'വും കൂടി ഉൾപ്പെടുത്തിയുള്ള യഥാർത്ഥ നിറത്തിലുള്ള ചിത്രം നാസ പങ്കുവയ്ക്കുന്നത്. 22,025 മൈൽ അകലെനിന്ന് നാസയുടെ ന്യൂ ഹൊറൈസൺ പേടകം പകർത്തിയ ചിത്രം ഇന്നലെ ഇൻസ്റ്റഗ്രാമിലൂടെയാണ് പുറത്തുവിട്ടത്. 2015ൽ ആദ്യമായി പ്ലൂട്ടോയുടെ ചിത്രം പകർത്തിയതും ന്യൂ ഹൊറൈസൺ ആണ്.
വെള്ള, തവിട്ട് നിറത്തിലുള്ള പ്ലൂട്ടോയുടെ ഉപരിതലം വിള്ളലുകളും ഗർത്തങ്ങളും നിറഞ്ഞതാണെന്നും നാസ ഇൻസ്റ്റഗ്രാം പോസ്റ്റിൽ വിശദീകരിക്കുന്നു. ഭാഗികമായി കാണപ്പെടുന്ന ഹൃദയാകൃതിയിലുള്ള ചിഹ്നത്തിന് വെളുത്ത നിറമാണ്. 3.7 ബില്യൺ മൈൽ (5.9 ബില്യൺ കിലോമീറ്റർ) ദൂരത്തിൽ പരിക്രമണം ചെയ്യുന്ന ന്യൂ ഹൊറൈസൺ, പ്ലൂട്ടോ സന്ദർശിക്കുന്ന ആദ്യത്തെ ബഹിരാകാശ പേടകമാണ്.
1400 മൈൽ മാത്രം വീതിയുള്ള പ്ലൂട്ടോ സൂര്യനിൽ നിന്ന് ശരാശരി 590 കോടി കിലോമീറ്റർ അകലെയാണ് സ്ഥിതി ചെയ്യുന്നത്. ഉപരിതലം ജലം, മീഥേൻ, നൈട്രജൻ എന്നിവയാൽ നിർമ്മിച്ച ഐസ് കൊണ്ട് പൊതിഞ്ഞതാണെന്ന് പറയപ്പെടുന്നു. ഇതിൽ പാറകളും ആഴത്തിലുള്ള സമുദ്രവും ഉണ്ടെന്നാണ് പഠനം. മറ്റൊരു പ്രത്യേകത ഉപരിതലത്തിലെ ഹൃദയാകൃതിയിലുള്ള വലിയൊരു പ്രദേശമാണ്. അതിന്റെ ഇടതുഭാഗം കാർബൺ മോണോക്സൈഡ് ഐസ് കൊണ്ട് മൂടിയിരിക്കുന്നു.
2006ലാണ് പ്ലൂട്ടോയെ കുള്ളൻ ഗ്രഹമായി പ്രഖ്യാപിക്കുന്നത്. ഗ്രഹങ്ങളുടെ നിർവചനത്തിൽ പ്ലൂട്ടോ ഉൾപ്പെടുന്നില്ലെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് അന്താരാഷ്ട്ര അസ്ട്രോണമിക്കൽ യൂണിയൻ (IAU) പ്ലൂട്ടോയെ കുള്ളൻ ഗ്രഹമായി പ്രഖ്യാപിച്ചത്. അന്താരാഷ്ട്ര അസ്ട്രോണമിക്കൽ യൂണിയന്റെ നിർവചനപ്രകാരം സൂര്യനെ വലംവെക്കുന്നതും സ്വന്തം ഗുരുത്വാകർഷണം കൊണ്ട് ഗോളാകൃതിയിൽ നിലനിൽക്കാൻ കഴിയുന്നതും തന്റെ പരിക്രമണ പഥത്തിലെ ഏറ്റവും വലിയ വസ്തുവാകുന്നതുമായ ഗോളങ്ങളാണ് ഗ്രഹങ്ങൾ.