യൂറോപ്പയ്ക്ക് അടുത്തെത്തി ജുനോ; പുതിയ ചിത്രം പുറത്തുവിട്ട് നാസ
മഞ്ഞിൽ പുതഞ്ഞു കിടക്കുന്ന യൂറോപ്പയുടെ ഏറ്റവും അടുത്തു നിന്നുള്ള ചിത്രം പകർത്തി നാസയുടെ ജൂനോ പേടകം. വെള്ളിയാഴ്ചയാണ് വ്യാഴത്തിന്റെ ഉപഗ്രഹമായ യൂറോപ്പയുടെ 352 കിലോമീറ്റർ അരികിലൂടെ പേടകം കടന്നുപോയത്. യൂറോപ്പയുടെ മഞ്ഞു മൂടി കിടക്കുന്ന പ്രതലത്തിന്റെ നാല് ചിത്രങ്ങളും ജൂനോ പേടകം ഭൂമിയിലേക്കയച്ചു. യൂറോപ്പയുടെ ഐസ് ഷെല്ലിന്റെ ഇതുവരെ എടുത്തിട്ടുള്ളതിൽ വെച്ച് ഏറ്റവും ഉയർന്ന റെസല്യൂഷൻ ഉള്ള ചിത്രങ്ങളാണിവ. 2000 ത്തിൽ നാസയുടെ ഗലീലിയോ ബഹിരാകാശ പേടകമാണ് അവസാനമായി യൂറോപ്പയുടെ അടുത്തെത്തിയത്. 22 വർഷത്തിനിടെ യൂറോപ്പയുടെ ഏറ്റവും അടുത്തു നിന്നുള്ള ചിത്രമാണ് ഇത്.
വ്യാഴത്തെയും അതിന്റെ ഉപഗ്രഹങ്ങളെയും കുറിച്ച് പഠിക്കാൻ 2011 ആഗസ്‌റ്റ് 5 നാണ് നാസ ജൂനോ വിക്ഷേപിച്ചത്. 2016 മുതൽ ജൂനോ വ്യാഴത്തെ പരിക്രമണം ചെയ്യുകയാണ്. അകെ 80 ഉപഗ്രഹങ്ങളാണ് വ്യാഴത്തിനുള്ളത്. സൗരയൂഥത്തിലെ തന്നെ ആറാമത്തെ വലിയ ഉപഗ്രഹമായ യൂറോപ്പയെ കുറിച്ചുള്ള സുപ്രധാന വിവരങ്ങൾ ജൂനോ കണ്ടെത്തിയെന്നാണ് ശാസ്ത്രജ്ഞരുടെ നിഗമനം. യൂറോപ്പയുടെ മഞ്ഞുപാളികൾക്കിടയിൽ ഉപ്പു സമുദ്രം നിലനിൽക്കുന്നുണ്ട് എന്നാണ് കരുതപ്പെടുന്നത്. ഉപരിതലത്തിലെ ഈ മഞ്ഞുപാളികൾക്ക് 16 മുതൽ 24 കിലോമീറ്റർ വരെ കട്ടിയുണ്ട്. ഉപ്പു സമുദ്രത്തിന് 64 മുതൽ 161 കിലോമീറ്റർ വരെ ആഴമുണ്ടെന്നാണ് കണക്കാക്കപ്പെടുന്നത്. ഇതിനെക്കുറിച്ചുള്ള വിവരങ്ങളും ജൂനോ ശേഖരിച്ചിട്ടുണ്ട്. ഉപഗ്രഹത്തിലെ ജീവന്റെ അംശത്തെക്കുറിച്ചും പഠനങ്ങൾ നടക്കുന്നുണ്ട്.
യൂറോപ്പയ്ക്ക് 352 കിലോമീറ്റര്‍ വരെ അരികെ എത്തിയ ജുനോയ്ക്ക് ഏതാണ്ട് രണ്ട് മണിക്കൂര്‍ സമയമാണ് ഉപഗ്രഹത്തെ അടുത്തറിയാന്‍ ലഭിച്ചത്. ഉപരിതലത്തിലെ മഞ്ഞു പാളിയെക്കുറിച്ചും അതിന്റെ താപനിലയെയും ഘടനയെയും കുറിച്ചും ജൂനോ കൂടുതൽ പഠിക്കും. 2030 ഓടെ വ്യാഴത്തിന് സമീപം എത്തുന്ന യൂറോപ്പാ ക്ലിപ്പര്‍ മിഷന്‍ പഠനത്തിന് കൂടുതല്‍ സഹായം നല്‍കും. യൂറോപ്പയില്‍ മനുഷ്യവാസം സാധ്യമാണോ എന്ന പരീക്ഷണത്തിനാണ് പുതിയ ദൗത്യം. ജൂനോ വ്യാഴത്തെ പഠിക്കുന്നതിലാണ് കൂടുതൽ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നതെങ്കിൽ, ക്ലിപ്പർ യൂറോപ്പയെ മാത്രം ആയിരിക്കും നിരീക്ഷിക്കുക.