അന്യഗ്രഹ ജീവികൾ യാഥാർഥ്യമോ? ഉറപ്പാക്കാന്‍ ഇനിയും തെളിവുകളും പഠനങ്ങളും ആവശ്യമെന്ന് നാസ
അന്യഗ്രഹ ജീവികളെക്കുറിച്ചുള്ള പഠനവുമായി ബന്ധപ്പെട്ട് ചരിത്രത്തിലാദ്യമായി പൊതുയോഗം സംഘടിപ്പിച്ച് നാസ. നാല് മണിക്കൂര്‍ നീണ്ട ചര്‍ച്ച ടെലിവിഷന്‍ വഴി സംപ്രേക്ഷണം ചെയ്തു. 16 ശാത്രജ്ഞരടങ്ങുന്ന സംഘമാണ് ചര്‍ച്ചയില്‍ പങ്കെടുത്തത്. ബഹിരാകാശത്ത് ഒരു വര്‍ഷം ചെലവഴിച്ച സ്‌കോട്ട് കെല്ലിയും സംഘത്തിലുണ്ട്.
അന്യഗ്രഹ ജീവികളുണ്ടെന്നതിന് യാതൊരു തെളിവുകളുമില്ലെന്നാണ് പൊതുയോഗത്തിനുശേഷം നാസയുടെ ദാന്‍ ഇവാന്‍ വ്യക്തമാക്കിയത്. ഓരോ മാസവും 50 മുതല്‍ നൂറ് റിപ്പോര്‍ട്ടുകളാണ് അന്യഗ്രഹ ജീവികളുമായി ബന്ധപ്പെട്ട് ലഭിക്കുന്നതെന്ന് അമേരിക്കയുടെ പ്രതിരോധ വകുപ്പിന്റെ ഭാഗമായ ഓള്‍ ഡൊമൈന്‍ അനോമലി റെസല്യൂഷന്‍ ഓഫീസ് ഡയറക്ടര്‍ സീന്‍ ക്രിക് പാട്രിക് പറഞ്ഞു.
അമേരിക്കയുടെ പടിഞ്ഞാറ് ഭാഗത്തുനിന്ന് നാവികസേനാ വിമാനം പകര്‍ത്തിയ വീഡിയോയിലും അന്യഗ്രഹജീവികള്‍ക്ക് സമമായി ആകാശത്ത് ചിലവസ്തുക്കള്‍ സഞ്ചരിക്കുന്നത് കാണാന്‍ കഴിഞ്ഞിരുന്നു എന്നാല്‍ അത് എന്താണെന്ന് തിരിച്ചറിയാന്‍ വിമാനത്തിന് കഴിഞ്ഞിരുന്നില്ല.
2004 മുതല്‍ സൈനിക വിമാനങ്ങൾ റിപ്പോർട്ട് ചെയ്ത അന്യഗ്രഹജീവികളുടെ സാന്നിധ്യം സംശയിക്കുന്ന 144 സംഭവങ്ങളാണ് പെന്റഗണ്‍ റിപ്പോര്‍ട്ടില്‍ പറയുന്നത്. ഇവയൊന്നും തെളിയിക്കപ്പെട്ടിട്ടില്ലെങ്കിലും അന്യഗ്രഹ ജീവികള്‍ ആയിരിക്കാമെന്ന വിലയിരുത്തലുകളെയും ഉദ്യോഗസ്ഥര്‍ തള്ളിക്കളയുന്നില്ല.
സ്വകാര്യത ഇല്ലാത്തത് വിഷയത്തിൽ നാസയുടെ ഗവേഷണങ്ങളെ പ്രതികൂലമായി ബാധിക്കുന്നതായി ക്രിക് പാട്രിക് പൊതുയോഗത്തില്‍ പറഞ്ഞു. പാനലിലെ അംഗങ്ങള്‍ പഠനം ആരംഭിച്ചത് മുതല്‍ അവരെ സമൂഹമാധ്യമ അക്കൗണ്ടുകളില്‍നിന്ന് ബുദ്ധിമുട്ടുകൾ നേരിടേണ്ടിവരുന്നതായും അദ്ദേഹം പറഞ്ഞു.
റിപ്പോർട്ട് ചെയ്യപ്പെട്ട സംഭവങ്ങൾ അന്യഗ്രഹ ജീവികളുടെ സാന്നിധ്യമാണെന്ന് തെളിയിക്കുന്നതിനായി കൂടുതല്‍ തെളിവുകള്‍ ആവശ്യമാണെന്നാണ് യോഗം വിലയിരുത്തിയതെന്നാണ് പാനലിന്റെ നേതൃത്വം നല്‍കുന്ന ഡേവിഡ് സ്‌പെര്‍ജെല്‍ പറഞ്ഞത്. ഇതുമായി ബന്ധപ്പെട്ട് റിപ്പോര്‍ട്ട് പ്രസിദ്ധീകരിക്കുന്നതിന് മുന്‍പ് അന്തിമ ചര്‍ച്ച ആവശ്യമാണെന്നും ജൂലൈയോടെ റിപ്പോര്‍ട്ട് പ്രസിദ്ധീകരിക്കുമെന്നും സ്‌പെര്‍ജെല്‍ പറഞ്ഞു.
അന്യഗ്രഹ ജീവികളുടെ സാന്നിധ്യത്തെ ചുറ്റിപ്പറ്റി സമൂഹത്തില്‍ നിലനില്‍ക്കുന്ന മിഥ്യാധാരണ ഇല്ലാതാക്കാനാണ് നാസ ഈ യോഗം തത്സമയം ടെലിവിഷനില്‍ സംപ്രേക്ഷണം ചെയ്യാന്‍ തീരുമാനിച്ചത്. അന്യഗ്രഹ ജീവികളുമായി ബന്ധപ്പെട്ട നിലവിലുള്ള പഠനങ്ങളും വിലയിരുത്തലുകളുമെല്ലാം കൃത്യമല്ലെന്നാണ് നാസ പാനലിന്റെ വിലയിരുത്തല്‍.