ചാന്ദ്ര പര്യവേഷണത്തിന് പുതിയ സ്‌പെയ്‌സ് വെയര്‍: ആധുനിക ബഹിരാകാശ വസ്ത്രം പരിചയപ്പെടുത്തി നാസ
വെള്ള നിറത്തിലുള്ള ബഹിരാകാശ വസ്ത്രം ധരിച്ച് നീല്‍ ആംസ്‌ട്രോങ് നടത്തിയ ബഹിരാകാശ യാത്രയ്ക്ക് അര നൂറ്റാണ്ട് പിന്നിടുന്നു. ഇപ്പോള്‍ ആ വസ്ത്രവും രൂപവുമെല്ലാം ഔട്ട് ഓഫ് ഫാഷനായി കഴിഞ്ഞു. അപ്പോളോ 17ന് ശേഷം നാസ നടത്തുന്ന ചാന്ദ്ര ദൗത്യത്തിന് സ്ത്രീകള്‍ക്കും പുരുഷന്‍മാര്‍ക്കും ഒരുപോലെ ഉപയോഗിക്കാവുന്ന ആധുനിക രീതിയിലുള്ള സ്‌പെയ്‌സ് സ്യൂട്ട് രൂപകല്‍പന ചെയ്യാനൊരുങ്ങുകയാണ് നാസയിപ്പോള്‍. ചുരുങ്ങിയ വര്‍ഷങ്ങള്‍ക്കുള്ളില്‍ നാസ നടത്താനിരിക്കുന്ന ചാന്ദ്ര ദൗത്യത്തിനായി പ്രത്യേകം രൂപകല്‍പന ചെയ്ത സ്പെയ്സ് സ്യൂട്ടിൻ്റെ ആദ്യ മാതൃക നാസ പുറത്തിറക്കി. ഹൂസ്റ്റണിലെ ജോണ്‍സണ്‍ സ്പെയ്സ് സെൻ്ററിൽ മാധ്യമങ്ങള്‍ക്കും വിദ്യാര്‍ഥികള്‍ക്കുമായി സംഘടിപ്പിച്ച പരിപാടിയിലായിരുന്നു ആര്‍ട്ടെമിസിന് സ്യൂട്ട് നിര്‍മിക്കാന്‍ നാസ കരാര്‍ നല്‍കിയ ടെക്‌സാസ് ആസ്ഥാനമായുള്ള ആക്സിയം സ്പെയ്സ് കമ്പനി, മൂണ്‍ വെയര്‍ പ്രദര്‍ശിപ്പിച്ചത്. ആധുനിക ബഹിരാകാശ വസ്ത്രം രൂപപ്പെടുത്തുന്നതിലൂടെ ചന്ദ്രനില്‍ പര്യവേക്ഷണം നടത്താനും ശാസ്ത്രം പഠിക്കാനും കൂടുതല്‍ ആളുകള്‍ക്ക് അവസരമൊരുങ്ങുമെന്നാണ് നാസ മേധാവി ബില്‍ നെല്‍സണ്‍ പറയുന്നത്.
1972 ലെ അപ്പോളോ ദൗത്യത്തിന് ശേഷം നാസ നടത്തുന്ന ചാന്ദ്ര ദൗത്യം മൂന്ന് ആര്‍ട്ടെമിസ് ദൗത്യങ്ങളിലൂടെയാണ് പുരോഗമിക്കുന്നത്. നിലവില്‍ ഒന്നാം ആര്‍ട്ടെമിസ് ദൗത്യം പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. ചന്ദ്രന് ചുറ്റും പരീക്ഷണാടിസ്ഥാനത്തില്‍ നടത്തിയ ആദ്യ ദൗത്യമായ ആര്‍ട്ടെമിസ് 1 കഴിഞ്ഞ ഡിസംബര്‍ 11ന് ചന്ദ്രനെ വട്ടമിട്ട് പറന്നു. ആര്‍ട്ടെമിസ് 1 ഒരു അണ്‍ ക്രൂവിഡ് ഫ്‌ളൈറ്റായിരുന്നെങ്കില്‍ ആര്‍ട്ടെമിസ് 2 ക്രൂവ്ഡ് ഫ്‌ളൈറ്റാണ്. ചന്ദ്രനില്‍ ബഹിരാകാശ സഞ്ചാരികള്‍ ഇതുവരെ എത്താന്‍ സാധിക്കാത്ത അത്ര ദൂരത്തേയ്ക്ക് എത്തിക്കാനുള്ള ദൗത്യമാണ് ആര്‍ട്ടെമിസ് 2. ആര്‍ട്ടെമിസ് മൂന്നിലൂടെ ചന്ദ്രനില്‍ ആദ്യത്തെ വനിതാ ബഹിരാകാശ യാത്രിക ഇറങ്ങുമെന്നും നാസ വ്യക്തമാക്കി.
നാസയും കനേഡിയന്‍ ബഹിരാകാശ ഏജന്‍സിയും സംയുക്തമായി ഏപ്രില്‍ മൂന്നിന് ആര്‍ട്ടെമിസ് രണ്ട് ദൗത്യത്തിനായി തിരഞ്ഞെടുത്ത നാല് ബഹിരാകാശയാത്രികരെ പ്രഖ്യാപിക്കാന്‍ പദ്ധതിയിടുന്നതായും നാസ വ്യക്തമാക്കുന്നു. ആര്‍ട്ടെമിസ് രണ്ട് വിജയകരമായി പൂര്‍ത്തിയാക്കിയാല്‍ അത് ആര്‍ട്ടെമിസ് മൂന്നിലേയ്ക്കുള്ള വഴിതുറക്കും. ഇതിലൂടെ ചന്ദ്രനില്‍ ആദ്യമായി സ്ത്രീ കാലുകുത്തുന്നു എന്ന ചരിത്രവും രചിക്കപ്പെടും. ആര്‍ട്ടെമിസ് ദൗത്യത്തില്‍ ഒരു കറുത്ത വര്‍ഗക്കാരനെ ഉള്‍പ്പെടുത്തുമെന്ന ഉറപ്പും നാസ നല്‍കുന്നു. ചന്ദ്രോപരിതലത്തിലേക്കുള്ള ബഹിരാകാശ സഞ്ചാരി പര്യവേക്ഷണം ചന്ദ്രൻ്റെ ദക്ഷിണ ധ്രുവത്തിലേക്കുള്ള ആദ്യ പര്യവേക്ഷണവും ആര്‍ട്ടെമിസ് ദൗത്യത്തില്‍ ഉള്‍പ്പെടുന്നതായാണ് നാസ വ്യക്തമാക്കുന്നത്. 1969 മുതല്‍ 1972 വരെയുള്ള ആറ് അപ്പോളോ ദൗത്യങ്ങളില്‍ ചന്ദ്രനില്‍ ഇറങ്ങിയ 12 നാസ ബഹിരാകാശ സഞ്ചാരികളും വെള്ളക്കാരായിരുന്നു.
ഭാവിയില്‍ ചൊവ്വയിലെ മനുഷ്യ പര്യവേഷണത്തിലേക്കുള്ള ചവിട്ടുപടിയായി ആര്‍ട്ടെമിനിസ് ദൗത്യത്തെ കണക്കാക്കാമെന്നാണ് ശാസ്ത്രജ്ഞര്‍ പറയുന്നത്. ആക്‌സിയം എക്‌സട്രാവെഹിക്ക്വിലാര്‍ മൊബിലിറ്റി യൂണിറ്റ് (എഎക്‌സ്എംയു) 'ആക്‌സിയം' എന്ന് ബ്രാന്‍ഡ് ചെയ്തിരിക്കുന്ന പുതിയ സ്‌പെയ്‌സ് സ്യൂട്ടുകള്‍ പഴയ അപ്പോളോ ഗെറ്റപ്പുകളേക്കാള്‍ കൂടുതല്‍ കാര്യക്ഷമവും വഴക്കമുള്ളതുമാണെന്നുമാണ് ആദ്യഘട്ട പരീക്ഷണത്തിലൂടെ വ്യക്തമായത്. അമേരിക്കന്‍ ജനസംഖ്യയുടെ 90% പുരുഷന്മാരെയും സ്ത്രീകളെയും പരിഗണിച്ചുകൊണ്ടുളള എല്ലാവര്‍ക്കും അനുയോജ്യമായ തരത്തിലാണ് വസ്ത്രങ്ങള്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നതെന്നും നാസ പറഞ്ഞു. ലൈഫ് സപ്പോര്‍ട്ട് സിസ്റ്റങ്ങള്‍, സമ്മര്‍ദ്ദം കുറയ്ക്കാനുള്ള സജ്ജീകരണങ്ങള്‍ എന്നിവയും വസ്ത്രങ്ങളില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
ഓറഞ്ചും നീലയും കളറുകളിലും ചാരനിറത്തിലുള്ള പുറം പാളിയും ആക്സിയോമിന്റെ ലോഗോയും ഉള്‍പ്പെടുത്തുന്നതാണ് പുതിയ സ്‌പെയ്‌സ് വെയര്‍. എന്നാല്‍ ചന്ദ്രൻ്റെ ദക്ഷിണ ധ്രുവത്തിലെ ബഹിരാകാശയാത്രികര്‍ ധരിക്കേണ്ട വസ്ത്രങ്ങള്‍ വെളുത്തതായിരിക്കുമെന്ന് കമ്പനി പറഞ്ഞു, കാരണം ചന്ദ്രോപരിതലത്തിലെ കഠിനമായ സൂര്യപ്രകാശം പ്രതിഫലിക്കുന്നതിനാല്‍ ധരിക്കുന്നവരെ കടുത്ത ചൂടില്‍ നിന്ന് സംരക്ഷിക്കുന്നതിനും ഏറ്റവും മികച്ച നിറമാണിത്.
വരും വര്‍ഷങ്ങളില്‍ ആര്‍ട്ടെമിസ് ബഹിരാകാശ യാത്രികര്‍ ധരിക്കുന്ന ഡിസൈനര്‍ ലേബല്‍ ഹൂസ്റ്റണ്‍ ആസ്ഥാനമായുള്ള ആക്സിയം മാത്രമായിരിക്കില്ലെന്നും ഭാവിയില്‍ ചന്ദ്രനിലും രാജ്യാന്തര ബഹിരാകാശ നിലയത്തിന് പുറത്തുള്ള ബഹിരാകാശ നടത്തത്തിലും ധരിക്കേണ്ട സ്പെയ്സ് സ്യൂട്ടുകളുടെ നിര്‍മ്മാണത്തിനായി നോര്‍ത്ത് കരോലിനയിലെ ഷാര്‍ലറ്റിലെ കോളിന്‍സ് എയ്റോസ്പേസുമായി നാസ കരാറില്‍ ഏര്‍പ്പെട്ടിട്ടുണ്ടെന്നും നാസ വ്യക്തമാക്കി.