ആര്‍ട്ടെമിസ് 1 വിക്ഷേപണം മൂന്നാം തവണയും മാറ്റി; ഇത്തവണ വില്ലനായത് ഇയാൻ ചുഴലി
നാസയുടെ ചാന്ദ്രപര്യവേഷണ ദൗത്യമായ ആർട്ടെമിസ് ഒന്നിന്റെ വിക്ഷേപണം വീണ്ടും മാറ്റിവെച്ചു. സെപ്തംബർ 27 ന് നടത്താൻ നിശ്ചയിച്ച് വിക്ഷേപണമാണ് കാലാവസ്ഥ പ്രതികൂലമായതിനാൽ മാറ്റിയത്. പദ്ധതിയുടേയും ജീവനക്കാരുടേയും സുരക്ഷ ഉറപ്പാക്കുകയാണ് മുഖ്യമെന്ന് നാസ അറിയിച്ചു.
സാങ്കേതിക തകരാർ മൂലമാണ് നേരത്തെ രണ്ട് തവണ വിക്ഷേപണം മാറ്റിവെച്ചത്. ഇന്ധന ചോർച്ച അടക്കം പരിഹരിച്ച് വീണ്ടും വിക്ഷേപണത്തിന് ഒരുങ്ങുകയായിരുന്നു നാസ. ഇതിനിടെയാണ് ന്യൂനമർദ്ദം രൂപപ്പെട്ടത്. ന്യൂനമർദ്ദം ഞായറാഴ്ചയോടെ ചുഴലിക്കാറ്റായി മാറും. ഈ സാഹചര്യത്തിൽ സുരക്ഷ മുൻനിർത്തിയാണ് നാസയുടെ പിൻമാറ്റം. കരീബിയന്‍ തീരത്ത് രൂപപ്പെട്ട ഇയാൻ ഫ്‌ളോറിഡ ലക്ഷ്യമാക്കിയാണ് നീങ്ങുന്നത്. ഫ്ലോറിഡയിലെ കെന്നഡി സ്പേസ് സെന്ററിലാണ് നാസയുടെ വിക്ഷേപണ കേന്ദ്രം.
മനുഷ്യരെ വഹിച്ചുകൊണ്ടുള്ള ചാന്ദ്ര പര്യവേഷണം ലക്ഷ്യമിടുന്നതാണ് നാസയുടെ ആർട്ടെമിസ് ദൗത്യം. വിക്ഷേപണ വാഹനമായ എസ്എൽഎസിന്റെ ആദ്യ പരീക്ഷണ പറക്കലും മനുഷ്യനെ വഹിക്കാൻ കഴിവുള്ള ഓറിയോണ്‍ പേടകത്തിന്റെ ആദ്യ പരീക്ഷണവുമാണ് ആർട്ടെമിസ് ഒന്നിന്റെ ഉദ്ദേശ്യം. ഓഗസ്റ്റ് 29 നും സെപ്റ്റംബർ മൂന്നിനും രണ്ട് തവണ വിക്ഷേപണത്തിന് ശ്രമിച്ചെങ്കിലും സാങ്കേതിക പ്രശ്നം മൂലം പിൻവാങ്ങുകയായിരുന്നു. ഒക്ടോബർ രണ്ടിന് മറ്റൊരു അനുകൂല വിക്ഷേപണ വിൻഡോ കൂടിയുണ്ടെങ്കിലും അന്ന് വിക്ഷേപണത്തിന് തയ്യാറാണോ എന്ന കാര്യത്തിൽ ഔദ്യോഗിക നിലപാട് നാസ പ്രഖ്യാപിക്കേണ്ടതുണ്ട്.