അതിശയകരം; ആർട്ടെമിസ് ഒന്ന് പകർത്തിയ ഭൂമിയുടെ വീഡിയോ

അതിശയകരം; ആർട്ടെമിസ് ഒന്ന് പകർത്തിയ ഭൂമിയുടെ വീഡിയോ

മാസങ്ങള്‍ നീണ്ട കാത്തിരിപ്പിനൊടുവില്‍ നവംബർ 16നാണ് ആര്‍ട്ടെമിസ് 1 ദൗത്യം വിജയകരമായി വിക്ഷേപിച്ചത്
Updated on
1 min read

ഭൂമിയുടെ അതിശയകരമായ ദൃശ്യങ്ങള്‍ പങ്കുവെച്ച് നാസയുടെ ബഹിരാകാശ ദൗത്യമായ ആർടെമിസ് 1. 1972 ലെ അവസാന അപ്പോളോ ദൗത്യത്തിന് ശേഷം ആദ്യമായാണ് മനുഷ്യനെ ചന്ദ്രനിലേക്ക് കൊണ്ടുപോകാൻ രൂപകൽപന ചെയ്ത ഒരു ബഹിരാകാശ പേടകം ഭൂമിയുടെ ദൃശ്യങ്ങള്‍ പകർത്തുന്നത്. മാസങ്ങള്‍ നീണ്ട കാത്തിരിപ്പിനൊടുവില്‍ നവംബർ 16നാണ് ആര്‍ട്ടെമിസ് 1 ദൗത്യം വിജയകരമായി വിക്ഷേപിച്ചത്. 13 ക്യൂബ്‌സാറ്റ് ഉപഗ്രഹങ്ങളും ഓറിയോണ്‍ ബഹിരാകാശ പേടകവും വഹിച്ചാണ് സ്പേസ് ലോഞ്ച് സിസ്റ്റം കുതിച്ചത്. മൂന്നാഴ്ച നീണ്ടുനില്‍ക്കുന്നതാണ് ആര്‍ട്ടെമിസ് ദൗത്യം.

 മനുഷ്യൻ ആദ്യമായി ചന്ദ്രനിൽ കാലുകുത്തി 50 വർഷങ്ങൾക്ക് ശേഷമാണ് അമേരിക്കൻ ബഹിരാകാശ ഏജൻസിയായ നാസയുടെ രണ്ടാമത്തെ ചാന്ദ്രദൗത്യം. സ്‌പേസ് ലോഞ്ച് സിസ്റ്റം റോക്കറ്റും ഓറിയോൺ പേടകവും പരീക്ഷിക്കുക എന്നതാണ് വിക്ഷേപണത്തിന്റെ ലക്ഷ്യം. ആര്‍ട്ടെമിസ് ദൗത്യത്തിനായി ഉപയോഗിക്കുന്ന ബഹിരാകാശ പേടകമാണ് ഓറിയോണ്‍ കാപ്‌സ്യൂള്‍. മനുഷ്യനെ വഹിക്കാന്‍ ശേഷിയുള്ള, പുനരുപയോഗം സാധ്യമായ ബഹിരാകാശ പേടകമാണ് ഓറിയോണ്‍. ഓറിയോണിനെ ഭൂമിക്ക് ചുറ്റുമുള്ള ഭ്രമണപഥത്തില്‍ നിന്ന് ചന്ദ്രന്റെ സ്വാധീനത്തിലുള്ള ഭ്രമണപഥത്തിലേക്ക് നിക്ഷേപിക്കുകയും വീണ്ടും ഭൂമിയുടെ അന്തരീക്ഷത്തിലേയ്ക്ക് തിരിച്ചിറക്കുകയും ചെയ്യുന്നതാണ് ആര്‍ട്ടെമിസിന്റെ പ്രധാന പരീക്ഷണ ഘട്ടം.

ചന്ദ്രനെ വലം വച്ച് തിരികെ ഭൂമിയില്‍ വിജയകരമായി എത്തിയാല്‍ മനുഷ്യന് വീണ്ടും ചന്ദ്രനിലേക്ക് പോകാനുള്ള സാധ്യതകളാണ് തെളിയുന്നത്

പസഫിക് മഹാസമുദ്രത്തില്‍ കാലിഫോര്‍ണിയാ തീരത്തോട് ചേര്‍ന്നായിരിക്കും ഓറിയോണിന്റെ ലാന്‍ഡിങ്. ഡിസംബര്‍ 11 നാണ് ഓറിയോണിന്റെ ലാന്‍ഡിങ് ഷെഡ്യൂള്‍ ചെയ്തിരിക്കുന്നത്. യാത്രികർക്ക് പകരം സെൻസറുകൾ ഘടിപ്പിച്ച ഡമ്മികളാണ് ദൗത്യത്തിന് ഉപയോ​ഗിച്ചിരിക്കുന്നത്. ആര്‍ട്ടെമിസ് 1 ചന്ദ്രനെ വലം വച്ച് തിരികെ ഭൂമിയില്‍ വിജയകരമായി എത്തിയാല്‍ മനുഷ്യന് വീണ്ടും ചന്ദ്രനിലേക്ക് പോകാനുള്ള സാധ്യതകളാണ് തെളിയുന്നത്. 2024ഓടെ അതിന് കഴിയുമെന്നാണ് പ്രതീക്ഷ.

മുന്‍പ് നാല് തവണ വിക്ഷേപണം മാറ്റിവെച്ചിരുന്നു. ആദ്യത്തെ രണ്ട് തവണ സാങ്കേതിക തകരാറാണ് തിരിച്ചടിയായത്. മൂന്നാം തവണ കരീബിയന്‍ തീരത്ത് രൂപപ്പെട്ട ഇയാൻ ചുഴലിക്കാറ്റ് ഫ്ളോറിഡ ലക്ഷ്യമാക്കി നീങ്ങിയതോടെ സുരക്ഷ മുന്‍നിർത്തി പിന്മാറേണ്ടി വന്നു. ഏറ്റവും ഒടുവില്‍ നവംബർ ഏഴിന് വിക്ഷേപണം നിശ്ചയിച്ചെങ്കിലും ഉഷ്ണമേഖലാ കൊടുങ്കാറ്റായ നിക്കോള്‍, ഫ്‍ളോറിഡന്‍ തീരത്ത് ആഞ്ഞടിക്കുമെന്ന ഭീതിയെ തുടർന്ന് മാറ്റിവെക്കുകയായിരുന്നു. ഒടുവില്‍ ഏറെ നാളത്തെ കാത്തിരിപ്പിന് വിരാമമിട്ടാണ് വിക്ഷേപണം നടത്തിയത്.

logo
The Fourth
www.thefourthnews.in