മഞ്ഞണിഞ്ഞ് നീലനിറത്തില്‍ വലയങ്ങളാല്‍ ചുറ്റപ്പെട്ട് യുറാനസ്; ഏറ്റവും പുതിയ ചിത്രങ്ങള്‍ പങ്കുവച്ച് നാസ
യുറാനസിന്റെ രൂപം ഇതാദ്യമായി പുറത്തു വിട്ട് ജെയിംസ് വെബ് സ്‌പേസ് ടെലിസ്‌കോപ്പ്. വര്‍ഷങ്ങളായി യാതൊരു പര്യവേഷണവും നടക്കാത്ത യുറാനസ് ഗ്രഹത്തെ കുറിച്ചുള്ള നിഗൂഢതകളിലേക്ക് വെളിച്ചം വീശുന്നതാണ് പുതിയ ചിത്രങ്ങളെന്നാണ് ശാസ്ത്രലോകത്തിന്റെ വിലയിരുത്തല്‍
വലയങ്ങളാല്‍ ചുറ്റപ്പെട്ട യുറാനസിന്റെ വ്യക്തതയുള്ള ചിത്രങ്ങളാണ് ജയിംസ് വെബ് പുറത്ത് വിട്ടിരിക്കുന്നത്. നീല നിറത്തില്‍ കാണപ്പെടുന്ന ഗ്രഹത്തിന്റെ ഉപരിതലത്തില്‍ മുഴുവന്‍ വലിയ മഞ്ഞുകട്ടകളുടെ സാന്നിധ്യമുണ്ട്. യുറാനസിനെ വലം വെയ്ക്കുന്ന 27 ഉപഗ്രഹങ്ങളെയും ദൃശ്യത്തില്‍ കാണാം.
വര്‍ഷങ്ങളായി യുറാനസ് പര്യവേഷണത്തില്‍ തെളിയാത്ത ചിത്രങ്ങള്‍ ശാസ്ത്രലോകത്തെ അമ്പരിപ്പിച്ചിട്ടുണ്ട്
യുറാനസിന്റെ ഉപരിതലത്തില്‍ ഉള്ള 13 വലയങ്ങളില്‍ 11 വലയങ്ങളേയും ഒപ്പിയെടുക്കാന്‍ ജെയിംസ് വെബ് ടെലിസ്‌കോപ്പിന് സാധിച്ചതോടെ 10 ബില്യണ്‍ ഡോളര്‍ മുതല്‍ മുടക്കിയ ദൂരദര്‍ശിനിയെ കുറിച്ചുള്ള പ്രതീക്ഷകള്‍ വര്‍ധിക്കുകയാണ്.
ശനിക്കും വ്യാഴത്തിനും പുറമേ സൗരയൂഥത്തിലെ വലയങ്ങളുള്ള ഗ്രഹമാണ് യുറാനസ്. തണുത്ത മഞ്ഞു കട്ടകളാല്‍ നിര്‍മിതമായവയാണ് ഇവയുടെ ഉപരിതലത്തിലെ വളയങ്ങള്‍. അടുക്കുന്തോറും ചെറിയ പാറക്കഷ്ണങ്ങളും മഞ്ഞുകട്ടകളും ചേർന്നാണ് മറ്റ് വലയങ്ങള്‍ നിര്‍മിച്ചിരിക്കുന്നത്.
സൗരയൂഥത്തിലെ ഏറ്റവും കൂടുതല്‍ വലയങ്ങളുള്ള ഗ്രഹമായ ശനിയെ അപേക്ഷിച്ച് യുറാനസിലെ വളയങ്ങള്‍ നേര്‍ത്തതും ഇരുണ്ടതുമാണ്. യുറാനസിനെ ഗ്രഹണം ചെയ്യുന്ന 27 ഉപഗ്രഹങ്ങളുടെ ചിത്രവും ജെയിംസ് വെബ് പിടിച്ചെടുത്തിട്ടുണ്ട്. അവയില്‍ പലതിനും വ്യക്തത കുറവുണ്ടെങ്കിലും ആറ് ഉപഗ്രഹങ്ങളെ കൃത്യമായി ഒപ്പിയെടുക്കാന്‍ 12 മിനിറ്റ് എക്സ്പോഷര്‍ മാത്രമുള്ള ജയിംസ് വെബിനു സാധിച്ചു എന്നതും ശ്രദ്ധേയമാണ്. വര്‍ഷങ്ങളായി യുറാനസ് പര്യവേഷണത്തില്‍ തെളിയാത്ത ഈ ദൃശ്യങ്ങള്‍ പകര്‍ത്തിയ വെബ് ടെലസ്‌കോപ്പ് ശാസ്ത്രലോകത്തെയാകെ അമ്പരപ്പിച്ചിരിക്കുകയാണ്.
യുറാനസിന്റെ ചിത്രത്തില്‍ കാണപ്പെടുന്ന നീല നിറം നല്‍കുന്നത് ഉപരിതലത്തിലെ മഞ്ഞു പാളികളാണെന്നാണ് ശാസ്ത്ര ലോകത്തിന്റെ കണ്ടെത്തല്‍. ഗ്രഹത്തിന് നീലനിറം നല്‍കുന്ന ഈ പാളിക്ക് എയ്‌റോസോണ്‍ 2 എന്നാണ് ഓക്‌സ്‌ഫോര്‍ഡ് സര്‍വകലാശാലയിലെ ഗവേഷകര്‍ നല്‍കിയ നാമം. സൗരയൂഥത്തിലെ ഏഴാമത്തെ ഗ്രഹമായ യുറാനസ് സൂര്യനില്‍ നിന്നും അകലെയായി നില്‍ക്കുന്നതും ഈ നിറത്തിന് കാരണമായി എന്നാണ് വിശദീകരണം.
ഇന്‍ഫ്രാറെഡ് ക്യാമറയിലൂടെയാണ് സൗരയൂഥത്തിന്റെ ചിത്രം ദൂരദര്‍ശിനി പകർത്തുന്നത്. അകലെ നിന്നുമെടുത്ത യുറാനസിന്റെ ചിത്രങ്ങളില്‍ നിരവധി നക്ഷത്ര സമൂഹങ്ങളേയും കാണാന്‍ സാധിക്കുന്നുണ്ട്. ഗുരുത്വാകര്‍ഷണ ബലം കൂടുതലുള്ള പ്രദേശങ്ങളുമാണിവിടം. ഒരേ തരംഗ ദൈര്‍ഘ്യത്തിലായി ഇതിനു ചുറ്റും നീല പച്ച നിറത്തില്‍ നക്ഷത്രങ്ങളേയും കാണാന്‍ സാധിക്കും.
വേനല്‍ കാലത്ത് അപ്രത്യക്ഷമാകുകയും അതേ സമയം ശൈത്യകാലത്ത് പ്രത്യക്ഷപ്പെടുകയും ചെയ്യുന്ന യുറാനസിന്റെ ധ്രുവതൊപ്പിയും ദൃശ്യത്തില്‍ വ്യക്തമാകുന്നുണ്ട്. ധ്രുവ തൊപ്പിയുടെ ഒരു വശത്ത് ഒരു ചെറിയ തിളക്കവും നമ്മുക്ക് കാണാന്‍ സാധിക്കും. ജയിംസ് വെബ് പുറത്തു വിട്ട ഈ ചിത്രത്തിലൂടെ യുറാനസിനെ കുറിച്ചുള്ള പഠനം കൂടുതല്‍ എളുപ്പമാകുമെന്നാണ് ശാസ്ത്രലോകത്തിന്റെ അനുമാനം
2030 ല്‍ യുറാനസിലേക്കും നെപ്ട്യൂണിലേക്കും ഒരു പേടകം വിക്ഷേപിക്കുന്നതിനെക്കുറിച്ചുള്ള ചര്‍ച്ചകളും നടന്നു വരികയാണ്. 1980 കളില്‍ വോയേജര്‍ എന്ന ബഹിരാകാശ പേടകം മാത്രമാണ് യുറാനസിനെ കുറിച്ച് ഇതുവരെ ആധികാരികമായി പഠിച്ചത്.
കഴിഞ്ഞ വര്‍ഷമാണ് പ്രപഞ്ചത്തിന്റെ ഇതുവരെ കണ്ടിട്ടില്ലാത്ത ഏറ്റവും ആഴമേറിയ തീവ്രവുമായ ഇന്‍ഫ്രാറെഡ് ചിത്രങ്ങള്‍ ജയിംസ് വൈബ് പുറത്തു വിട്ടത്. പ്രപഞ്ചോത്പത്തിയെ കുറിച്ചുള്ള ഗവേഷണങ്ങള്‍ക്ക് ഈ ചിത്രങ്ങള്‍ മുതല്‍ക്കൂട്ടാകുമെന്നായിരുന്നു നാസയുടെ വിലയിരുത്തല്‍.