ഛിന്നഗ്രഹങ്ങളുടെ ആദ്യ ചിത്രങ്ങള്‍ പകര്‍ത്തി ലൂസി; 2028ഓടെ അടുത്തെത്തുമെന്ന് ശാസ്ത്രജ്ഞര്‍

ഛിന്നഗ്രഹങ്ങളുടെ ആദ്യ ചിത്രങ്ങള്‍ പകര്‍ത്തി ലൂസി; 2028ഓടെ അടുത്തെത്തുമെന്ന് ശാസ്ത്രജ്ഞര്‍

വിക്ഷേപിച്ച് ഒന്നര വര്‍ഷത്തിന് ശേഷമാണ് ലൂസി ചിത്രം പകര്‍ത്തുന്നത്
Updated on
1 min read

ഭൂമിയുള്‍പ്പെടെയുള്ള സൗരയൂഥത്തിന്റെ പിറവിയുടെ രഹസ്യമറിയാന്‍ വിക്ഷേപിച്ച ലൂസി ബഹിരാകാശ പേടകം ആദ്യമായി ഛിന്നഗ്രഹങ്ങളുടെ ചിത്രം പകര്‍ത്തി. വിക്ഷേപിച്ച് ഒന്നര വര്‍ഷത്തിന് ശേഷമാണ് ലൂസി ചിത്രം പകര്‍ത്തുന്നത്. മാര്‍ച്ച് 25നും 27നും ഇടയിലാണ് ഛിന്നഗ്രഹങ്ങളുടെ ആദ്യ ചിത്രം ലൂസി ക്യാമറയില്‍ പകര്‍ത്തിയത്. എല്‍'ലോറി (ലൂസി ലോങ് റേഞ്ച് റെക്കണൈസൻസ് ഇമേജർ) ഹൈ റെസൊല്യൂഷന്‍ ക്യാമറ ഉപയോഗിച്ചാണ് ചിത്രങ്ങൾ പകർത്തിയത്.

യാത്രയുടെ തുടക്കത്തില്‍ തന്നെ ഈ ചിത്രങ്ങള്‍ എടുക്കാന്‍ സാധിച്ചു എന്നത് വലിയ നേട്ടമാണ്

2021 ഒക്ടോബര്‍ 26ന് ഫ്‌ളോറിഡയിലെ കേപ് കനാവെല്‍ സ്‌പേസ് ഫോഴ്‌സ് സ്‌റ്റേഷനില്‍നിന്നാണ് ലൂസി വിക്ഷേപിച്ചത്. തുടർന്ന് ഏകദേശം ഒന്നര വര്‍ഷത്തിനുള്ളില്‍ 6,20,000 കിലോമീറ്റര്‍ സഞ്ചരിച്ചാണ് ഈ അതിശയകരമായ ചിത്രങ്ങള്‍ പകര്‍ത്തിയിരിക്കുന്നത്. യാത്രയുടെ തുടക്കത്തില്‍ തന്നെ ഈ ചിത്രങ്ങള്‍ എടുക്കാന്‍ സാധിച്ചുവെന്നത് വലിയ നേട്ടമാണ്. ഭൂമിയില്‍നിന്ന് 66 കോടി കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന വ്യാഴം ഗ്രഹത്തെ പ്രദക്ഷിണം ചെയ്യുന്ന എട്ട് ട്രോജന്‍ ഛിന്നഗ്രഹങ്ങളെ 12 വര്‍ഷമെടുത്താണ് ലൂസി പരിശോധിക്കുക.

2028 ഓടെ ലൂസി ഈ ഛിന്നഗ്രഹങ്ങളുടെ അടുത്തെത്തുമെന്നാണ് ശാസ്ത്രജ്ഞര്‍ കരുതുന്നത്.

വ്യാഴം സഞ്ചരിക്കുന്ന അതേ പാതയിലൂടെ സൂര്യനെ ചുറ്റുന്ന ട്രോജന്‍ ഛിന്നഗ്രഹങ്ങളെക്കുറിച്ച് പഠിക്കാന്‍ അയക്കുന്ന ആദ്യത്തെ ബഹിരാകാശ പേടകമാണ് ലൂസി. ലൂസി എടുത്ത ചിത്രത്തില്‍ ട്രോജന്‍ ഛിന്നഗ്രഹങ്ങള്‍ ചില കോണുകളില്‍ നിന്ന് പ്രകാശം പ്രതിഫലിപ്പിക്കുന്നത് എങ്ങനെയെന്ന് അറിയാന്‍ ശാസ്ത്രജ്ഞരെ സഹായിക്കും.

6.5 മണിക്കൂര്‍ ഉപയോഗിച്ചാണ് ഛിന്നഗ്രഹങ്ങളിലൊന്നായ യൂറിബേറ്റ്‌സിന്റെ ചിത്രം ലൂസി പകര്‍ത്തിയത്. സമാനമായി പോളിമെലിന്റേത് എടുക്കാന്‍ 2.5 മണിക്കൂര്‍ സമയവും ല്യൂക്കസിനെ പകര്‍ത്താന്‍ 2 മണിക്കൂര്‍ സമയവും എടുത്തു. എന്നാല്‍ നീണ്ട പത്ത് മണിക്കൂറെടുത്താണ് ഓറസിന്റെ ചിത്രം ലൂസി പകര്‍ത്തിയത്. 2028 ഓടെ ലൂസി ഈ ഛിന്നഗ്രഹങ്ങളുടെ അടുത്തെത്തുമെന്നാണ് ശാസ്ത്രജ്ഞര്‍ കരുതുന്നത്.

logo
The Fourth
www.thefourthnews.in