ഡോണറ്റിന്റെ ആകൃതിയിലുള്ള പാറക്കൂട്ടങ്ങള്‍; ചൊവ്വയിലെ അപൂർവ ദൃശ്യം പകർത്തി നാസയുടെ പെർസീവെറൻസ് റോവർ
നാസയുടെ ചൊവ്വാ പര്യവേഷണദൗത്യമായ പെർസീവെറൻസ് റോവർ ചൊവ്വയിൽ നിന്നെടുത്ത കൗതുകകരമായ ചിത്രമാണ് ശാസ്ത്രലോകത്ത് ഇപ്പോള്‍ ചർച്ചയാവുന്നത്. ഡോണറ്റിന്റെ ആകൃതിയുള്ള വിചിത്രമായ പാറക്കൂട്ടത്തിന്റെ ചിത്രമാണ് റോവർ പകർത്തിയിരിക്കുന്നത്. നാസയുടെ ശാസ്ത്രജ്ഞരുടെ നിയന്ത്രണത്തിൽ സഞ്ചരിക്കുന്ന പെർസീവെറൻസ് റോവർ മാസ്റ്റിന്റെ മുകളിലുള്ള സൂപ്പർക്യാം റിപ്പോട്ട് മൈക്രോ ഇമേജർ എന്ന 'കണ്ണ്' വഴിയാണ് ഡോണറ്റിന്റെ ആകൃതിയിലുള്ള പാറക്കൂട്ടം കണ്ടെത്തിയത്.
നാസയുടെ പെർസെവെറൻസ് റോവർ കഴിഞ്ഞ ഒന്നര വർഷമായി ജെസീറോ ക്രേറ്റർ എന്ന പുരാതന തടാകത്തിന് ചുറ്റുമുള്ള ഗവേഷണത്തിലാണ്. ഏകദേശം 45 കിലോമീറ്റർ വിസ്‌തൃതിയുള്ള ഈ തടാകത്തിനു ചുറ്റുമുള്ള പാറകൾ കണ്ടെത്തുകയും ഗവേഷണം നടത്തുകയുമാണ് റോവറിന്റെ ലക്‌ഷ്യം. 350 കോടി വർഷങ്ങൾക്ക് മുൻപ് സൂക്ഷ്മ ജീവികളുടെ സാന്നിധ്യമുണ്ടെന്ന് കരുതപ്പെടുന്ന പുരാതന തടാകമാണ് ജെസീറോ ക്രേറ്റർ.
ജൂൺ 23 ന് നാസയുടെ പെർസീവെറൻസ് സൂപ്പർ ക്യാം മൈക്രോ ഇമേജർ ഉപയോഗിച്ച് എടുത്ത ഡോണറ്റിന്റെ ആകൃതിയിലുള്ള പാറയുടെ ചിത്രം വലിയൊരു ഉൾക്കയാകുമെന്നാണ് എസ്ഇടിഐ ഇൻസ്റ്റിറ്റ്യൂട്ട് ട്വിറ്ററിൽ കുറിച്ചത്. പ്രപഞ്ചത്തിലെ ജീവന്റെ ഉത്ഭവവും സ്വഭാവവും മനസ്സിലാക്കുക, വിശദീകരിക്കുക, ഈ അറിവ് ഭാവിയിൽ തലമുറകളെ പ്രചോദിപ്പിക്കാനും നയിക്കാനും ഉപയോഗിക്കുക എന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന ഒരു ഗവേഷണ സ്ഥാപനമാണ് എസ്ഇടിഐ (SETI ).
എസ്ഇടിഐയുടെ കണ്ടെത്തലോടെ 'അന്യഗ്രഹ ജീവികളുടെ ഗൂഢാലോചന' സിദ്ധാന്തങ്ങൾ തത്കാലം മാറ്റി വയ്ക്കപ്പെടും. എന്നാൽ ഈ കണ്ടെത്തലിലൂടെ ഗ്രഹത്തെപ്പറ്റി കൂടുതൽ ഒന്നും മനസിലാക്കാൻ സാധിക്കില്ലെങ്കിലും അറിവിനായുള്ള മനുഷ്യ രാശിയുടെ അടങ്ങാത്ത അഭിനിവേശത്തിന്റെയും അശ്രാന്ത പരിശ്രമത്തിന്റെയും ജിജ്ഞാസയുടെയും തെളിവായിട്ടാണ് പെർസീവറൻസ് എടുത്ത ഈ ചിത്രത്തെ ശാസ്ത്ര ലോകം കണക്കാക്കുന്നത്.
ഏകദേശം 3 മീറ്റർ നീളവും 2.7 മീറ്റർ വീതിയും 2.2 മീറ്റർ ഉയരവുമുള്ള നാസയുടെ ചൊവ്വാ പര്യവേഷണ ദൗത്യമാണ് പെർസീവറൻസ്. ഇതിന് മുൻപും പെർസീവെറൻസ് ഇത്തരത്തിലുള്ള ആകർഷകമായ വസ്തുക്കളുടെ ചിത്രങ്ങൾ പകർത്തിയിട്ടുണ്ട്. 2021 ഫെബ്രുവരിയിൽ ചൊവ്വയിൽ ഇറങ്ങിയ പെർസീവറൻസ്, ചുവന്ന ഗ്രഹത്തിന്റെ ഭൂമിശാസ്ത്രം, കാലാവസ്ഥ, മനുഷ്യവാസത്തിന്റെ സാധ്യതകൾ എന്നിവയെക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്തി വരികയാണ്.